Malayalam Bible — Malayalam (മലയാളം)
1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ രക്ഷ വരുവാനും എന്റെ നീതി വെളിപ്പെടുവാനും അടുത്തിരിക്കയാൽ ന്യായം പ്രമാണിച്ചു നീതി പ്രവര്‍ത്തിപ്പിന്‍.
2 ശബ്ബത്തിനെ അശുദ്ധമാക്കാതെ പ്രമാണിച്ചു ദോഷം ചെയ്യാതവണ്ണം തന്റെ കൈ സൂക്ഷിച്ചുംകൊണ്ട് ഇതു ചെയ്യുന്ന മര്‍ത്യനും ഇതു മുറുകെ പിടിക്കുന്ന മനുഷ്യനും ഭാഗ്യവാന്.
3 യഹോവയോടു ചേര്‍ന്നിട്ടുള്ള അന്യജാതിക്കാരന്; യഹോവ എന്നെ തന്റെ ജനത്തിൽനിന്ന് അശേഷം വേര്‍പെടുത്തും എന്നു പറയരുത്; ഷണ്ഡനും: ഞാന്‍ ഒരു ഉണങ്ങിയ വൃക്ഷം എന്നു പറയരുത്.
4 എന്റെ ശബ്ബത്ത് ആചരിക്കയും എനിക്ക് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്യുന്ന ഷണ്ഡന്മാരോടു യഹോവയായ ഞാന്‍ ഇപ്രകാരം പറയുന്നു:
5 ഞാന്‍ അവര്‍ക്ക് എന്റെ ആലയത്തിലും എന്റെ മതിലകങ്ങളിലും പുത്രീപുത്രന്മാരെക്കാള് വിശേഷമായോരു ജ്ഞാപകവും നാമവും കൊടുക്കും; ഛേദിക്കപ്പെടാത്ത ഒരു ശാശ്വതനാമം തന്നേ ഞാന്‍ അവര്‍ക്കു കൊടുക്കും.
6 യഹോവയെ സേവിച്ച്, അവന്റെ നാമത്തെ സ്നേഹിച്ച്, അവന്റെ ദാസന്മാരായിരിക്കേണ്ടതിനു യഹോവയോടു ചേര്‍ന്നു വരുന്ന അന്യജാതിക്കാരെ, ശബ്ബത്തിനെ അശുദ്ധമാക്കാതെ ആചരിക്കയും എന്റെ നിയമം പ്രമാണിച്ചു നടക്കയും ചെയ്യുന്നവരെയൊക്കെയും തന്നെ,
7 ഞാന്‍ എന്റെ വിശുദ്ധപര്‍വതത്തിലേക്കു കൊണ്ടുവന്ന്, എന്റെ പ്രാര്‍ഥനാലയത്തിൽ അവരെ സന്തോഷിപ്പിക്കും; അവരുടെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും എന്റെ യാഗപീഠത്തിന്മേൽ പ്രസാദകരമായിരിക്കും; എന്റെ ആലയം സകല ജാതികള്‍ക്കും ഉള്ള പ്രാര്‍ഥനാലയം എന്നു വിളിക്കപ്പെടും.
8 ഞാന്‍ അവരോട്, അവരുടെ ശേഖരിക്കപ്പെട്ടവരോടു തന്നെ, ഇനി മറ്റുള്ളവരെയും കൂട്ടിച്ചേര്‍ക്കും എന്നു യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ ശേഖരിക്കുന്ന ദൈവമായ യഹോവയുടെ അരുളപ്പാട്.
9 വയലിലെ സകല മൃഗങ്ങളും കാട്ടിലെ സകല മൃഗങ്ങളും ആയുള്ളോവേ, വന്നു തിന്നുകൊള്‍വിന്‍.
10 അവന്റെ കാവൽക്കാര് കുരുടന്മാര്; അവരെല്ലാവരും പരിജ്ഞാനമില്ലാത്തവര്‍, അവരെല്ലാവരും കുരപ്പാന് വഹിയാത്ത ഊമനായ്ക്കള് തന്നെ; അവര്‍ നിദ്രാപ്രിയന്മാരായി സ്വപ്നം കണ്ടു കിടന്നുറങ്ങുന്നു.
11 ഈ നായ്ക്കള്‍ ഒരിക്കലും തൃപ്തിപ്പെടാത്ത കൊതിയന്മാര് തന്നെ; ഈ ഇടയന്മാരോ സൂക്ഷിപ്പാന്‍ അറിയാത്തവര്‍; അവരെല്ലാവരും ഒട്ടൊഴിയാതെ താന്താന്റെ വഴിക്കും ഓരോരുത്തന് താന്താന്റെ ലാഭത്തിനും തിരിഞ്ഞിരിക്കുന്നു.
12 വരുവിന്‍: ഞാന്‍ പോയി വീഞ്ഞു കൊണ്ടുവരാം; നമുക്കു മദ്യം കുടിക്കാം; ഇന്നത്തെപ്പോലെ നാളെയും കേമത്തിൽ തന്നെ എന്ന് അവര്‍ പറയുന്നു.