യെശയ്യാ 58 (Isaiah 58)

Malayalam Bible — Malayalam (മലയാളം)

1 ഉറക്കെ വിളിക്ക; അടങ്ങിയിരിക്കരുത്; കാഹളംപോലെ നിന്‍റെ ശബ്ദം ഉയര്‍ത്തി, എന്‍റെ ജനത്തിന് അവരുടെ ലംഘനത്തെയും യാക്കോബ്ഗൃഹത്തിന് അവരുടെ പാപങ്ങളെയും അറിയിക്ക.

2 എങ്കിലും അവര്‍ എന്നെ ദിനമ്പ്രതി അന്വേഷിച്ച് എന്‍റെ വഴികളെ അറിവാന്‍ ഇച്ഛിക്കുന്നു; നീതി പ്രവര്‍ത്തിക്കയും തങ്ങളുടെ ദൈവത്തിന്‍റെ ന്യായം ഉപേക്ഷിക്കാതെയിരിക്കയും ചെയ്തോരു ജാതിയെപ്പോലെ അവര്‍ നീതിയുള്ള വെപ്പുകളെ എന്നോടു ചോദിച്ചു ദൈവത്തോട് അടുപ്പാന്‍ വാഞ്ഛിക്കുന്നു.

3 ഞങ്ങള്‍ നോമ്പു നോല്ക്കുന്നതു നീ നോക്കാതെയിരിക്കുന്നതെന്ത്? ഞങ്ങള്‍ ആത്മതപനം ചെയ്യുന്നതു നീ അറിയാതിരിക്കുന്നതെന്ത്? ഇതാ, നിങ്ങള്‍ നോമ്പു നോല്ക്കുന്ന ദിവസത്തിൽ തന്നെ നിങ്ങളുടെ കാര്യാദികളെ നോക്കുകയും നിങ്ങളുടെ എല്ലാ വേലക്കാരെയുംകൊണ്ടു അധ്വാനിപ്പിക്കയും ചെയ്യുന്നു.

4 നിങ്ങള്‍ വിവാദത്തിനും കലഹത്തിനും ക്രൂരമുഷ്‍ടികൊണ്ട് അടിക്കേണ്ടതിനും നോമ്പു നോല്ക്കുന്നു; നിങ്ങളുടെ പ്രാര്‍ഥന ഉയരത്തിൽ കേള്‍പ്പാന്‍ തക്കവണ്ണമല്ല നിങ്ങള്‍ ഇന്നു നോമ്പു നോല്ക്കുന്നത്.

5 എനിക്ക് ഇഷ്ടമുള്ള നോമ്പും മനുഷ്യന്‍ ആത്മതപനം ചെയ്യുന്ന ദിവസവും ഇങ്ങനെയുള്ളതോ? തലയെ വേഴത്തെപ്പോലെ കുനിയിക്കുക, രട്ടും വെണ്ണീരും വിരിച്ചു കിടക്കുക, ഇതാകുന്നുവോ ഉപവാസം? ഇതിനോ നീ നോമ്പെന്നും യഹോവയ്ക്കു പ്രസാദമുള്ള ദിവസമെന്നും പേര്‍ പറയുന്നത്?

6 അന്യായബന്ധനങ്ങളെ അഴിക്കുക; നുകത്തിന്‍റെ അമിക്കയറുകളെ അഴിക്കുക; പീഡിതരെ സ്വതന്ത്രരായി വിട്ടയയ്ക്കുക; എല്ലാ നുകത്തെയും തകര്‍ക്കുക; ഇതല്ലയോ എനിക്ക് ഇഷ്ടമുള്ള ഉപവാസം?

7 വിശപ്പുള്ളവനു നിന്‍റെ അപ്പം നുറുക്കിക്കൊടുക്കുന്നതും അലഞ്ഞു നടക്കുന്ന സാധുക്കളെ നിന്‍റെ വീട്ടിൽ ചേര്‍ത്തുകൊള്ളുന്നതും നഗ്നനെ കണ്ടാൽ അവനെ ഉടുപ്പിക്കുന്നതും നിന്‍റെ മാംസരക്തങ്ങളായിരിക്കുന്നവര്‍ക്കു നിന്നെത്തന്നെ മറയ്ക്കാതെയിരിക്കുന്നതും അല്ലയോ?

