യെശയ്യാ 30 (Isaiah 30)

Malayalam Bible — Malayalam (മലയാളം)

1 പാപത്തോടു പാപം കൂട്ടുവാന്‍ തക്കവണ്ണം എന്നെ കൂടാതെ ആലോചന കഴിക്കയും എന്‍റെ ആത്മാവിനെ കൂടാതെ സഖ്യത ചെയ്കയും

2 ഫറവോന്‍റെ സംരക്ഷണയിൽ തങ്ങളെത്തന്നെ സംരക്ഷിക്കേണ്ടതിനും മിസ്രയീമിന്‍റെ നിഴലിൽ ശരണം പ്രാപിക്കേണ്ടതിനും എന്‍റെ അരുളപ്പാടു ചോദിക്കാതെ മിസ്രയീമിലേക്കു പോകയും ചെയ്യുന്ന മത്സരമുള്ള മക്കള്‍ക്ക് അയ്യോ കഷ്ടം എന്നു യഹോവ അരുളിച്ചെയ്യുന്നു.

3 എന്നാൽ ഫറവോന്‍റെ സംരക്ഷണ നിങ്ങള്‍ക്കു നാണമായും മിസ്രയീമിന്‍റെ നിഴലിലെ ശരണം ലജ്ജയായും ഭവിക്കും.

4 അവന്‍റെ പ്രഭുക്കന്മാര്‍ സോവനിൽ ആയി അവന്‍റെ ദൂതന്മാര്‍ ഹാനേസിൽ എത്തിയിരിക്കുന്നു.

5 അവരൊക്കെയും തങ്ങള്‍ക്കു ലജ്ജയും അപമാനവും അല്ലാതെ ഉപകാരമോ സഹായമോ പ്രയോജനമോ ഒന്നും വരാത്ത ഒരു ജാതി നിമിത്തം ലജ്ജിച്ചുപോകും.

6 തെക്കേ ദേശത്തിലെ മൃഗങ്ങളെക്കുറിച്ചുള്ള പ്രവാചകം: സിംഹി, കേസരി, അണലി, പറക്കുന്ന അഗ്നിസര്‍പ്പം എന്നിവ വരുന്നതായി കഷ്ടവും ക്ലേശവും ഉള്ള ദേശത്തുകൂടി, അവര്‍ ഇളംകഴുതപ്പുറത്തു തങ്ങളുടെ സമ്പത്തും ഒട്ടകപ്പുറത്തു തങ്ങളുടെ നിക്ഷേപങ്ങളും കയറ്റി തങ്ങള്‍ക്ക് ഉപകാരം വരാത്ത ഒരു ജാതിയുടെ അടുക്കൽ കൊണ്ടുപോകുന്നു.

7 മിസ്രയീമ്യരുടെ സഹായം വ്യര്‍ഥവും നിഷ്ഫലവുമത്രേ; അതുകൊണ്ടു ഞാന്‍ അതിന്: അനങ്ങാതിരിക്കുന്ന സാഹസക്കാര്‍ എന്നു പേര്‍ വിളിക്കുന്നു.

8 നീ ഇപ്പോള്‍ ചെന്നു, വരുങ്കാലത്തേക്ക് ഒരു ശാശ്വതസാക്ഷ്യമായിരിക്കേണ്ടതിന് അവരുടെ മുമ്പാകെ അതിനെ ഒരു പലകയിൽ എഴുതി ഒരു രേഖയായി കുറിച്ചുവയ്ക്കുക.

9 അവര്‍ മത്സരമുള്ളൊരു ജനവും ഭോഷ്കു പറയുന്ന മക്കളും യഹോവയുടെ ന്യായപ്രമാണം അനുസരിക്കാത്ത സന്തതിയുമല്ലോ.

10 അവര്‍ ദര്‍ശകന്മാരോട്: ദര്‍ശിക്കരുത്; പ്രവാചകന്മാരോട്: നേരുള്ളതു ഞങ്ങളോടു പ്രവചിക്കരുത്; മധുരവാക്കു ഞങ്ങളോടു സംസാരിപ്പിന്‍; വ്യാജങ്ങളെ പ്രവചിപ്പിന്‍;

11 വഴി വിട്ടു നടപ്പിന്‍; പാത തെറ്റി നടപ്പിന്‍; യിസ്രായേലിന്‍റെ പരിശുദ്ധനെ ഞങ്ങളുടെ മുമ്പിൽനിന്നു നീങ്ങുമാറാക്കുവിന്‍ എന്നു പറയുന്നു.

12 ആകയാൽ യിസ്രായേലിന്‍റെ പരിശുദ്ധന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ ഈ വചനത്തെ നിരസിച്ചുകളകയും പീഡനത്തിലും വക്രതയിലും ആശ്രയിച്ചു ചാരിനില്ക്കയും ചെയ്യുന്നതുകൊണ്ട്,

13 ഈ അകൃത്യം നിങ്ങള്‍ക്ക് ഉയര്‍ന്ന ചുവരിൽ ഉന്തിനില്ക്കുന്നതും പെട്ടെന്ന് ഒരു മാത്രകൊണ്ടു വീഴുന്നതും ആയ ഒരു പൊട്ടൽപോലെ ആയിരിക്കും.

