യെശയ്യാ 25 (Isaiah 25)

Malayalam Bible — Malayalam (മലയാളം)

1 യഹോവേ, നീ എന്‍റെ ദൈവമാകുന്നു; ഞാന്‍ നിന്നെ പുകഴ്ത്തും; ഞാന്‍ നിന്‍റെ നാമത്തെ സ്തുതിക്കും; നീ അദ്ഭുതമായി പണ്ടേയുള്ള ആലോചനകളെ വിശ്വസ്തതയോടും സത്യത്തോടുംകൂടെ അനുഷ്ഠിച്ചിരിക്കുന്നുവല്ലോ.

2 നീ നഗരത്തെ കൽക്കുന്നും ഉറപ്പുള്ള പട്ടണത്തെ ശൂന്യവും അന്യന്മാരുടെ അരമനകളെ നഗരമല്ലാതവണ്ണവും ആക്കിത്തീര്‍ത്തു; അത് ഒരുനാളും പണിയുകയില്ല.

3 അതുകൊണ്ടു ബലമുള്ള ജാതി നിന്നെ മഹത്ത്വപ്പെടുത്തും; ഭയങ്കരജാതികളുടെ പട്ടണം നിന്നെ ഭയപ്പെടും.

4 ഭയങ്കരന്മാരുടെ ചീറ്റൽ മതിലിന്‍റെ നേരേ കൊടുങ്കാറ്റുപോലെ അടിക്കുമ്പോള്‍, നീ എളിയവന് ഒരു ദുര്‍ഗവും ദരിദ്രന് അവന്‍റെ കഷ്ടത്തിൽ ഒരു കോട്ടയും കൊടുങ്കാറ്റിൽ ഒരു ശരണവും ഉഷ്ണത്തിൽ ഒരു തണലും ആയിരിക്കുന്നു.

5 വരണ്ട നിലത്തിലെ ഉഷ്ണത്തെപ്പോലെ നീ അന്യന്മാരുടെ ആരവത്തെ അടക്കിക്കളയുന്നു; മേഘത്തിന്‍റെ തണൽകൊണ്ട് ഉഷ്ണം എന്നപോലെ നിഷ്കണ്ടകന്മാരുടെ പാട്ട് ഒതുങ്ങിപ്പോകും.

6 സൈന്യങ്ങളുടെ യഹോവ ഈ പര്‍വതത്തിൽ സകല ജാതികള്‍ക്കും മൃഷ്ടഭോജനങ്ങള്‍കൊണ്ടും മട്ടൂറിയ വീഞ്ഞുകൊണ്ടും ഒരു വിരുന്നു കഴിക്കും; മേദസ്സു നിറഞ്ഞ മൃഷ്ടഭോജനങ്ങള്‍കൊണ്ടും മട്ടു നീക്കി തെളിച്ചെടുത്ത വീഞ്ഞുകൊണ്ടും ഉള്ള വിരുന്നു തന്നെ.

7 സകല വംശങ്ങള്‍ക്കും ഉള്ള മൂടുപടവും സകല ജാതികളുടെയുംമേൽ കിടക്കുന്ന മറവും അവന്‍ ഈ പര്‍വതത്തിൽവച്ചു നശിപ്പിച്ചുകളയും.

8 അവന്‍ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കര്‍ത്താവ് സകല മുഖങ്ങളിലുംനിന്നു കണ്ണുനീര്‍ തുടയ്ക്കയും തന്‍റെ ജനത്തിന്‍റെ നിന്ദ സകല ഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നത്.

9 അന്നാളിൽ: ഇതാ, നമ്മുടെ ദൈവം; അവനെയത്രേ നാം കാത്തിരുന്നത്; അവന്‍ നമ്മെ രക്ഷിക്കും; അവന്‍ തന്നെ യഹോവ; അവനെയത്രേ നാം കാത്തിരുന്നത്; അവന്‍റെ രക്ഷയിൽ നമുക്ക് ആനന്ദിച്ചു സന്തോഷിക്കാം എന്ന് അവര്‍ പറയും.

10 യഹോവയുടെ കൈ ഈ പര്‍വതത്തിൽ ആവസിക്കുമല്ലോ; എന്നാൽ വൈക്കോൽ ചാണകക്കുഴിയിലെ വെള്ളത്തിൽ ഇട്ടു ചവിട്ടുന്നതുപോലെ മോവാബ് സ്വസ്ഥാനത്തു തന്നെ മെതിക്കപ്പെടും.

11 നീന്തുന്നവന്‍ നീന്തുവാന്‍ കൈ നീട്ടുന്നതുപോലെ അവന്‍ അതിന്‍റെ നടുവിൽ കൈ നീട്ടും; എങ്കിലും അവന്‍റെ ഗര്‍വവും കൈമിടുക്കും അവന്‍ താഴ്ത്തിക്കളയും.

12 നിന്‍റെ ഉറപ്പും ഉയരവും ഉള്ള മതിലുകളെ അവന്‍ താഴെ നിലത്തു തള്ളിയിട്ടു പൊടിയാക്കിക്കളയും.

  • Isaiah 24 — previous chapter
  • Isaiah 26 — next chapter
  • Isaiah 25 — English (KJV)
  • Isaiah 25 — English (WEB)
  • Isaiah 25 — Tamil (தமிழ்)
  • Isaiah 25 — Hindi (हिंदी)
  • Isaiah 25 — Kannada (ಕನ್ನಡ)