യെശയ്യാ 57 (Isaiah 57)

Malayalam Bible — Malayalam (മലയാളം)

1 നീതിമാന്‍ നശിക്കുന്നു; ആരും അതു ഗണ്യമാക്കുന്നില്ല; ഭക്തന്മാരും കഴിഞ്ഞുപോകുന്നു; നീതിമാന്‍ അനര്‍ഥത്തിനുമുമ്പേ കഴിഞ്ഞുപോകുന്നു എന്ന് ആരും ഗ്രഹിക്കുന്നില്ല.

2 അവന്‍ സമാധാനത്തിലേക്കു പ്രവേശിക്കുന്നു; നേരായി നടക്കുന്നവരൊക്കെയും താന്താന്‍റെ കിടക്കയിൽ വിശ്രാമം പ്രാപിക്കുന്നു.

3 ക്ഷുദ്രക്കാരത്തിയുടെ മക്കളേ, വ്യഭിചാരിയുടെയും വേശ്യയുടെയും സന്തതിയേ;

4 ഇങ്ങോട്ട് അടുത്തുവരുവിന്‍. നിങ്ങള്‍ ആരെയാകുന്നു കളിയാക്കുന്നത്? ആരുടെ നേരേയാകുന്നു നിങ്ങള്‍ വായ് പിളര്‍ന്നു നാക്കു നീട്ടുന്നത്? നിങ്ങള്‍ അതിക്രമക്കാരും വ്യാജസന്തതിയും അല്ലയോ?

5 നിങ്ങള്‍ കരുവേലകങ്ങള്‍ക്കരികത്തും ഓരോ പച്ചമരത്തിന്‍കീഴിലും ജ്വലിച്ചു, പാറപ്പിളര്‍പ്പുകള്‍ക്കു താഴെ തോട്ടുവക്കത്തു വച്ചു കുഞ്ഞുങ്ങളെ അറുക്കുന്നുവല്ലോ.

6 തോട്ടിലെ മിനുസമുള്ള കല്ല് നിന്‍റെ പങ്ക്; അതു തന്നെ നിന്‍റെ ഓഹരി; അതിനല്ലോ നീ പാനീയബലി പകര്‍ന്നു ഭോജനബലി അര്‍പ്പിച്ചിരിക്കുന്നത്? ഈ വക കണ്ടിട്ടു ഞാന്‍ ക്ഷമിച്ചിരിക്കുമോ?

7 പൊക്കവും ഉയരവും ഉള്ള മലയിൽ നീ നിന്‍റെ കിടക്ക വിരിച്ചിരിക്കുന്നു; അവിടേക്കു തന്നെ നീ ബലികഴിപ്പാന്‍ കയറിച്ചെന്നു.

8 കതകിനും കട്ടിളയ്ക്കും പുറകിൽ നീ നിന്‍റെ അടയാളം വച്ചു, നീ എന്നെ വിട്ടു ചെന്നു മറ്റുള്ളവര്‍ക്കു നിന്നെത്തന്നെ അനാവൃതയാക്കി കയറി നിന്‍റെ കിടക്ക വിസ്താരമാക്കി അവരുമായി ഉടമ്പടിചെയ്ത് അവരുടെ ശയനം കൊതിച്ച് ആംഗ്യം നോക്കിക്കൊണ്ടിരുന്നു.

9 നീ തൈലവുംകൊണ്ടു മോലേക്കിന്‍റെ അടുക്കൽ ചെന്നു, നിന്‍റെ പരിമളവര്‍ഗം ധാരാളം ചെലവു ചെയ്തു, നിന്‍റെ ദൂതന്മാരെ ദൂരത്തയച്ചു പാതാളത്തോളം ഇറങ്ങിച്ചെന്നു.

10 വഴിയുടെ ദൂരംകൊണ്ടു നീ തളര്‍ന്നുപോയിട്ടും അതു നിഷ്ഫലമെന്നു നീ പറഞ്ഞില്ല; നിന്‍റെ കൈവശം ജീവശക്തി കണ്ടതുകൊണ്ടു നിനക്കു ക്ഷീണം തോന്നിയില്ല.

11 കപടം കാണിപ്പാനും എന്നെ ഓര്‍ക്കയോ കൂട്ടാക്കുകയോ ചെയ്യാതിരിപ്പാനും നീ ആരെയാകുന്നു ശങ്കിച്ചു ഭയപ്പെട്ടത്? ഞാന്‍ ബഹുകാലം മിണ്ടാതെ ഇരുന്നിട്ടല്ലയോ നീ എന്നെ ഭയപ്പെടാതിരിക്കുന്നത്?