14 അടുപ്പിൽനിന്നു തീ എടുപ്പാനോ കുളത്തിൽനിന്നു വെള്ളം കോരുവാനോ കൊള്ളാകുന്ന ഒരു കഷണംപോലും ശേഷിക്കാതവണ്ണം ഒരുവന്‍ കുശവന്‍റെ പൊട്ടക്കലം ഗണ്യമാക്കാതെ ഉടച്ചുകളയുന്നതുപോലെ അവന്‍ അതിനെ ഉടച്ചുകളയും.

15 യിസ്രായേലിന്‍റെ പരിശുദ്ധനായി യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: മനംതിരിഞ്ഞ് അടങ്ങിയിരുന്നാൽ നിങ്ങള്‍ രക്ഷിക്കപ്പെടും. വിശ്രമിക്കുന്നതിലും ആശ്രയിക്കുന്നതിലും നിങ്ങളുടെ ബലം; എങ്കിലും നിങ്ങള്‍ക്ക് മനസ്സാകാതെ: അല്ല;

16 ഞങ്ങള്‍ കുതിരപ്പുറത്തു കയറി ഓടിപ്പോകുമെന്നു നിങ്ങള്‍ പറഞ്ഞു; അതുകൊണ്ടു നിങ്ങള്‍ ഓടിപ്പോകേണ്ടി വരും; ഞങ്ങള്‍ തുരഗങ്ങളിന്മേൽ കയറിപ്പോകും എന്നും പറഞ്ഞു; അതുകൊണ്ടു നിങ്ങളെ പിന്തുടരുന്നവരും വേഗതയുള്ളവരായിരിക്കും.

17 മലമുകളിൽ ഒരുകൊടിമരംപോലെയും കുന്നിന്‍പുറത്ത് ഒരു കൊടിപോലെയും നിങ്ങള്‍ ശേഷിക്കുന്നതുവരെ, ഏകന്‍റെ ഭീഷണിയാൽ ആയിരംപേരും അഞ്ചുപേരുടെ ഭീഷണിയാൽ നിങ്ങളൊക്കെയും ഓടിപ്പോകും.

18 അതുകൊണ്ട് യഹോവ നിങ്ങളോടു കൃപ കാണിപ്പാന്‍ താമസിക്കുന്നു; അതുകൊണ്ട് അവന്‍ നിങ്ങളോടു കരുണ കാണിക്കാതവണ്ണം ഉയര്‍ന്നിരിക്കുന്നു; യഹോവ ന്യായത്തിന്‍റെ ദൈവമല്ലോ; അവനായി കാത്തിരിക്കുന്നവരൊക്കെയും ഭാഗ്യവാന്മാര്‍.

19 യെരൂശലേമ്യരായ സീയോന്‍നിവാസികളേ, ഇനി കരഞ്ഞുകൊണ്ടിരിക്കേണ്ടാ; നിങ്ങളുടെ നിലവിളിയുടെ ശബ്ദത്തിങ്കൽ അവനു നിശ്ചയമായി കരുണ തോന്നും; അതു കേള്‍ക്കുമ്പോള്‍ തന്നെ അവന്‍ ഉത്തരം അരുളും.

20 കര്‍ത്താവ് നിങ്ങള്‍ക്കു കഷ്ടത്തിന്‍റെ അപ്പവും ഞെരുക്കത്തിന്‍റെ വെള്ളവും മാത്രം തന്നാലും ഇനി നിന്‍റെ ഉപദേഷ്ടാവ് മറഞ്ഞിരിക്കയില്ല; നിന്‍റെ കണ്ണ് നിന്‍റെ ഉപദേഷ്ടാവിനെ കണ്ടുകൊണ്ടിരിക്കും.

21 നിങ്ങള്‍ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോള്‍: വഴി ഇതാകുന്നു, ഇതിൽ നടന്നുകൊള്‍വിന്‍ എന്നൊരു വാക്ക് പിറകിൽനിന്നു കേള്‍ക്കും.

22 വെള്ളി പൊതിഞ്ഞിരിക്കുന്ന ബിംബങ്ങളെയും പൊന്നു പൊതിഞ്ഞിരിക്കുന്ന വിഗ്രഹങ്ങളെയും നിങ്ങള്‍ അശുദ്ധമാക്കും; അവയെ മലിനമായൊരു വസ്തുപോലെ എറിഞ്ഞുകളകയും പൊയ്ക്കോ എന്നു പറകയും ചെയ്യും.

23 നീ നിലത്തു വിതയ്ക്കുന്ന വിത്തിനു മഴയും നിലത്തിലെ വിളവായ അപ്പവും അവന്‍ നിനക്കു തരും; അതു പുഷ്‍ടിയും സമൃദ്ധിയും ഉള്ളതായിരിക്കും; അന്നു നിന്‍റെ കന്നുകാലികള്‍ വിസ്താരമായ മേച്ചൽപ്പുറങ്ങളിൽ മേയും.

