Malayalam Bible — Malayalam (മലയാളം)
1 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
2 ഈ സ്ഥലത്തു നീ ഭാര്യയെ പരിഗ്രഹിക്കരുത്; നിനക്കു പുത്രന്മാരും പുത്രിമാരും ഉണ്ടാകയും അരുത്.
3 ഈ സ്ഥലത്തു ജനിക്കുന്ന പുത്രന്മാരെയും പുത്രിമാരെയും കുറിച്ചും ഈ ദേശത്ത് അവരെ പ്രസവിക്കുന്ന അമ്മമാരെക്കുറിച്ചും അവരെ ജനിപ്പിക്കുന്ന അപ്പന്മാരെക്കുറിച്ചും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
4 അവര്‍ കൊടിയ വ്യാധികളാൽ മരിക്കും; ആരും അവരെക്കുറിച്ചു വിലാപം കഴിക്കയോ അവരെ കുഴിച്ചിടുകയോ ചെയ്യാതെ അവര്‍ നിലത്തിനു വളമായി കിടക്കും; വാളാലും ക്ഷാമത്താലും അവര്‍ മുടിഞ്ഞുപോകും; അവരുടെ ശവങ്ങള് ആകാശത്തിലെ പക്ഷികള്‍ക്കും കാട്ടിലെ മൃഗങ്ങള്‍ക്കും ഇരയായിത്തീരും.
5 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ദുഃഖഭവനത്തിൽ ചെല്ലരുത്; വിലപിപ്പാന്‍ പോകരുത്; അവരോടു സഹതാപം കാണിക്കയും അരുത്; ഞാന്‍ എന്റെ സമാധാനവും ദയയും കരുണയും ഈ ജനത്തിൽനിന്നു നീക്കിക്കളഞ്ഞു എന്നു യഹോവയുടെ അരുളപ്പാട്.
6 വലിയവരും ചെറിയവരും ഈ ദേശത്തു മരിക്കും; ആരും അവരെ കുഴിച്ചിടുകയില്ല, അവരെക്കുറിച്ചു വിലാപം കഴിക്കയില്ല, അവരുടെ നിമിത്തം മുറിവേല്പിക്കയില്ല; മുന്‍കഷണ്ടിയുണ്ടാക്കുകയുമില്ല.
7 മരിച്ചവനെക്കുറിച്ച് അവരെ ആശ്വസിപ്പിക്കേണ്ടതിന് ആരും വിലാപത്തിങ്കൽ അവര്‍ക്ക് അപ്പം നുറുക്കിക്കൊടുക്കയില്ല; അപ്പനെച്ചൊല്ലിയോ അമ്മയെച്ചൊല്ലിയോ ആരും അവര്‍ക്ക് ആശ്വാസത്തിന്റെ പാനപാത്രം കുടിപ്പാന്‍ കൊടുക്കയുമില്ല.
8 അവരോടുകൂടെ ഇരുന്നു ഭക്ഷിപ്പാനും പാനം ചെയ്വാനും നീ വിരുന്നു വീട്ടിലേക്കു പോകരുത്.
9 യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ കാണ്‍കെ ഞാന്‍ നിങ്ങളുടെ നാളുകളിൽ ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും ഈ സ്ഥലത്തുനിന്നു നീക്കിക്കളയും.
10 നീ ഈ വചനങ്ങളെയൊക്കെയും ഈ ജനത്തോട് അറിയിക്കുമ്പോഴും യഹോവ ഞങ്ങള്‍ക്കു വിരോധമായി ഈ വലിയ അനര്‍ഥമൊക്കെയും കല്പിച്ചതെന്ത്? ഞങ്ങളുടെ അകൃത്യം എന്ത്? ഞങ്ങളുടെ ദൈവമായ യഹോവയോട് ഞങ്ങള്‍ ചെയ്ത പാപം എന്ത് എന്ന് അവര്‍ നിന്നോടു ചോദിക്കുമ്പോഴും നീ അവരോടു പറയേണ്ടത് എന്തെന്നാൽ:
11 നിങ്ങളുടെ പിതാക്കന്മാര് എന്നെ ത്യജിച്ച് അന്യദേവന്മാരോടു ചേര്‍ന്ന് അവരെ സേവിച്ചു നമസ്കരിക്കയും എന്നെ ഉപേക്ഷിച്ച് എന്റെ ന്യായപ്രമാണം അനുസരിച്ചു നടക്കാതിരിക്കയും ചെയ്കകൊണ്ടുതന്നെ എന്നു യഹോവയുടെ അരുളപ്പാട്.
