യെശയ്യാ 26 (Isaiah 26)

Malayalam Bible — Malayalam (മലയാളം)

1 അന്നാളിൽ അവര്‍ യെഹൂദാദേശത്ത് ഈ പാട്ടു പാടും: നമുക്കു ബലമുള്ളൊരു പട്ടണം ഉണ്ട്; അവന്‍ രക്ഷയെ മതിലുകളും കൊത്തളങ്ങളും ആക്കിവയ്ക്കുന്നു.

2 വിശ്വസ്തത കാണിക്കുന്ന നീതിയുള്ള ജാതി പ്രവേശിക്കേണ്ടതിനു വാതിലുകളെ തുറപ്പിന്‍.

3 സ്ഥിരമാനസന്‍ നിന്നിൽ ആശ്രയം വച്ചിരിക്കകൊണ്ടു നീ അവനെ പൂര്‍ണസമാധാനത്തിൽ കാക്കുന്നു.

4 യഹോവയാം യാഹിൽ ശാശ്വതമായൊരു പാറ ഉള്ളതിനാൽ യഹോവയിൽ എന്നേക്കും ആശ്രയിപ്പിന്‍.

5 അവന്‍ ഉയരത്തിൽ പാര്‍ക്കുന്നവരെ ഉന്നതനഗരത്തെ തന്നെ താഴ്ത്തി തള്ളിയിട്ടു നിലംപരിചാക്കി പൊടിയിൽ ഇട്ടുകളഞ്ഞിരിക്കുന്നു.

6 കാൽ അതിനെ ചവിട്ടിക്കളയും; എളിയവരുടെ കാലുകളും ദരിദ്രന്മാരുടെ കാലടികളും തന്നെ.

7 നീതിമാന്‍റെ വഴി ചൊവ്വുള്ളതാകുന്നു; നീ നീതിമാന്‍റെ പാതയെ ചൊവ്വായി നിരത്തുന്നു.

8 അതേ, യഹോവേ, നിന്‍റെ ന്യായവിധികളുടെ പാതയിൽ ഞങ്ങള്‍ നിന്നെ കാത്തിരിക്കുന്നു; നിന്‍റെ നാമത്തിനായിട്ടും നിന്‍റെ സ്മരണയ്ക്കായിട്ടും ഞങ്ങളുടെ ഉള്ളം വാഞ്ഛിക്കുന്നു.

9 എന്‍റെ ഉള്ളംകൊണ്ടു ഞാന്‍ രാത്രിയിൽ നിന്നെ ആഗ്രഹിച്ചു; എന്‍റെ ഉള്ളിൽ എന്‍റെ ആത്മാവുകൊണ്ടു തന്നെ ഞാന്‍ ജാഗ്രതയോടെ നിന്നെ അന്വേഷിക്കും; നിന്‍റെ ന്യായവിധികള്‍ ഭൂമിയിൽ നടക്കുമ്പോള്‍ ഭൂവാസികള്‍ നീതിയെ പഠിക്കും.

10 ദുഷ്ടനു കൃപ കാണിച്ചാലും അവന്‍ നീതി പഠിക്കയില്ല; നേരുള്ള ദേശത്ത് അവന്‍ അന്യായം പ്രവര്‍ത്തിക്കും; യഹോവയുടെ മഹത്ത്വം അവന്‍ കാണുകയുമില്ല.

11 യഹോവേ, നിന്‍റെ കൈ ഉയര്‍ന്നിരിക്കുന്നു; അവരോ കാണുന്നില്ല; എങ്കിലും ജനത്തെക്കുറിച്ചുള്ള നിന്‍റെ തീക്ഷ്ണത അവര്‍ കണ്ടു ലജ്ജിക്കും; നിന്‍റെ ശത്രുക്കളെ ദഹിപ്പിക്കുന്ന തീ അവരെ ദഹിപ്പിച്ചുകളയും.

12 യഹോവേ, നീ ഞങ്ങള്‍ക്കായിട്ടു സമാധാനം നിയമിക്കും; ഞങ്ങളുടെ സകല പ്രവൃത്തികളെയും നീ ഞങ്ങള്‍ക്കുവേണ്ടി നിവര്‍ത്തിച്ചിരിക്കുന്നുവല്ലോ.