24 നിലം ഉഴുന്ന കാളകളും കഴുതകളും മുറംകൊണ്ടും പല്ലികൊണ്ടും വീശി വെടിപ്പാക്കിയതും ഉപ്പു ചേര്‍ത്തതുമായ തീന്‍ തിന്നും.

25 മഹാസംഹാരദിവസത്തിൽ ഗോപുരങ്ങള്‍ വീഴുമ്പോള്‍, ഉയരമുള്ള എല്ലാ മലയിലും പൊക്കമുള്ള എല്ലാ കുന്നിന്മേലും തോടുകളും നീരൊഴുക്കുകളും ഉണ്ടാകും.

26 യഹോവ തന്‍റെ ജനത്തിന്‍റെ മുറിവു കെട്ടുകയും അവരുടെ അടിപ്പിണര്‍ പൊറുപ്പിക്കയും ചെയ്യുന്ന നാളിൽ ചന്ദ്രന്‍റെ പ്രകാശം സൂര്യന്‍റെ പ്രകാശംപോലെയാകും; സൂര്യന്‍റെ പ്രകാശം ഏഴു പകലിന്‍റെ പ്രകാശംപോലെ ഏഴിരട്ടിയായിരിക്കും.

27 ഇതാ, കോപം ജ്വലിച്ചും കനത്ത പുക പുറപ്പെടുവിച്ചുംകൊണ്ടു യഹോവയുടെ നാമം ദൂരത്തുനിന്നു വരുന്നു; അവന്‍റെ അധരങ്ങളിൽ ഉഗ്രകോപം നിറഞ്ഞിരിക്കുന്നു; അവന്‍റെ നാവ് ദഹിപ്പിക്കുന്ന തീപോലെയും ഇരിക്കുന്നു.

28 ജാതികളെ നാശത്തിന്‍റെ അരിപ്പകൊണ്ട് അരിക്കേണ്ടതിന് അവന്‍റെ ശ്വാസം കവിഞ്ഞൊഴുകുന്നതും കഴുത്തോളം വെള്ളമുള്ളതും ആയ തോടുപോലെയും ജാതികളുടെ വായിൽ അവരെ തെറ്റിച്ചുകളയുന്ന ഒരു കടിഞ്ഞാണായും ഇരിക്കുന്നു.

29 നിങ്ങള്‍ ഉത്സവാഘോഷരാത്രിയിൽ എന്നപോലെ പാട്ടുപാടുകയും യഹോവയുടെ പര്‍വതത്തിൽ യിസ്രായേലിന്‍ പാറയായവന്‍റെ അടുക്കൽ ചെല്ലേണ്ടതിനു കുഴലോടുകൂടെ പോകുംപോലെ ഹൃദയപൂര്‍വം സന്തോഷിക്കയും ചെയ്യും.

30 യഹോവ തന്‍റെ മഹത്ത്വമുള്ള മേഘനാദം കേള്‍പ്പിക്കയും ഉഗ്രകോപത്തോടും ദഹിപ്പിക്കുന്ന അഗ്നിജ്വാലയോടും കൊടുങ്കാറ്റ്, മഴക്കോള്‍, കന്മഴ എന്നിവയോടുംകൂടെ തന്‍റെ ഭുജത്തിന്‍റെ അവതരണം കാണിക്കയും ചെയ്യും.

31 യഹോവയുടെ മേഘനാദത്താൽ അശ്ശൂര്‍ തകര്‍ന്നുപോകും; തന്‍റെ വടികൊണ്ട് അവന്‍ അവനെ അടിക്കും.

32 യഹോവ അവനെ വിധിദണ്ഡുകൊണ്ട് അടിക്കുന്ന ഓരോ അടിയോടുംകൂടെ തപ്പിന്‍റെയും കിന്നരത്തിന്‍റെയും നാദം ഉണ്ടായിരിക്കും;

33 അവന്‍ അവരോടു തകര്‍ത്തു പടവെട്ടും. പണ്ടു തന്നെ ഒരു ദഹനസ്ഥലം ഒരുക്കിയിട്ടുണ്ടല്ലോ; അതു രാജാവിനായിട്ടും ഒരുക്കിയിരിക്കുന്നു; അവന്‍ അതിനെ ആഴവും വിശാലവും ആക്കിയിരിക്കുന്നു; അതിന്‍റെ ചിതയിൽ വളരെ തീയും വിറകും ഉണ്ട്; യഹോവയുടെ ശ്വാസം ഒരു ഗന്ധകനദിപോലെ അതിനെ കത്തിക്കും.

  • Isaiah 29 — previous chapter
  • Isaiah 31 — next chapter
  • Isaiah 30 — English (KJV)
  • Isaiah 30 — English (WEB)
  • Isaiah 30 — Tamil (தமிழ்)
  • Isaiah 30 — Hindi (हिंदी)
  • Isaiah 30 — Kannada (ಕನ್ನಡ)