യെശയ്യാ 55 (Isaiah 55)

Malayalam Bible — Malayalam (മലയാളം)

1 അല്ലയോ, ദാഹിക്കുന്ന ഏവരും ദ്രവ്യമില്ലാത്തവരുമായുള്ളോരേ വെള്ളത്തിനു വരുവിന്‍: വന്നു വാങ്ങി തിന്നുവിന്‍; നിങ്ങള്‍ വന്നു ദ്രവ്യവും വിലയും കൂടാതെ വീഞ്ഞും പാലും വാങ്ങിക്കൊള്‍വിന്‍.

2 അപ്പമല്ലാത്തതിനു ദ്രവ്യവും തൃപ്തിവരുത്താത്തതിനു നിങ്ങളുടെ പ്രയത്നഫലവും ചെലവിടുന്നതെന്തിന്? എന്‍റെ വാക്കു ശ്രദ്ധിച്ചു കേട്ടു നന്മ അനുഭവിപ്പിന്‍; പുഷ്ടഭോജനം കഴിച്ചു മോദിച്ചുകൊള്‍വിന്‍.

3 നിങ്ങള്‍ ചെവി ചായിച്ച് എന്‍റെ അടുക്കൽ വരുവിന്‍; നിങ്ങള്‍ക്കു ജീവനുണ്ടാകേണ്ടതിനു കേട്ടുകൊള്‍വിന്‍; ദാവീദിന്‍റെ നിശ്ചലകൃപകള്‍ എന്ന ഒരുശാശ്വതനിയമം ഞാന്‍ നിങ്ങളോടു ചെയ്യും.

4 ഞാന്‍ അവനെ ജാതികള്‍ക്കു സാക്ഷിയും വംശങ്ങള്‍ക്കു പ്രഭുവും അധിപതിയും ആക്കിയിരിക്കുന്നു.

5 നീ അറിയാത്ത ഒരു ജാതിയെ നീ വിളിക്കും; നിന്നെ അറിയാത്ത ഒരു ജാതി നിന്‍റെ ദൈവമായ യഹോവ നിമിത്തവും യിസ്രായേലിന്‍റെ പരിശുദ്ധന്‍ നിമിത്തവും അവന്‍ നിന്നെ മഹത്ത്വപ്പെടുത്തിയിരിക്കയാൽ തന്നെ നിന്‍റെ അടുക്കൽ ഓടിവരും.

6 യഹോവയെ കണ്ടെത്താകുന്ന സമയത്ത് അവനെ അന്വേഷിപ്പിന്‍; അവന്‍ അടുത്തിരിക്കുമ്പോള്‍ അവനെ വിളിച്ചപേക്ഷിപ്പിന്‍.

7 ദുഷ്ടന്‍ തന്‍റെ വഴിയെയും നീതികെട്ടവന്‍ തന്‍റെ വിചാരങ്ങളെയും ഉപേക്ഷിച്ചു യഹോവയിങ്കലേക്കു തിരിയട്ടെ; അവന്‍ അവനോടു കരുണ കാണിക്കും; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവന്‍ ധാരാളം ക്ഷമിക്കും.

8 എന്‍റെ വിചാരങ്ങള്‍ നിങ്ങളുടെ വിചാരങ്ങള്‍ അല്ല; നിങ്ങളുടെ വഴികള്‍ എന്‍റെ വഴികളുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.

9 ആകാശം ഭൂമിക്കുമീതെ ഉയര്‍ന്നിരിക്കുന്നതുപോലെ എന്‍റെ വഴികള്‍ നിങ്ങളുടെ വഴികളിലും എന്‍റെ വിചാരങ്ങള്‍ നിങ്ങളുടെ വിചാരങ്ങളിലും ഉയര്‍ന്നിരിക്കുന്നു.

10 മഴയും ഹിമവും ആകാശത്തുനിന്നു പെയ്യുകയും അവിടേക്കു മടങ്ങാതെ വിതപ്പാന്‍ വിത്തും തിന്മാന്‍ ആഹാരവും നല്കത്തക്കവണ്ണം ഭൂമിയെ നനച്ചു ഫലവത്താക്കി വിളയിക്കുന്നതുപോലെ

11 എന്‍റെ വായിൽനിന്നു പുറപ്പെടുന്ന എന്‍റെ വചനം ആയിരിക്കും; അതു വെറുതെ എന്‍റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്ക് ഇഷ്ടമുള്ളതു നിവര്‍ത്തിക്കയും ഞാന്‍ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.

12 നിങ്ങള്‍ സന്തോഷത്തോടെ പുറപ്പെടും; സമാധാനത്തോടെ നിങ്ങളെ പറഞ്ഞയയ്ക്കും; മലകളും കുന്നുകളും നിങ്ങളുടെ മുമ്പിൽ പൊട്ടി ആര്‍ക്കും; ദേശത്തിലെ സകല വൃക്ഷങ്ങളും കൈ കൊട്ടും.

13 മുള്ളിനു പകരം സരളവൃക്ഷം മുളയ്ക്കും; പറക്കാരയ്ക്കു പകരം കൊഴുന്തു മുളയ്ക്കും; അതു യഹോവയ്ക്ക് ഒരു കീര്‍ത്തിയായും ഛേദിക്കപ്പെടാത്ത ശാശ്വതമായോരു അടയാളമായും ഇരിക്കും.

  • Isaiah 54 — previous chapter
  • Isaiah 56 — next chapter
  • Isaiah 55 — English (KJV)
  • Isaiah 55 — English (WEB)
  • Isaiah 55 — Tamil (தமிழ்)
  • Isaiah 55 — Hindi (हिंदी)
  • Isaiah 55 — Kannada (ಕನ್ನಡ)