പുറപ്പാട് 25 (Exodus 25)

Malayalam Bible — Malayalam (മലയാളം)

1 യഹോവ മോശെയോടു കല്പിച്ചത് എന്തെന്നാൽ:

2 എനിക്കു വഴിപാടു കൊണ്ടുവരുവാന്‍ യിസ്രായേൽമക്കളോടു പറക; നല്ല മനസ്സോടെ തരുന്ന ഏവനോടും നിങ്ങള്‍ എനിക്കുവേണ്ടി വഴിപാടു വാങ്ങേണം.

3 അവരോടു വാങ്ങേണ്ടുന്ന വഴിപാടോ: പൊന്ന്, വെള്ളി, താമ്രം;

4 നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം,

5 ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ,തഹശുതോൽ, ഖദിരമരം;

6 വിളക്കിന് എണ്ണ, അഭിഷേകതൈലത്തിനും പരിമളധൂപത്തിനും സുഗന്ധവര്‍ഗം,

7 ഏഫോദിനും മാര്‍പതക്കത്തിനും പതിപ്പാന്‍ ഗോമേദകക്കല്ല്, രത്നങ്ങള്‍ എന്നിവതന്നെ.

8 ഞാന്‍ അവരുടെ നടുവിൽ വസിപ്പാന്‍ അവര്‍ എനിക്ക് ഒരു വിശുദ്ധമന്ദിരം ഉണ്ടാക്കേണം.

9 തിരുനിവാസവും അതിന്‍റെ ഉപകരണങ്ങളും ഞാന്‍ കാണിക്കുന്ന മാതൃകപ്രകാരമൊക്കെയുംതന്നെ ഉണ്ടാക്കേണം.

10 ഖദിരമരംകൊണ്ട് ഒരു പെട്ടകം ഉണ്ടാക്കേണം; അതിനു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവും വേണം.

11 അതു മുഴുവനും തങ്കംകൊണ്ടു പൊതിയേണം; അകത്തും പുറത്തും പൊതിയേണം; അതിന്‍റെമേൽ ചുറ്റും പൊന്നുകൊണ്ടുള്ള ഒരു വക്കും ഉണ്ടാക്കേണം.

12 അതിനു നാലു പൊന്‍വളയം വാര്‍പ്പിച്ചു നാലു കാലിലും ഇപ്പുറത്തു രണ്ടു വളയവും അപ്പുറത്തു രണ്ടു വളയവുമായി തറയ്ക്കേണം.

13 ഖദിരമരംകൊണ്ടു തണ്ടുകള്‍ ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിയേണം.

14 തണ്ടുകളാൽ പെട്ടകം ചുമക്കേണ്ടതിനു പെട്ടകത്തിന്‍റെ പാര്‍ശ്വങ്ങളിലുള്ള വളയങ്ങളിൽ അവ ചെലുത്തേണം.

15 തണ്ടുകള്‍ പെട്ടകത്തിന്‍റെ വളയങ്ങളിൽ ഇരിക്കേണം; അവയെ അതിൽനിന്ന് ഊരരുത്.

16 ഞാന്‍ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തിൽ വയ്ക്കേണം.

17 തങ്കംകൊണ്ടു കൃപാസനം ഉണ്ടാക്കേണം; അതിന്‍റെ നീളം രണ്ടര മുഴവും വീതി ഒന്നര മുഴവും ആയിരിക്കേണം.

18 പൊന്നുകൊണ്ടു രണ്ടു കെരൂബുകളെ ഉണ്ടാക്കേണം; കൃപാസനത്തിന്‍റെ രണ്ടറ്റത്തും അടിപ്പുപണിയായി പൊന്നുകൊണ്ട് അവയെ ഉണ്ടാക്കേണം.

19 ഒരു കെരൂബിനെ ