Malayalam Bible — Malayalam (മലയാളം)
1 യിസ്രായേലിന്റെ പരിശുദ്ധങ്കലേക്കു നോക്കുകയോ യഹോവയെ അന്വേഷിക്കയോ ചെയ്യാതെ സഹായത്തിനായി മിസ്രയീമിൽ ചെന്നു കുതിരകളിൽ മനസ്സ് ഊന്നി രഥം അനവധിയുള്ളതുകൊണ്ട് അതിലും, കുതിരച്ചേവകര് മഹാബലവാന്മാരാകകൊണ്ട് അവരിലും ആശ്രയിക്കുന്നവര്‍ക്ക്
2 അയ്യോ കഷ്ടം! എന്നാൽ അവനും ജ്ഞാനിയാകുന്നു; അവന് അനര്‍ഥം വരുത്തും; തന്റെ വചനം മാറ്റുകയില്ല; അവന് ദുഷ്കര്‍മികളുടെ ഗൃഹത്തിനും ദുഷ്പ്രവൃത്തിക്കാരുടെ സഹായത്തിനും വിരോധമായി എഴുന്നേല്ക്കും.
3 മിസ്രയീമ്യര്‍ ദൈവമല്ല, മനുഷ്യരത്രേ; അവരുടെ കുതിരകള്‍ ആത്മാവല്ല, ജഡമത്രേ; യഹോവ തന്റെ കൈ നീട്ടുമ്പോള്‍ സഹായിക്കുന്നവന് ഇടറുകയും സഹായിക്കപ്പെടുന്നവന്‍ വീഴുകയും അവരെല്ലാവരും ഒരുപോലെ നശിച്ചുപോകയും ചെയ്യും.
4 യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: സിംഹമോ, ബാലസിംഹമോ ഇരകണ്ടു മുരളുമ്പോള്‍ ഇടയക്കൂട്ടത്തെ അതിന്റെ നേരേ വിളിച്ചു കൂട്ടിയാലും അത് അവരുടെ കൂക്കുവിളികൊണ്ടു പേടിക്കാതെയും അവരുടെ ആരവംകൊണ്ടു ചുളുങ്ങാതെയും ഇരിക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ സീയോന് പര്‍വതത്തിലും അതിന്റെ ഗിരിയിലും യുദ്ധം ചെയ്വാന് ഇറങ്ങി വരും.
5 പക്ഷി ചുറ്റിപ്പറന്നു കാക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ യെരൂശലേമിനെ കാത്തുകൊള്ളും. അവന് അതിനെ കാത്തുരക്ഷിക്കും; നശിപ്പിക്കാതെ അതിനെ പരിപാലിക്കും.
6 യിസ്രായേൽമക്കളേ, നിങ്ങള്‍ ഇത്ര കഠിനമായി മത്സരിച്ചു ത്യജിച്ചുകളഞ്ഞവന്റെ അടുക്കലേക്കു തിരിവിന്.
7 അന്നാളിൽ നിങ്ങളിൽ ഓരോരുത്തന് നിങ്ങളുടെ കൈകള്‍ നിങ്ങള്‍ക്കു പാപത്തിനായി വെള്ളിയും പൊന്നുംകൊണ്ട് ഉണ്ടാക്കിയ മിഥ്യാമൂര്‍ത്തികളെ ത്യജിച്ചു കളയും.
8 എന്നാൽ അശ്ശൂര്‍ പുരുഷന്റേതല്ലാത്ത വാളാൽ വീഴും; മനുഷ്യന്റേതല്ലാത്ത വാളിന് ഇരയായിത്തീരും; അവര്‍ വാളിന് ഒഴിഞ്ഞ് ഓടിപ്പോയാൽ അവരുടെ യൗവനക്കാര്‍ ഊഴിയവേലക്കാരായിത്തീരും.
9 ഭീതി ഹേതുവായി അവരുടെ പാറ പൊയ്പോകും; അവരുടെ പ്രഭുക്കന്മാര് കൊടി കണ്ടു നടുങ്ങിപ്പോകും എന്നു സീയോനിൽ തീയും യെരൂശലേമിൽ ചൂളയും ഉള്ള യഹോവയുടെ അരുളപ്പാട്.