പുറപ്പാട് 23 (Exodus 23)

Malayalam Bible — Malayalam (മലയാളം)

1 വ്യാജവര്‍ത്തമാനം പരത്തരുത്; കള്ളസ്സാക്ഷിയായിരിപ്പാന്‍ ദുഷ്ടനോടുകൂടെ ചേരരുത്.

2 ബഹുജനത്തെ അനുസരിച്ചു ദോഷം ചെയ്യരുത്; ന്യായം മറിച്ചുകളവാന്‍ ബഹുജനപക്ഷം ചേര്‍ന്നു വ്യവഹാരത്തിൽ സാക്ഷ്യം പറയരുത്.

3 ദരിദ്രന്‍റെ വ്യവഹാരത്തിൽ അവനോടു പക്ഷം കാണിക്കരുത്.

4 നിന്‍റെ ശത്രുവിന്‍റെ കാളയോ കഴുതയോ വഴി തെറ്റിയതായി കണ്ടാൽ അതിനെ അവന്‍റെ അടുക്കൽ തിരികെ കൊണ്ടുപോകേണം.

5 നിന്നെ ദ്വേഷിക്കുന്നവന്‍റെ കഴുത ചുമടിന്‍കീഴെ കിടക്കുന്നതു കണ്ടാൽ അവനെ വിചാരിച്ച് അതിനെ അഴിച്ചുവിടുവാന്‍ മടിച്ചാലും അഴിച്ചുവിടുവാന്‍ അവനു സഹായം ചെയ്യേണം.

6 നിങ്ങളുടെ ഇടയിലുള്ള ദരിദ്രന്‍റെ വ്യവഹാരത്തിൽ അവന്‍റെ ന്യായം മറിച്ചുകളയരുത്.

7 കള്ളക്കാര്യം വിട്ട് അകന്നിരിക്ക; കുറ്റമില്ലാത്തവനെയും നീതിമാനെയും കൊല്ലരുത്; ഞാന്‍ ദുഷ്ടനെ നീതീകരിക്കയില്ലല്ലോ.

8 സമ്മാനം കാഴ്ചയുള്ളവരെ കുരുടാക്കുകയും നീതിമാന്മാരുടെ വാക്കുകളെ മറിച്ചുകളകയും ചെയ്യുന്നതുകൊണ്ടു നീ സമ്മാനം വാങ്ങരുത്.

9 പരദേശിയെ ഉപദ്രവിക്കരുത്: നിങ്ങള്‍ മിസ്രയീംദേശത്തു പരദേശികളായിരുന്നതുകൊണ്ട് പരദേശിയുടെ അനുഭവം അറിയുന്നുവല്ലോ.

10 ആറു സംവത്സരം നിന്‍റെ നിലം വിതച്ചു വിളവ് എടുത്തുകൊള്‍ക.

11 ഏഴാം സംവത്സരത്തിലോ അത് ഉഴവുചെയ്യാതെ വെറുതേ ഇട്ടേക്ക; നിന്‍റെ ജനത്തിലെ ദരിദ്രന്മാര്‍ അഹോവൃത്തി കഴിക്കട്ടെ; അവര്‍ ശേഷിപ്പിക്കുന്നതു കാട്ടുമൃഗങ്ങള്‍ തിന്നട്ടെ. നിന്‍റെ മുന്തിരിത്തോട്ടവും ഒലിവുവൃക്ഷവും സംബന്ധിച്ചും അങ്ങനെതന്നെ ചെയ്ക.

12 ആറു ദിവസം വേല ചെയ്ക; ഏഴാം ദിവസം നിന്‍റെ കാളയും കഴുതയും വിശ്രമിപ്പാനും നിന്‍റെ ദാസിയുടെ പുത്രനും പരദേശിയും ആശ്വസിപ്പാനുംവേണ്ടി നീ സ്വസ്ഥമായിരിക്കേണം.

