യെശയ്യാ 29 (Isaiah 29)

Malayalam Bible — Malayalam (മലയാളം)

1 അയ്യോ, അരീയേലേ, അരീയേലേ! ദാവീദ് പാളയമിറങ്ങിയിരുന്ന നഗരമേ! ആണ്ടോട് ആണ്ടു കൂട്ടുവിന്‍; ഉത്സവങ്ങള്‍ മുറയ്ക്കു വന്നുകൊണ്ടിരിക്കട്ടെ.

2 എന്നാൽ ഞാന്‍ അരീയേലിനെ ഞെരുക്കും; ദുഃഖവും വിലാപവും ഉണ്ടാകും; അത് എനിക്ക് അരീയേലായി തന്നെ ഇരിക്കും.

3 ഞാന്‍ നിനക്കു വിരോധമായി ചുറ്റും പാളയമിറങ്ങി വാടകോരി നിന്നെ നിരോധിക്കയും നിന്‍റെ നേരേ കൊത്തളം ഉണ്ടാക്കുകയും ചെയ്യും.

4 അപ്പോള്‍ നീ താണു, നിലത്തുനിന്നു സംസാരിക്കും; നിന്‍റെ വാക്ക് പൊടിയിൽനിന്നു പതുക്കെ വരും; വെളിച്ചപ്പാടിന്‍റേതുപോലെ നിന്‍റെ ഒച്ചനിലത്തുനിന്നു വരും; നിന്‍റെ വാക്ക് പൊടിയിൽനിന്നു ചിലയ്ക്കും.

5 നിന്‍റെ ശത്രുക്കളുടെ സംഘം നേരിയ പൊടിപോലെയും നിഷ്കണ്ടകന്മാരുടെ കൂട്ടം, പാറിപ്പോകുന്ന പതിര്‍പോലെയും ഇരിക്കും; അത് ഒരു ക്ഷണമാത്രകൊണ്ടു പെട്ടെന്നു സംഭവിക്കും.

6 ഇടിമുഴക്കത്തോടും ഭൂകമ്പത്തോടും മഹാനാദത്തോടുംകൂടെ ചുഴലിക്കാറ്റും കൊടുങ്കാറ്റും ദഹിപ്പിക്കുന്ന അഗ്നിജ്വാലയുമായി അതു സൈന്യങ്ങളുടെ യഹോവയാൽ സന്ദര്‍ശിക്കപ്പെടും.

7 അരീയേലിന്‍റെ നേരേ യുദ്ധം ചെയ്യുന്ന സകല ജാതികളുടെയും കൂട്ടം അതിനും അതിന്‍റെ കോട്ടയ്ക്കും നേരേ യുദ്ധംചെയ്ത് അതിനെ വിഷമിപ്പിക്കുന്ന ഏവരും തന്നെ, ഒരു സ്വപ്നംപോലെ, ഒരു രാത്രി ദര്‍ശനംപോലെ ആകും.

8 വിശന്നിരിക്കുന്നവന്‍ താന്‍ ഭക്ഷിക്കുന്നു എന്നു സ്വപ്നം കണ്ടിട്ട് ഉണരുമ്പോള്‍ വിശന്നിരിക്കുന്നതു പോലെയും ദാഹിച്ചിരിക്കുന്നവന്‍ താന്‍ പാനംചെയ്യുന്നു എന്നു സ്വപ്നം കണ്ടിട്ട് ഉണരുമ്പോള്‍ ക്ഷീണിച്ചും ദാഹിച്ചും ഇരിക്കുന്നതുപോലെയും സീയോന്‍പര്‍വതത്തോടു യുദ്ധം ചെയ്യുന്ന സകല ജാതികളുടെയും കൂട്ടം ഇരിക്കും.

9 വിസ്മയിച്ചു സ്തംഭിച്ചുപോകുവിന്‍; അന്ധതപിടിച്ചു കുരുടരായിത്തീരുവിന്‍; അവര്‍ മത്തരായിരിക്കുന്നു; വീഞ്ഞു കൊണ്ടല്ലതാനും; അവര്‍ ചാഞ്ചാടി നടക്കുന്നു; മദ്യപാനം കൊണ്ടല്ലതാനും.

10 യഹോവ ഗാഢനിദ്ര നിങ്ങളുടെമേൽ പകര്‍ന്നു നിങ്ങളുടെ കണ്ണുകളെ അടച്ചിരിക്കുന്നു; അവന്‍ പ്രവാചകന്മാര്‍ക്കും നിങ്ങളുടെ ദര്‍ശകന്മാരായ തലവന്മാര്‍ക്കും മൂടുപടം ഇട്ടിരിക്കുന്നു.

11 അങ്ങനെ നിങ്ങള്‍ക്കു സകല ദര്‍ശനവും മുദ്രയിട്ടിരിക്കുന്ന ഒരു പുസ്തകത്തിലെ വചനങ്ങള്‍പോലെ ആയിത്തീര്‍ന്നിരിക്കുന്നു; അതിനെ അക്ഷരവിദ്യയുള്ള ഒരുത്തന്‍റെ കൈയിൽ കൊടുത്ത്: ഇതൊന്നു വായിക്കേണം എന്നു പറഞ്ഞാൽ അവന്‍: എനിക്കു വയ്യാ; അതിനു മുദ്രയിട്ടിരിക്കുന്നുവല്ലോ എന്നു പറയും.

12 അല്ല, ആ പുസ്തകം അക്ഷരവിദ്യയില്ലാത്തവന്‍റെ കൈയിൽ കൊടുത്ത്: ഇതൊന്നു വായിക്കേണം എന്നു പറഞ്ഞാൽ അവന്‍: എനിക്ക് അക്ഷരവിദ്യയില്ല എന്നു പറയും.

13 ഈ ജനം അടുത്തുവന്നു വായ്കൊണ്ടും അധരംകൊണ്ടും എന്നെ ബഹുമാനിക്കുന്നു; എങ്കിലും തങ്ങളുടെ ഹൃദയത്തെ അവര്‍ എങ്കൽനിന്നു ദൂരത്ത് അകറ്റിവച്ചിരിക്കുന്നു; എന്നോടുള്ള അവരുടെ ഭക്തി, മനഃപാഠമാക്കിയ മാനുഷകല്പനയത്രേ.

14 ഇതു കാരണത്താൽ ഞാന്‍ ഈ ജനത്തിന്‍റെ ഇടയിൽ ഇനിയും ഒരു അദ്ഭുതപ്രവൃത്തി, അദ്ഭുതവും ആശ്ചര്യവും ആയൊരു പ്രവൃത്തി തന്നെ, ചെയ്യും; അവരുടെ ജ്ഞാനികളുടെ ജ്ഞാനം നശിക്കും; അവരുടെ ബുദ്ധിമാന്മാരുടെ ബുദ്ധിയും മറഞ്ഞുപോകും എന്നു കര്‍ത്താവ് അരുളിച്ചെയ്തു.

15 തങ്ങളുടെ ആലോചനയെ യഹോവയ്ക്ക് അഗാധമായി മറച്ചുവയ്ക്കുവാന്‍ നോക്കുകയും തങ്ങളുടെ പ്രവൃത്തികളെ അന്ധകാരത്തിൽ ചെയ്കയും: ഞങ്ങളെ ആര്‍ കാണുന്നു? ഞങ്ങളെ ആര്‍ അറിയുന്നു എന്നു പറകയും ചെയ്യുന്നവര്‍ക്ക് അയ്യോ കഷ്ടം!

16 അയ്യോ, ഇതെന്തൊരു മറിവ്! കുശവനും കളിമണ്ണും ഒരുപോലെ എന്നു വിചാരിക്കാമോ? ഉണ്ടായത് ഉണ്ടാക്കിയവനെക്കുറിച്ച്: അവന്‍ എന്നെ ഉണ്ടാക്കിയിട്ടില്ല എന്നും, ഉരുവായത് ഉരുവാക്കിയവനെക്കുറിച്ച്: അവനു ബുദ്ധിയില്ല എന്നും പറയുമോ?

17 ഇനി അല്പകാലംകൊണ്ടു ലെബാനോന്‍ ഒരു ഉദ്യാനമായിത്തീരുകയും ഉദ്യാനം വനമായി എണ്ണപ്പെടുകയും ചെയ്കയില്ലയോ?

18 അന്നാളിൽ ചെകിടന്മാര്‍ പുസ്തകത്തിലെ വചനങ്ങളെ കേള്‍ക്കുകയും കുരുടന്മാരുടെ കണ്ണുകള്‍ ഇരുളും അന്ധകാരവും നീങ്ങി കാണുകയും

19 സൗമ്യതയുള്ളവര്‍ക്കു യഹോവയിൽ സന്തോഷം വര്‍ധിക്കയും മനുഷ്യരിൽ സാധുക്കളായവര്‍ യിസ്രായേലിന്‍റെ പരിശുദ്ധനിൽ ആനന്ദിക്കയും ചെയ്യും.

20 നിഷ്കണ്ടകന്‍ നാസ്തിയായും പരിഹാസി ഇല്ലാതെയായും ഇരിക്കുന്നുവല്ലോ.

21 മനുഷ്യരെ വ്യവഹാരത്തിൽ കുറ്റക്കാരാക്കുകയും പട്ടണവാതിൽക്കൽ ന്യായം വിസ്തരിക്കുന്നവനു കെണി വയ്ക്കയും നീതിമാനെ നിസ്സാരകാര്യം കൊണ്ടു ബഹിഷ്കരിക്കയും ചെയ്യുന്നവരായി നീതികേടിനു ജാഗ്രതയുള്ള ഏവരും ഛേദിക്കപ്പെട്ടുമിരിക്കുന്നു.

22 ആകയാൽ അബ്രാഹാമിനെ വീണ്ടെടുത്ത യഹോവ യാക്കോബ്ഗൃഹത്തെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: യാക്കോബ് ഇനി ലജ്ജിച്ചുപോകയില്ല; അവന്‍റെ മുഖം ഇനി വിളറിപ്പോകയുമില്ല.

23 എന്നാൽ അവന്‍, അവന്‍റെ മക്കള്‍ തന്നെ, തങ്ങളുടെ മധ്യേ എന്‍റെ കൈകളുടെ പ്രവൃത്തി കാണുമ്പോള്‍ അവര്‍ എന്‍റെ നാമത്തെ വിശുദ്ധീകരിക്കും; അതേ അവര്‍ യാക്കോബിന്‍റെ പരിശുദ്ധനെ വിശുദ്ധീകരിക്കയും യിസ്രായേലിന്‍റെ ദൈവത്തെ ഭയപ്പെടുകയും ചെയ്യും.

24 മനോവിഭ്രമമുള്ളവര്‍ ജ്ഞാനം ഗ്രഹിക്കയും പിറുപിറുക്കുന്നവര്‍ ഉപദേശം പഠിക്കയും ചെയ്യും.

  • Isaiah 28 — previous chapter
  • Isaiah 30 — next chapter
  • Isaiah 29 — English (KJV)
  • Isaiah 29 — English (WEB)
  • Isaiah 29 — Tamil (தமிழ்)
  • Isaiah 29 — Hindi (हिंदी)
  • Isaiah 29 — Kannada (ಕನ್ನಡ)