പുറപ്പാട് 24 (Exodus 24)

Malayalam Bible — Malayalam (മലയാളം)

1 അവന്‍ പിന്നെയും മോശെയോട്: നീ യും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതു പേരും യഹോവയുടെ അടുക്കൽ കയറിവന്നു ദൂരത്തുനിന്നു നമസ്കരിപ്പിന്‍.

2 മോശെ മാത്രം യഹോവയ്ക്ക് അടുത്തുവരട്ടെ. അവര്‍ അടുത്തു വരരുത്; ജനം അവനോടുകൂടെ കയറിവരികയുമരുത് എന്നു കല്പിച്ചു.

3 എന്നാറെ മോശെ വന്നു യഹോവയുടെ വചനങ്ങളും ന്യായങ്ങളും എല്ലാം ജനത്തെ അറിയിച്ചു. യഹോവ കല്പിച്ച സകല കാര്യങ്ങളും ഞങ്ങള്‍ ചെയ്യും എന്നു ജനമൊക്കെയും ഏകശബ്ദത്തോടെ ഉത്തരം പറഞ്ഞു.

4 മോശെ യഹോവയുടെ വചനങ്ങളൊക്കെയും എഴുതി അതികാലത്ത് എഴുന്നേറ്റു പര്‍വതത്തിന്‍റെ അടിവാരത്ത് ഒരു യാഗപീഠവും യിസ്രായേലിന്‍റെ പന്ത്രണ്ടു ഗോത്രങ്ങളുടെ സംഖ്യക്കൊത്തവണ്ണം പന്ത്രണ്ടു തൂണും പണിതു.

5 പിന്നെ അവന്‍ യിസ്രായേൽമക്കളിൽ ചില ബാല്യക്കാരെ അയച്ചു; അവര്‍ ഹോമയാഗങ്ങളെ കഴിച്ച് യഹോവയ്ക്കു സമാധാനയാഗങ്ങളായി കാളകളെയും അര്‍പ്പിച്ചു.

6 മോശെ രക്തത്തിൽ പാതി എടുത്തു പാത്രങ്ങളിൽ ഒഴിച്ചു; രക്തത്തിൽ പാതി യാഗപീഠത്തിന്മേൽ തളിച്ചു.

7 അവന്‍ നിയമപുസ്തകം എടുത്തു ജനം കേള്‍ക്കെ വായിച്ചു. യഹോവ കല്പിച്ചതൊക്കെയും ഞങ്ങള്‍ അനുസരിച്ചു നടക്കുമെന്ന് അവര്‍ പറഞ്ഞു.

8 അപ്പോള്‍ മോശെ രക്തം എടുത്തു ജനത്തിന്മേൽ തളിച്ചു; ഈ സകല വചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്‍റെ രക്തം ഇതാ എന്നു പറഞ്ഞു.

9 അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതു പേരുംകൂടെ കയറിച്ചെന്നു.

10 അവര്‍ യിസ്രായേലിന്‍റെ ദൈവത്തെ കണ്ടു; അവന്‍റെ പാദങ്ങള്‍ക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്‍റെ സ്വച്ഛതപോലെയും ആയിരുന്നു.

11 യിസ്രായേൽമക്കളുടെ പ്രമാണികള്‍ക്കു തൃക്കൈയാൽ ഒന്നും ഭവിച്ചില്ല; അവര്‍ ദൈവത്തെ കണ്ടു ഭക്ഷണപാനീയങ്ങള്‍ കഴിച്ചു.

12 പിന്നെ യഹോവ മോശെയോട്: നീ എന്‍റെ അടുക്കൽ പര്‍വതത്തിൽ കയറിവന്ന് അവിടെ ഇരിക്ക; ഞാന്‍ നിനക്കു കല്പലകകളും നീ അവരെ ഉപദേശിക്കേണ്ടതിനു ഞാന്‍ എഴുതിയ ന്യായപ്രമാണവും കല്പനകളും തരും എന്ന് അരുളിച്ചെയ്തു.

13 അങ്ങനെ മോശെയും അവന്‍റെ ശുശ്രൂഷക്കാരനായ യോശുവയും എഴുന്നേറ്റു, മോശെ ദൈവത്തിന്‍റെ പര്‍വതത്തിൽ കയറി.

14 അവന്‍ മൂപ്പന്മാരോട്: ഞങ്ങള്‍ നിങ്ങളുടെ അടുക്കൽ മടങ്ങിവരുവോളം ഇവിടെ താമസിപ്പിന്‍; അഹരോനും ഹൂരും നിങ്ങളോടുകൂടെ ഉണ്ടല്ലോ; ആര്‍ക്കെങ്കിലും വല്ല കാര്യവുമുണ്ടായാൽ അവന്‍ അവരുടെ അടുക്കൽ ചെല്ലട്ടെ എന്നു പറഞ്ഞു.

15 അങ്ങനെ മോശെ പര്‍വതത്തിൽ കയറിപ്പോയി; ഒരു മേഘം പര്‍വതത്തെ മൂടി.

16 യഹോവയുടെ തേജസ്സും സീനായിപര്‍വതത്തിൽ ആവസിച്ചു. മേഘം ആറു ദിവസം അതിനെ മൂടിയിരുന്നു; അവന്‍ ഏഴാം ദിവസം മേഘത്തിന്‍റെ നടുവിൽനിന്നു മോശെയെ വിളിച്ചു.

17 യഹോവയുടെ തേജസ്സിന്‍റെ കാഴ്ച പര്‍വതത്തിന്‍റെ മുകളിൽ കത്തുന്ന തീപോലെ യിസ്രായേൽമക്കള്‍ക്കു തോന്നി.

18 മോശെയോ മേഘത്തിന്‍റെ നടുവിൽ പര്‍വതത്തിൽ കയറി. മോശെ നാല്പതു പകലും നാല്പതു രാവും പര്‍വതത്തിൽ ആയിരുന്നു.

  • Exodus 23 — previous chapter
  • Exodus 25 — next chapter
  • Exodus 24 — English (KJV)
  • Exodus 24 — English (WEB)
  • Exodus 24 — Tamil (தமிழ்)
  • Exodus 24 — Hindi (हिंदी)
  • Exodus 24 — Kannada (ಕನ್ನಡ)