13 ഞാന്‍ നിങ്ങളോടു കല്പിച്ച എല്ലാറ്റിലും സൂക്ഷ്മതയോടിരിപ്പിന്‍; അന്യദൈവങ്ങളുടെ നാമം കീര്‍ത്തിക്കരുത്; അതു നിന്‍റെ വായിൽനിന്ന് കേള്‍ക്കയുമരുത്.

14 സംവത്സരത്തിൽ മൂന്നു പ്രാവശ്യം എനിക്ക് ഉത്സവം ആചരിക്കേണം.

15 പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഉത്സവം ആചരിക്കേണം; ഞാന്‍ നിന്നോടു കല്പിച്ചതുപോലെ ആബീബ് മാസത്തിൽ നിശ്ചയിച്ച സമയത്ത് ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നുക; അന്നല്ലോ നീ മിസ്രയീമിൽനിന്നു പുറപ്പെട്ടുപോന്നത്. എന്നാൽ വെറുംകൈയോടെ നിങ്ങള്‍ എന്‍റെ മുമ്പാകെ വരരുത്.

16 വയലിൽ വിതച്ച വിതയുടെ ആദ്യഫലമെടുക്കുന്ന കൊയ്ത്തുപെരുന്നാളും ആണ്ടറുതിയിൽ വയലിൽനിന്നു നിന്‍റെ വേലയുടെ ഫലം കൂട്ടിത്തീരുമ്പോള്‍ കായ്കനിപ്പെരുന്നാളും ആചരിക്കേണം.

17 സംവത്സരത്തിൽ മൂന്നു പ്രാവശ്യം നിന്‍റെ ആണുങ്ങള്‍ എല്ലാം കര്‍ത്താവായ യഹോവയുടെ മുമ്പാകെ വരേണം.

18 എന്‍റെ യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടെ അര്‍പ്പിക്കരുത്; എന്‍റെ യാഗമേദസ്സ് ഉഷഃകാലംവരെ ഇരിക്കയുമരുത്.

19 നിന്‍റെ ഭൂമിയുടെ ആദ്യവിളവുകളിലെ പ്രഥമഫലം നിന്‍റെ ദൈവമായ യഹോവയുടെ ആലയത്തിൽ കൊണ്ടുവരേണം. ആട്ടിന്‍കുട്ടിയെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്.

20 ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിനും ഞാന്‍ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിനും ഞാന്‍ ഒരു ദൂതനെ നിന്‍റെ മുമ്പിൽ അയയ്ക്കുന്നു.

21 നീ അവനെ ശ്രദ്ധിച്ച് അവന്‍റെ വാക്ക് കേള്‍ക്കേണം; അവനോടു വികടിക്കരുത്; അവന്‍ നിങ്ങളുടെ അതിക്രമങ്ങളെ ക്ഷമിക്കയില്ല; എന്‍റെ നാമം അവനിൽ ഉണ്ട്.

22 എന്നാൽ നീ അവന്‍റെ വാക്ക് ശ്രദ്ധയോടെ കേട്ട് ഞാന്‍ കല്പിക്കുന്നതൊക്കെയും ചെയ്താൽ നിന്നെ പകയ്ക്കുന്നവരെ ഞാന്‍ പകയ്ക്കും; നിന്നെ ഞെരുക്കുന്നവരെ ഞാന്‍ ഞെരുക്കും.

23 എന്‍റെ ദൂതന്‍ നിനക്കു മുമ്പായി നടന്നു നിന്നെ അമോര്യര്‍, ഹിത്യര്‍, പെരിസ്യര്‍, കനാന്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരുടെ ദേശത്തേക്കു കൊണ്ടുപോകും; അവരെ ഞാന്‍ നിര്‍മ്മൂലമാക്കും.

