യെശയ്യാ 54 (Isaiah 54)

Malayalam Bible — Malayalam (മലയാളം)

1 പ്രസവിക്കാത്ത മച്ചിയേ, ഘോഷിക്ക; നോവുകിട്ടിയിട്ടില്ലാത്തവളേ, പൊട്ടിയാര്‍ത്തു ഘോഷിക്ക; ഏകാകിനിയുടെ മക്കള്‍ ഭര്‍ത്താവുള്ളവളുടെ മക്കളെക്കാള്‍ അധികം എന്നു യഹോവ അരുളിച്ചെയ്യുന്നു.

2 നിന്‍റെ കൂടാരത്തിന്‍റെ സ്ഥലത്തെ വിശാലമാക്കുക; നിന്‍റെ നിവാസങ്ങളുടെ തിരശ്ശീലകളെ അവര്‍ നിവിര്‍ക്കട്ടെ; തടുത്തുകളയരുത്; നിന്‍റെ കയറുകളെ നീട്ടുക; നിന്‍റെ കുറ്റികളെ ഉറപ്പിക്ക.

3 നീ ഇടത്തോട്ടും വലത്തോട്ടും പരക്കും; നിന്‍റെ സന്തതി ജാതികളുടെ ദേശം കൈവശമാക്കുകയും ശൂന്യനഗരങ്ങളിൽ നിവാസികളെ പാര്‍പ്പിക്കയും ചെയ്യും.

4 ഭയപ്പെടേണ്ടാ, നീ ലജ്ജിച്ചുപോകയില്ല; ഭ്രമിക്കേണ്ടാ, നീ നാണിച്ചുപോകയില്ല; നിന്‍റെ യൗവനത്തിലെ ലജ്ജ നീ മറക്കും; നിന്‍റെ വൈധവ്യത്തിലെ നിന്ദ ഇനി ഓര്‍ക്കയുമില്ല.

5 നിന്‍റെ സ്രഷ്ടാവാകുന്നു നിന്‍റെ ഭര്‍ത്താവ്; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്‍റെ നാമം; യിസ്രായേലിന്‍റെ പരിശുദ്ധനാകുന്നു നിന്‍റെ വീണ്ടെടുപ്പുകാരന്‍; സര്‍വഭൂമിയുടെയും ദൈവം എന്ന് അവന്‍ വിളിക്കപ്പെടുന്നു.

6 ഉപേക്ഷിക്കപ്പെട്ടു മനോവ്യസനത്തിൽ ഇരിക്കുന്ന സ്ത്രീയെ എന്നപോലെ യഹോവ നിന്നെ വിളിച്ചിരിക്കുന്നു; യൗവനത്തിൽ വിവാഹം ചെയ്തിട്ടു തള്ളിക്കളഞ്ഞ ഭാര്യയെ എന്നപോലെ തന്നെ എന്നു നിന്‍റെ ദൈവം അരുളിച്ചെയ്യുന്നു.

7 അല്പനേരത്തേക്കുമാത്രം ഞാന്‍ നിന്നെ ഉപേക്ഷിച്ചു; എങ്കിലും മഹാകരുണയോടെ ഞാന്‍ നിന്നെ ചേര്‍ത്തുകൊള്ളും.

8 ക്രോധാധിക്യത്തിൽ ഞാന്‍ ക്ഷണനേരത്തേക്ക് എന്‍റെ മുഖം നിനക്കു മറച്ചു; എങ്കിലും നിത്യദയയോടെ ഞാന്‍ നിന്നോടു കരുണ കാണിക്കും എന്നു നിന്‍റെ വീണ്ടെടുപ്പുകാരനായ യഹോവ അരുളിച്ചെയ്യുന്നു.