8 അപ്പോള്‍ നിന്‍റെ വെളിച്ചം ഉഷസ്സുപോലെ പ്രകാശിക്കും; നിന്‍റെ മുറിവുകള്‍ക്കു വേഗത്തിൽ പൊറുതിവരും; നിന്‍റെ നീതി നിനക്കു മുമ്പായി നടക്കും; യഹോവയുടെ മഹത്ത്വം നിന്‍റെ പിമ്പട ആയിരിക്കും.

9 അപ്പോള്‍ നീ വിളിക്കും: യഹോവ ഉത്തരം അരുളും; നീ നിലവിളിക്കും, ഞാന്‍ വരുന്നു എന്ന് അവന്‍ അരുളിച്ചെയ്യും; നുകവും വിരൽ ചൂണ്ടുന്നതും വഷളത്തം സംസാരിക്കുന്നതും നീ നിന്‍റെ നടുവിൽനിന്നു നീക്കിക്കളകയും

10 വിശപ്പുള്ളവനോടു നീ താൽപര്യം കാണിക്കയും കഷ്ടത്തിൽ ഇരിക്കുന്നവനു തൃപ്തിവരുത്തുകയും ചെയ്യുമെങ്കിൽ നിന്‍റെ പ്രകാശം ഇരുളിൽ ഉദിക്കും; നിന്‍റെ അന്ധകാരം മധ്യാഹ്നം പോലെയാകും.

11 യഹോവ നിന്നെ എല്ലായ്പോഴും നടത്തുകയും വരണ്ടനിലത്തിലും നിന്‍റെ വിശപ്പ് അടക്കി, നിന്‍റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും; നീ നനവുള്ള തോട്ടംപോലെയും വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകും.

12 നിന്‍റെ സന്തതി പുരാതനശൂന്യങ്ങളെ പണിയും; തലമുറതലമുറയായി കിടക്കുന്ന അടിസ്ഥാനങ്ങളെ നീ കെട്ടിപ്പൊക്കും; കേടുതീര്‍ക്കുന്നവനെന്നും കുടിയിരിപ്പാന്‍തക്കവണ്ണം പാതകളെ യഥാസ്ഥാനത്താക്കുന്നവനെന്നും നിനക്കു പേര്‍ പറയും.

13 നീ എന്‍റെ വിശുദ്ധദിവസത്തിൽ നിന്‍റെ കാര്യാദികള്‍ നോക്കാതെ ശബ്ബത്തിൽ നിന്‍റെ കാൽ അടക്കിവച്ചു, ശബ്ബത്തിനെ ഒരു സന്തോഷം എന്നും യഹോവയുടെ വിശുദ്ധദിവസത്തെ ബഹുമാനയോഗ്യം എന്നും പറകയും നിന്‍റെ വേലയ്ക്കു പോകയോ നിന്‍റെ കാര്യാദികളെ നോക്കുകയോ വ്യര്‍ഥസംസാരത്തിൽ നേരം പോക്കുകയോ ചെയ്യാതവണ്ണം അതിനെ ബഹുമാനിക്കയും ചെയ്യുമെങ്കിൽ, നീ യഹോവയിൽ പ്രമോദിക്കും;

14 ഞാന്‍ നിന്നെ ദേശത്തിലെ ഉന്നതങ്ങളിൽ വാഹനമേറ്റി ഓടുമാറാക്കുകയും നിന്‍റെ പിതാവായ യാക്കോബിന്‍റെ അവകാശംകൊണ്ടു നിന്നെ പോഷിപ്പിക്കയും ചെയ്യും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നത്.

  • Isaiah 57 — previous chapter
  • Isaiah 59 — next chapter
  • Isaiah 58 — English (KJV)
  • Isaiah 58 — English (WEB)
  • Isaiah 58 — Tamil (தமிழ்)
  • Isaiah 58 — Hindi (हिंदी)
  • Isaiah 58 — Kannada (ಕನ್ನಡ)