24 അവരുടെ ദേവന്മാരെ നമസ്കരിക്കരുത്; അവയെ സേവിക്കരുത്; അവരുടെ പ്രവൃത്തികള്‍പോലെ പ്രവര്‍ത്തിക്കരുത്; അവരെ അശേഷം നശിപ്പിച്ച് അവരുടെ വിഗ്രഹങ്ങളെ തകര്‍ത്തുകളയേണം.

25 നിങ്ങളുടെ ദൈവമായ യഹോവയെത്തന്നെ സേവിപ്പിന്‍; എന്നാൽ അവന്‍ നിന്‍റെ അപ്പത്തെയും വെള്ളത്തെയും അനുഗ്രഹിക്കും; ഞാന്‍ രോഗങ്ങളെ നിന്‍റെ നടുവിൽനിന്ന് അകറ്റിക്കളയും.

26 ഗര്‍ഭം അലസുന്നവളും മച്ചിയും നിന്‍റെ ദേശത്ത് ഉണ്ടാകയില്ല; നിന്‍റെ ആയുഷ്കാലം ഞാന്‍ പൂര്‍ത്തിയാക്കും.

27 എന്‍റെ ഭീതിയെ ഞാന്‍ നിന്‍റെ മുമ്പിൽ അയച്ചു നീ ചെല്ലുന്നേടത്തുള്ള ജാതികളെയൊക്കെയും അമ്പരപ്പിക്കയും നിന്‍റെ സകല ശത്രുക്കളെയും നിന്‍റെ മുമ്പിൽനിന്ന് ഓടിക്കയും ചെയ്യും.

28 നിന്‍റെ മുമ്പിൽനിന്നു ഹിവ്യനെയും കനാന്യനെയും ഹിത്യനെയും ഓടിച്ചുകളവാന്‍ ഞാന്‍ നിനക്കു മുമ്പായി കടുന്നലിനെ അയയ്ക്കും.

29 ദേശം ശൂന്യമാകാതെയും കാട്ടുമൃഗം നിനക്കു ബാധയായി പെരുകാതെയും ഇരിപ്പാന്‍ ഞാന്‍ അവരെ ഒരു സംവത്സരത്തിനകത്തു നിന്‍റെ മുമ്പിൽനിന്ന് ഓടിച്ചുകളകയില്ല.

30 നീ സന്താനസമ്പന്നമായി ദേശം അടക്കുന്നതുവരെ ഞാന്‍ അവരെ കുറേശ്ശ കുറേശ്ശ നിന്‍റെ മുമ്പിൽനിന്ന് ഓടിച്ചുകളയും.

31 ഞാന്‍ നിന്‍റെ ദേശം ചെങ്കടൽതുടങ്ങി ഫെലിസ്ത്യരുടെ കടൽവരെയും മരുഭൂമിതുടങ്ങി നദിവരെയും ആക്കും; ദേശത്തിലെ നിവാസികളെ നിങ്ങളുടെ കൈയിൽ ഏല്പിക്കും; നീ അവരെ നിന്‍റെ മുമ്പിൽനിന്ന് ഓടിച്ചുകളയേണം.

32 അവരോട് എങ്കിലും അവരുടെ ദേവന്മാരോട് എങ്കിലും നീ ഉടമ്പടി ചെയ്യരുത്.

33 നീ എന്നോടു പാപം ചെയ്‍വാന്‍ അവര്‍ ഹേതുവായിത്തീരാതിരിക്കേണ്ടതിന് അവര്‍ നിന്‍റെ ദേശത്തു വസിക്കരുത്. നീ അവരുടെ ദേവന്മാരെ സേവിച്ചാൽ അതു നിനക്കു കെണിയായിത്തീരും.

  • Exodus 22 — previous chapter
  • Exodus 24 — next chapter
  • Exodus 23 — English (KJV)
  • Exodus 23 — English (WEB)
  • Exodus 23 — Tamil (தமிழ்)
  • Exodus 23 — Hindi (हिंदी)
  • Exodus 23 — Kannada (ಕನ್ನಡ)