12 നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരെക്കാള് അധികം ദോഷം ചെയ്തിരിക്കുന്നു; നിങ്ങള്‍ ഓരോരുത്തനും എന്റെ വാക്കു കേള്‍ക്കാതെ താന്താന്റെ ദുഷ്ടഹൃദയത്തിലെ ശാഠ്യം അനുസരിച്ചു നടക്കുന്നു.
13 അതുകൊണ്ടു ഞാന്‍ നിങ്ങളെ ഈ ദേശത്തുനിന്നു നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും അറിയാത്ത ഒരു ദേശത്തേക്കു നീക്കിക്കളയും; അവിടെ നിങ്ങള്‍ രാവും പകലും അന്യദേവന്മാരെ സേവിക്കും; അവിടെ ഞാന്‍ നിങ്ങള്‍ക്കു കൃപ കാണിക്കയുമില്ല.
14 ആകയാൽ, യിസ്രായേൽമക്കളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയാണ എന്ന് ഇനി പറയാതെ,
15 യിസ്രായേൽ മക്കളെ വടക്കേദേശത്തുനിന്നും താന്‍ അവരെ നീക്കിക്കളഞ്ഞിരുന്ന സകല ദേശങ്ങളിൽനിന്നും കൊണ്ടുവന്ന യഹോവയാണ എന്നു പറയുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാട്; ഞാന്‍ അവരുടെ പിതാക്കന്മാര്ക്കു കൊടുത്ത ദേശത്തിലേക്കു ഞാന്‍ അവരെ വീണ്ടും കൊണ്ടുവരും.
16 ഇതാ, ഞാന്‍ അനേകം മീന്‍പിടിക്കാരെ വരുത്തും; അവര്‍ അവരെ പിടിക്കും; അതിന്റെ ശേഷം ഞാന്‍ അനേകം നായാട്ടുകാരെ വരുത്തും; അവര്‍ അവരെ എല്ലാ മലയിലും നിന്നും എല്ലാ കുന്നിലും നിന്നും പാറപ്പിളര്‍പ്പുകളിൽ നിന്നും നായാടിപ്പിടിക്കും എന്നു യഹോവയുടെ അരുളപ്പാട്.
17 എന്റെ ദൃഷ്ടി അവരുടെ എല്ലാ വഴികളുടെയുംമേൽ വച്ചിരിക്കുന്നു; അവ എനിക്കു മറഞ്ഞുകിടക്കുന്നില്ല; അവരുടെ അകൃത്യം എന്റെ കണ്ണിനു ഗുപ്തമായിരിക്കുന്നതുമില്ല.
18 അവര്‍ എന്റെ ദേശത്തെ തങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങളാൽ മലിനമാക്കി എന്റെ അവകാശത്തെ തങ്ങളുടെ അറപ്പുകളെക്കൊണ്ടു നിറച്ചിരിക്കയാൽ, ഞാന്‍ ഒന്നാമത് അവരുടെ അകൃത്യത്തിനും അവരുടെ പാപത്തിനും ഇരട്ടിച്ചു പകരം ചെയ്യും.
19 എന്റെ ബലവും എന്റെ കോട്ടയും കഷ്ടകാലത്ത് എന്റെ ശരണവുമായ യഹോവേ, ജാതികള്‍ ഭൂമിയുടെ അറ്റങ്ങളിൽനിന്നു നിന്റെ അടുക്കൽ വന്നു: ഞങ്ങളുടെ പിതാക്കന്മാര്ക്ക് അവകാശമായിരുന്നതു മിഥ്യാമൂര്‍ത്തികളായ വെറും ഭോഷ്ക് അത്രേ; അവയിൽ പ്രയോജനമുള്ളത് ഒന്നുമില്ല എന്നു പറയും.
20 തനിക്കു ദേവന്മാരെ ഉണ്ടാക്കുവാന്‍ മനുഷ്യന് കഴിയുമോ? എന്നാൽ അവ ദേവന്മാരല്ല.
21 ആകയാൽ ഞാന്‍ ഈ പ്രാവശ്യം അവരെ ഒന്നു പഠിപ്പിക്കും; എന്റെ കൈയും എന്റെ ബലവും ഞാന്‍ അവരെ ഒന്ന് അനുഭവിപ്പിക്കും; എന്റെ നാമം യഹോവ എന്ന് അവര്‍ അറിയും.