13 ഞങ്ങളുടെ ദൈവമായ യഹോവേ, നീയല്ലാതെ വേറേ കര്‍ത്താക്കന്മാര്‍ ഞങ്ങളുടെമേൽ കര്‍ത്തൃത്വം നടത്തിയിട്ടുണ്ട്; എന്നാൽ നിന്നെ മാത്രം, നിന്‍റെ നാമത്തെ തന്നെ,

14 ഞങ്ങള്‍ സ്വീകരിക്കുന്നു. മരിച്ചവര്‍ ജീവിക്കുന്നില്ല; മൃതന്മാര്‍ എഴുന്നേല്ക്കുന്നില്ല; അതിനായിട്ടല്ലോ നീ അവരെ സന്ദര്‍ശിച്ച് സംഹരിക്കയും അവരുടെ ഓര്‍മയെ അശേഷം ഇല്ലാതാക്കുകയും ചെയ്തത്.

15 നീ ജനത്തെ വര്‍ധിപ്പിച്ചു; യഹോവേ, ജനത്തെ നീ വര്‍ധിപ്പിച്ചു; നീ മഹത്ത്വപ്പെട്ടിരിക്കുന്നു; ദേശത്തിന്‍റെ അതിരുകളെയെല്ലാം നീ വിസ്താരമാക്കിയിരിക്കുന്നു.

16 യഹോവേ, കഷ്ടതയിൽ അവര്‍ നിന്നെ നോക്കുകയും നിന്‍റെ ശിക്ഷ അവര്‍ക്കു തട്ടിയപ്പോള്‍ ജപം കഴിക്കയും ചെയ്തു.

17 യഹോവേ, പ്രസവം അടുത്തിരിക്കുന്ന ഗര്‍ഭിണി നോവുകിട്ടി തന്‍റെ വേദനയിൽ നിലവിളിക്കുന്നതുപോലെ ഞങ്ങള്‍ നിന്‍റെ മുമ്പാകെ ആയിരുന്നു.

18 ഞങ്ങള്‍ ഗര്‍ഭം ധരിച്ചു നോവുകിട്ടി പ്രസവിച്ചാറെ, കാറ്റിനെ പ്രസവിച്ചതുപോലെ ഇരുന്നു; ദേശത്ത് ഒരു രക്ഷയും ഞങ്ങള്‍ പ്രവര്‍ത്തിച്ചിട്ടില്ല; ഭൂവാസികള്‍ പിറന്നുവീണതുമില്ല.

19 നിന്‍റെ മൃതന്മാര്‍ ജീവിക്കും; എന്‍റെ ശവങ്ങള്‍ എഴുന്നേല്ക്കും; പൊടിയിൽ കിടക്കുന്നവരേ, ഉണര്‍ന്നു ഘോഷിപ്പിന്‍; നിന്‍റെ മഞ്ഞ് പ്രഭാതത്തിലെ മഞ്ഞുപോലെ ഇരിക്കുന്നു; ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ.

20 എന്‍റെ ജനമേ, വന്നു നിന്‍റെ അറകളിൽ കടന്നു വാതിലുകളെ അടയ്ക്ക; ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്ക് ഒളിച്ചിരിക്ക.

21 യഹോവ ഭൂവാസികളെ അവരുടെ അകൃത്യംനിമിത്തം സന്ദര്‍ശിപ്പാന്‍ തന്‍റെ സ്ഥലത്തുനിന്ന് ഇതാ, വരുന്നു. ഭൂമി താന്‍ കുടിച്ച രക്തമൊക്കെയും വെളിപ്പെടുത്തും; തന്നിലുള്ള ഹതന്മാരെ ഇനി മൂടിവയ്ക്കയുമില്ല.

  • Isaiah 25 — previous chapter
  • Isaiah 27 — next chapter
  • Isaiah 26 — English (KJV)
  • Isaiah 26 — English (WEB)
  • Isaiah 26 — Tamil (தமிழ்)
  • Isaiah 26 — Hindi (हिंदी)
  • Isaiah 26 — Kannada (ಕನ್ನಡ)