യെശയ്യാ 24 (Isaiah 24)

Malayalam Bible — Malayalam (മലയാളം)

1 യഹോവ ഭൂമിയെ നിര്‍ജനവും ശൂന്യവും ആക്കി കീഴ്മേൽ മറിക്കയും അതിലെ നിവാസികളെ ചിതറിക്കയും ചെയ്യും.

2 ജനത്തിനും പുരോഹിതനും, ദാസനും യജമാനനും, ദാസിക്കും യജമാനത്തിക്കും, കൊള്ളുന്നവനും വില്ക്കുന്നവനും, കടം കൊടുക്കുന്നവനും കടം വാങ്ങുന്നവനും, പലിശ വാങ്ങുന്നവനും പലിശ കൊടുക്കുന്നവനും ഒരുപോലെ ഭവിക്കും.

3 ഭൂമി അശേഷം നിര്‍ജനമായും കവര്‍ച്ചയായും പോകും; യഹോവയല്ലോ ഈ വചനം അരുളിച്ചെയ്തിരിക്കുന്നത്.

4 ഭൂമി ദുഃഖിച്ചു വാടിപ്പോകുന്നു; ഭൂതലം ക്ഷയിച്ചു വാടിപ്പോകുന്നു; ഭൂമിയിലെ ഉന്നതന്മാര്‍ ക്ഷീണിച്ചുപോകുന്നു.

5 ഭൂമി അതിലെ നിവാസികളാൽ മലിനമായിരിക്കുന്നു; അവര്‍ പ്രമാണങ്ങളെ ലംഘിച്ചു ചട്ടത്തെ മറിച്ചു നിത്യനിയമത്തിനു ഭംഗം വരുത്തിയിരിക്കുന്നു.

6 അതുകൊണ്ടു ഭൂമി ശാപഗ്രസ്തമായി അതിൽ പാര്‍ക്കുന്നവര്‍ ശിക്ഷ അനുഭവിക്കുന്നു; അതുകൊണ്ടു ഭൂവാസികള്‍ ദഹിച്ചുപോയി ചുരുക്കം പേര്‍ മാത്രം ശേഷിച്ചിരിക്കുന്നു.

7 പുതുവീഞ്ഞു ദുഃഖിക്കുന്നു; മുന്തിരിവള്ളി വാടുന്നു; സന്തുഷ്ടമാനസന്മാരൊക്കെയും നെടുവീര്‍പ്പിടുന്നു.

8 തപ്പുകളുടെ ആനന്ദം നിന്നുപോകുന്നു; ഉല്ലസിക്കുന്നവരുടെ ഘോഷം തീര്‍ന്നുപോകുന്നു; കിന്നരത്തിന്‍റെ ആനന്ദം ഇല്ലാതെയാകുന്നു.

9 അവര്‍ പാട്ടു പാടിക്കൊണ്ടു വീഞ്ഞു കുടിക്കയില്ല; മദ്യം കുടിക്കുന്നവര്‍ക്ക് അതു കയ്പായിരിക്കും.

10 ശൂന്യപട്ടണം ഇടിഞ്ഞുകിടക്കുന്നു; ആര്‍ക്കും കടന്നുകൂടാതവണ്ണം എല്ലാ വീടും അടഞ്ഞുപോയിരിക്കുന്നു.

11 വീഞ്ഞില്ലായ്കയാൽ വീഥികളിൽ നിലവിളി കേള്‍ക്കുന്നു; സന്തോഷമൊക്കെ ഇരുണ്ടിരിക്കുന്നു; ദേശത്തിലെ ആനന്ദം പൊയ്പോയിരിക്കുന്നു.

12 പട്ടണത്തിൽ ശൂന്യത മാത്രം ശേഷിച്ചിരിക്കുന്നു; വാതിൽ തകര്‍ന്നു നാശമായി കിടക്കുന്നു.

