Malayalam Bible — Malayalam (മലയാളം)
1 ഒരു രാജാവ് നീതിയോടെ വാഴും; പ്രഭുക്കന്മാര്‍ ന്യായത്തോടെ അധികാരം നടത്തും.
2 ഓരോരുത്തന്‍ കാറ്റിന് ഒരു മറവും പിശറിന് ഒരു സങ്കേതവും ആയി വരണ്ട നിലത്തു നീര്‍ത്തോടുകള്‍പോലെയും ക്ഷീണമുള്ള ദേശത്ത് ഒരു വമ്പാറയുടെ തണൽപോലെയും ഇരിക്കും.
3 കാണുന്നവരുടെ കണ്ണ് ഇനി മങ്ങുകയില്ല; കേള്‍ക്കുന്നവരുടെ ചെവി ശ്രദ്ധിക്കും.
4 അവിവേകികളുടെ ഹൃദയം പരിജ്ഞാനം ഗ്രഹിക്കും; വിക്കന്മാരുടെ നാവു തടവില്ലാതെ വ്യക്തമായി സംസാരിക്കും.
5 ഭോഷനെ ഇനി ഉത്തമന്‍ എന്നു വിളിക്കയില്ല; ആഭാസനെ മഹാത്മാവെന്നു പറകയുമില്ല. ഭോഷന്‍ ഭോഷത്തം സംസാരിക്കും;
6 വഷളത്തം ചെയ്തും യഹോവയ്ക്കു വിരോധമായി അബദ്ധം സംസാരിച്ചും വിശപ്പുള്ളവരെ പട്ടിണിയിട്ടും ദാഹമുള്ളവര്‍ക്കു പാനം മുടക്കിയുംകൊണ്ട് അവന്‍റെ ഹൃദയം നീതികേടും പ്രവര്‍ത്തിക്കും.
7 ആഭാസന്‍റെ ആയുധങ്ങളും ദോഷമുള്ളവ; ദരിദ്രന്‍ ന്യായമായി സംസാരിച്ചാലും എളിയവരെ വ്യാജവാക്കുകൊണ്ടു നശിപ്പിപ്പാന്‍ അവന്‍ ദുരുപായങ്ങളെ നിരൂപിക്കുന്നു.
8 ഉത്തമനോ ഉത്തമകാര്യങ്ങളെ ചിന്തിക്കുന്നു; ഉത്തമകാര്യങ്ങളിൽ അവന്‍ ഉറ്റുനില്ക്കുന്നു.
9 സ്വൈരമായിരിക്കുന്ന സ്ത്രീകളേ, എഴുന്നേറ്റ് എന്‍റെ വാക്കു കേള്‍പ്പിന്‍; ചിന്തയില്ലാത്ത പെണ്ണുങ്ങളേ, എന്‍റെ വചനം ശ്രദ്ധിപ്പിന്‍.
10 ചിന്തയില്ലാത്ത പെണ്ണുങ്ങളേ, ഒരാണ്ടും കുറെ നാളും കഴിയുമ്പോള്‍ നിങ്ങള്‍ നടുങ്ങിപ്പോകും; മുന്തിരിക്കൊയ്ത്തു നഷ്ടമാകും;
11 ഫലശേഖരം ഉണ്ടാകയുമില്ല. സ്വൈരമായിരിക്കുന്ന സ്ത്രീകളേ, വിറപ്പിന്‍; ചിന്തയില്ലാത്ത പെണ്ണുങ്ങളേ, നടുങ്ങുവിന്‍; വസ്ത്രം ഉരിഞ്ഞു നഗ്നമാരാകുവിന്‍; അരയിൽ രട്ടു കെട്ടുവിന്‍.
12 മനോഹരമായ വയലുകളെയും ഫലപുഷ്‍ടിയുള്ള മുന്തിരിവള്ളിയെയും ഓര്‍ത്ത് അവര്‍ മാറത്ത് അടിക്കും.
13 എന്‍റെ ജനത്തിന്‍റെ ദേശത്ത് ഉല്ലസിതനഗരത്തിലെ സകല സന്തോഷഭവനങ്ങളിലും മുള്ളും പറക്കാരയും മുളയ്ക്കും.
14 അരമന ഉപേക്ഷിക്കപ്പെടും; ജനപുഷ്‍ടിയുള്ള നഗരം നിര്‍ജനമായിത്തീരും; കുന്നും കാവൽമാളികയും സദാകാലത്തേക്കും ഗുഹകളായി ഭവിക്കും; അവ കാട്ടുകഴുതകളുടെ സന്തോഷസ്ഥാനവും ആട്ടിന്‍കൂട്ടങ്ങളുടെ മേച്ചൽപ്പുറവും ആയിരിക്കും.
15 ഉയരത്തിൽനിന്ന് ആത്മാവിനെ നമ്മുടെമേൽ പകരുവോളം തന്നെ; അപ്പോള്‍ മരുഭൂമി ഉദ്യാനമായിത്തീരും; ഉദ്യാനം വനമായി എണ്ണപ്പെടും.
16 അന്നു മരുഭൂമിയിൽ ന്യായം വസിക്കും; ഉദ്യാനത്തിൽ നീതി പാര്‍ക്കും.
17 നീതിയുടെ പ്രവൃത്തി സമാധാനവും നീതിയുടെ ഫലം ശാശ്വതവിശ്രാമവും നിര്‍ഭയതയും ആയിരിക്കും.
18 എന്‍റെ ജനം സമാധാനനിവാസത്തിലും നിര്‍ഭയവസതികളിലും സ്വൈരമുള്ള വിശ്രാമസ്ഥലങ്ങളിലും പാര്‍ക്കും.
19 എന്നാൽ വനത്തിന്‍റെ വീഴ്ചയ്ക്കു കന്മഴ പെയ്കയും നഗരം അശേഷം നിലംപരിചാകയും ചെയ്യും.
20 വെള്ളത്തിനരികത്തെല്ലാം വിതയ്ക്കയും കാളയെയും കഴുതയെയും അഴിച്ചുവിടുകയും ചെയ്യുന്നവരേ, നിങ്ങള്‍ക്കു ഭാഗ്യം!