Malayalam Bible — Malayalam (മലയാളം)
1 അന്നാളിൽ യഹോവ കടുപ്പവും വലിപ്പവും ബലവും ഉള്ള തന്‍റെ വാള്‍കൊണ്ടു വിദ്രുതസര്‍പ്പമായ ലിവ്യാഥാനെയും വക്രസര്‍പ്പമായ ലിവ്യാഥാനെയും സന്ദര്‍ശിക്കും; സമുദ്രത്തിലെ മഹാസര്‍പ്പത്തെ അവന്‍ കൊന്നുകളയും.
2 അന്നു നിങ്ങള്‍ മനോഹരമായൊരു മുന്തിരിത്തോട്ടത്തെപ്പറ്റി പാട്ടുപാടുവിന്‍.
3 യഹോവയായ ഞാന്‍ അതിനെ സൂക്ഷിക്കും; ക്ഷണംപ്രതി ഞാന്‍ അതിനെ നനയ്ക്കും; ആരും അതിനെ തൊടാതിരിക്കേണ്ടതിനു ഞാന്‍ അതിനെ രാവും പകലും സൂക്ഷിക്കും.
4 ക്രോധം എനിക്കില്ല; യുദ്ധത്തിൽ പറക്കാരയും മുള്‍പ്പടര്‍പ്പും എനിക്കു വിരോധമായിരുന്നെങ്കിൽ കൊള്ളായിരുന്നു; ഞാന്‍ അവയുടെ നേരേ ചെന്ന് അവയെ ആകപ്പാടെ ചുട്ടുകളയുമായിരുന്നു.
5 അല്ലെങ്കിൽ അവന്‍ എന്നെ അഭയം പ്രാപിച്ച് എന്നോടു സമാധാനം ചെയ്തുകൊള്ളട്ടെ; അതെ, അവന്‍ എന്നോടു സമാധാനം ചെയ്തുകൊള്ളട്ടെ.
6 വരുംകാലത്തു യാക്കോബ് വേരൂന്നുകയും യിസ്രായേൽ തളിര്‍ത്തു പൂക്കുകയും അങ്ങനെ ഭൂതലത്തിന്‍റെ ഉപരിഭാഗം ഫലപൂര്‍ണമാകയും ചെയ്യും.
7 അവനെ അടിച്ചവരെ അടിച്ചതുപോലെയോ അവന്‍ അവനെ അടിച്ചത്? അവനെ കൊന്നവരെ കൊന്നതുപോലെയോ അവന്‍ കൊല്ലപ്പെട്ടിരിക്കുന്നത്?
8 അവരെ ഉപേക്ഷിച്ചതിനാൽ നീ മിതമായിട്ട് അവളോടു വാദിച്ചു; കിഴക്കന്‍കാറ്റുള്ള നാളിൽ അവന്‍ കൊടുങ്കാറ്റുകൊണ്ടു പാറ്റിക്കളഞ്ഞു.
9 ഇതുകൊണ്ട് യാക്കോബിന്‍റെ അകൃത്യത്തിനു പരിഹാരം വരും; അവന്‍റെ പാപത്തെ നീക്കിക്കളഞ്ഞതിന്‍റെ ഫലമെല്ലാം ഇതാകുന്നു; അവന്‍ ബലിപീഠത്തിന്‍റെ കല്ല് ഒക്കെയും ഇടിച്ചുതകര്‍ത്ത ചുണ്ണാമ്പുകല്ലുപോലെ ആക്കുമ്പോള്‍ അശേരാപ്രതിഷ്ഠകളും സൂര്യസ്തംഭങ്ങളും ഇനി നിവര്‍ന്നുനില്ക്കയില്ല.
10 ഉറപ്പുള്ള പട്ടണം ഏകാന്തവും മരുഭൂമിപോലെ നിര്‍ജനവും ശൂന്യവും ആയിരിക്കും; അവിടെ കാളക്കിടാവു മേഞ്ഞുകിടന്ന് അവിടെയുള്ള തളിരുകളെ തിന്നുകളയും.
11 അതിലെ കൊമ്പുകള്‍ ഉണങ്ങുമ്പോള്‍ ഒടിഞ്ഞുവീഴും; സ്ത്രീകള്‍ വന്ന് അതു പെറുക്കി തീ കത്തിക്കും; അതു തിരിച്ചറിവില്ലാത്ത ഒരു ജാതിയല്ലോ; അതുകൊണ്ട് അവരെ നിര്‍മിച്ചവന് അവരോടു കരുണ തോന്നുകയില്ല; അവരെ മനഞ്ഞവന്‍ അവര്‍ക്കു കൃപ കാണിക്കയുമില്ല.
12 അന്നാളിൽ യഹോവ നദിമുതൽ മിസ്രയീംതോടുവരെ കറ്റ മെതിക്കും; യിസ്രായേൽമക്കളേ, നിങ്ങളെ ഓരോന്നായി പെറുക്കി എടുക്കും.
13 അന്നാളിൽ മഹാകാഹളം ഊതും; അശ്ശൂര്‍ദേശത്തു നഷ്ടരായവരും മിസ്രയീംദേശത്തു ഭ്രഷ്ടരായവരും വന്നു യെരൂശലേമിലെ വിശുദ്ധപര്‍വതത്തിൽ യഹോവയെ നമസ്കരിക്കും.