13 ഒലിവു തല്ലുംപോലെയും മുന്തിരിപ്പഴം പറിച്ചു തീര്‍ന്നിട്ടു കാലാ പെറുക്കുംപോലെയും ഭൂമിയുടെ മധ്യേ ജാതികളുടെ ഇടയിൽ സംഭവിക്കുന്നു.

14 അവര്‍ ഉച്ചത്തിൽ ആര്‍ക്കും; യഹോവയുടെ മഹിമനിമിത്തം അവര്‍ സമുദ്രത്തിൽനിന്ന് ഉറക്കെ ആര്‍ക്കും.

15 അതുകൊണ്ടു നിങ്ങള്‍ കിഴക്കു യഹോവയെയും സമുദ്രതീരങ്ങളിൽ യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ നാമത്തെയും മഹത്ത്വപ്പെടുത്തുവിന്‍.

16 നീതിമാനു മഹത്ത്വം എന്നിങ്ങനെ ഭൂമിയുടെ അറ്റത്തുനിന്നു കീര്‍ത്തനം പാടുന്നതു ഞങ്ങള്‍ കേട്ടു; ഞാനോ: എനിക്കു ക്ഷയം, എനിക്കു ക്ഷയം, എനിക്ക് അയ്യോ കഷ്ടം! എന്നു പറഞ്ഞു. ദ്രോഹികള്‍ ദ്രോഹം ചെയ്തിരിക്കുന്നു; ദ്രോഹികള്‍ മഹാ ദ്രോഹം ചെയ്തിരിക്കുന്നു.

17 ഭൂവാസിയേ, പേടിയും കുഴിയും കെണിയും നിനക്കു നേരിട്ടിരിക്കുന്നു.

18 പേടി കേട്ട് ഓടിപ്പോകുന്നവന്‍ കുഴിയിൽ വീഴും; കുഴിയിൽനിന്നു കയറുന്നവന്‍ കെണിയിൽ അകപ്പെടും; ഉയരത്തിലെ കിളിവാതിലുകള്‍ തുറന്നിരിക്കുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങള്‍ കുലുങ്ങുന്നു.

19 ഭൂമി പൊടുപൊടെ പൊട്ടുന്നു; ഭൂമി കിറുകിറെ കീറുന്നു; ഭൂമി കിടുകിട കിടുങ്ങുന്നു.

20 ഭൂമി മത്തനെപ്പോലെ ചാഞ്ചാടുന്നു; കാവൽമാടംപോലെ ആടുന്നു; അതിന്‍റെ അകൃത്യം അതിന്മേൽ ഭാരമായിരിക്കുന്നു; അതു വീഴും, എഴുന്നേല്ക്കയുമില്ല.

21 അന്നാളിൽ യഹോവ ഉയരത്തിൽ ഉന്നതന്മാരുടെ സൈന്യത്തെയും ഭൂമിയിൽ ഭൂപാലന്മാരെയും സന്ദര്‍ശിക്കും.

22 കുണ്ടറയിൽ വിലങ്ങുകാരെപ്പോലെ അവരെ ഒന്നിച്ചു കൂട്ടി കാരാഗൃഹത്തിൽ അടയ്ക്കയും ഏറിയനാള്‍ കഴിഞ്ഞിട്ട് അവരെ സന്ദര്‍ശിക്കയും ചെയ്യും.

23 സൈന്യങ്ങളുടെ യഹോവ സീയോന്‍പര്‍വതത്തിലും യെരൂശലേമിലും വാഴുകയാലും അവന്‍റെ മൂപ്പന്മാരുടെ മുമ്പിൽ തേജസ്സുണ്ടാകയാലും ചന്ദ്രന്‍ നാണിക്കയും സൂര്യന്‍ ലജ്ജിക്കയും ചെയ്യും.

  • Isaiah 23 — previous chapter
  • Isaiah 25 — next chapter
  • Isaiah 24 — English (KJV)
  • Isaiah 24 — English (WEB)
  • Isaiah 24 — Tamil (தமிழ்)
  • Isaiah 24 — Hindi (हिंदी)
  • Isaiah 24 — Kannada (ಕನ್ನಡ)