12 നിന്‍റെ നീതി ഞാന്‍ വെളിച്ചത്താക്കും; നിന്‍റെ പ്രവൃത്തികളോ നിനക്കു പ്രയോജനമാകയില്ല.

13 നീ നിലവിളിക്കുമ്പോള്‍ നിന്‍റെ വിഗ്രഹസമൂഹം നിന്നെ രക്ഷിക്കട്ടെ; എന്നാൽ അവയെയൊക്കെയും കാറ്റു പാറ്റിക്കൊണ്ടുപോകും; ഒരു ശ്വാസം അവയെ നീക്കിക്കളയും; എങ്കിലും എന്നെ ആശ്രയിക്കുന്നവന്‍ ദേശത്തെ അവകാശമാക്കി എന്‍റെ വിശുദ്ധപര്‍വതത്തെ കൈവശമാക്കും.

14 നികത്തുവിന്‍, നികത്തുവിന്‍, വഴി ഒരുക്കുവിന്‍; എന്‍റെ ജനത്തിന്‍റെ വഴിയിൽനിന്ന് ഇടര്‍ച്ച നീക്കിക്കളവിന്‍ എന്ന് അവന്‍ അരുളിച്ചെയ്യുന്നു.

15 ഉന്നതനും ഉയര്‍ന്നിരിക്കുന്നവനും ശാശ്വതവാസിയും പരിശുദ്ധന്‍ എന്നു നാമമുള്ളവനുമായവന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ഉന്നതനും പരിശുദ്ധനുമായി വസിക്കുന്നു; താഴ്മയുള്ളവരുടെ മനസ്സിനും മനസ്താപമുള്ളവരുടെ ഹൃദയത്തിനും ചൈതന്യം വരുത്തുവാന്‍ മനസ്താപവും മനോവിനയവുമുള്ളവരോടുകൂടെയും വസിക്കുന്നു.

16 ഞാന്‍ എന്നേക്കും വാദിക്കയില്ല; എല്ലായ്പോഴും കോപിക്കയുമില്ല; അല്ലെങ്കിൽ അവരുടെ ആത്മാവും ഞാന്‍ സൃഷ്‍ടിച്ചിട്ടുള്ള ദേഹികളും എന്‍റെ മുമ്പിൽനിന്നു ക്ഷയിച്ചുപോകുമല്ലോ.

17 അവരുടെ അത്യാഗ്രഹത്തിന്‍റെ അകൃത്യം നിമിത്തം ഞാന്‍ കോപിച്ച് അവരെ അടിച്ചു; ഞാന്‍ കോപിച്ചു മുഖം മറച്ചു; എന്നാറെ അവര്‍ തിരിഞ്ഞ് തങ്ങള്‍ക്കു തോന്നിയ വഴിയിൽ നടന്നു.

18 ഞാന്‍ അവരുടെ വഴികളെ കണ്ടിരിക്കുന്നു; ഞാന്‍ അവരെ സൗഖ്യമാക്കും; ഞാന്‍ അവരെ നടത്തി അവര്‍ക്ക്, അവരുടെ ദുഃഖിതന്മാര്‍ക്കു തന്നെ, വീണ്ടും ആശ്വാസം വരുത്തും;

19 ഞാന്‍ അധരങ്ങളുടെ ഫലം സൃഷ്‍ടിക്കും; ദൂരസ്ഥനും സമീപസ്ഥനും സമാധാനം, സമാധാനം എന്നും ഞാന്‍ അവരെ സൗഖ്യമാക്കും എന്നും യഹോവ അരുളിച്ചെയ്യുന്നു.

20 ദുഷ്ടന്മാരോ കലങ്ങി മറിയുന്ന കടൽപോലെയാകുന്നു; അതിന് അടങ്ങിയിരിപ്പാന്‍ കഴികയില്ല; അതിലെ വെള്ളം ചേറും ചെളിയും മേലോട്ടു തള്ളുന്നു.

21 ദുഷ്ടന്മാര്‍ക്കു സമാധാനമില്ല എന്ന് എന്‍റെ ദൈവം അരുളിച്ചെയ്യുന്നു.

  • Isaiah 56 — previous chapter
  • Isaiah 58 — next chapter
  • Isaiah 57 — English (KJV)
  • Isaiah 57 — English (WEB)
  • Isaiah 57 — Tamil (தமிழ்)
  • Isaiah 57 — Hindi (हिंदी)
  • Isaiah 57 — Kannada (ಕನ್ನಡ)