9 ഇത് എനിക്കു നോഹയുടെ വെള്ളങ്ങള്‍ പോലെയാകുന്നു; നോഹയുടെ വെള്ളങ്ങള്‍ ഇനി ഭൂമിയെ മുക്കിക്കളകയില്ല എന്നു ഞാന്‍ സത്യം ചെയ്തതുപോലെ ഞാന്‍ നിന്നോടു കോപിക്കയോ നിന്നെ ഭര്‍ത്സിക്കയോ ഇല്ല എന്നു ഞാന്‍ സത്യം ചെയ്തിരിക്കുന്നു.

10 പര്‍വതങ്ങള്‍ മാറിപ്പോകും, കുന്നുകള്‍ നീങ്ങിപ്പോകും; എങ്കിലും എന്‍റെ ദയ നിന്നെ വിട്ടുമാറുകയില്ല; എന്‍റെ സമാധാനനിയമം നീങ്ങിപ്പോകയുമില്ല എന്നു നിന്നോടു കരുണയുള്ള യഹോവ അരുളിച്ചെയ്യുന്നു.

11 അരിഷ്ടയും കൊടുങ്കാറ്റിനാൽ അടിക്കപ്പെട്ട് ആശ്വാസമറ്റവളും ആയുള്ളോവേ, ഞാന്‍ നിന്‍റെ കല്ല് അഞ്ജനത്തിൽ പതിക്കയും നീലക്കല്ലുകൊണ്ടു നിന്‍റെ അടിസ്ഥാനം ഇടുകയും ചെയ്യും.

12 ഞാന്‍ നിന്‍റെ താഴികക്കുടങ്ങളെ പത്മരാഗംകൊണ്ടും നിന്‍റെ ഗോപുരങ്ങളെ പുഷ്പരാഗംകൊണ്ടും നിന്‍റെ അറ്റങ്ങളെയൊക്കെയും മനോഹരമായ കല്ലുകൊണ്ടും ഉണ്ടാക്കും.

13 നിന്‍റെ മക്കള്‍ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്‍റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും.

14 നീതിയാൽ നീ സ്ഥിരമായി നില്ക്കും; നീ പീഡനത്തോട് അകന്നിരിക്കും; നിനക്കു ഭയപ്പെടുവാനില്ലല്ലോ; ഭീഷണിയോടു നീ അകന്നിരിക്കും; അതു നിന്നോട് അടുത്തുവരികയില്ല.

15 ഒരുത്തന്‍ നിന്നോടു കലശൽ കൂടുന്നു എങ്കിൽ അതു എന്‍റെ ഹിതപ്രകാരമല്ല; ആരെങ്കിലും നിന്നോടു കലശൽ കൂടിയാൽ അവന്‍ നിന്‍റെ നിമിത്തം വീഴും.

16 തീക്കനൽ ഊതി പണിചെയ്ത് ഓരോ ആയുധം തീര്‍ക്കുന്ന കൊല്ലനെ ഞാന്‍ സൃഷ്‍ടിച്ചിരിക്കുന്നു; നശിപ്പിപ്പാന്‍ സംഹാരകനെയും ഞാന്‍ സൃഷ്‍ടിച്ചിരിക്കുന്നു.

17 നിനക്കു വിരോധമായി ഉണ്ടാക്കുന്നയാതൊരു ആയുധവും ഫലിക്കയില്ല; ന്യായവിസ്താരത്തിൽ നിനക്കു വിരോധമായി എഴുന്നേല്ക്കുന്ന എല്ലാ നാവിനെയും നീ കുറ്റം വിധിക്കും; യഹോവയുടെ ദാസന്മാരുടെ അവകാശവും എന്‍റെ പക്കൽനിന്നുള്ള അവരുടെ നീതിയും ഇതുതന്നെ ആകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.

  • Isaiah 53 — previous chapter
  • Isaiah 55 — next chapter
  • Isaiah 54 — English (KJV)
  • Isaiah 54 — English (WEB)
  • Isaiah 54 — Tamil (தமிழ்)
  • Isaiah 54 — Hindi (हिंदी)
  • Isaiah 54 — Kannada (ಕನ್ನಡ)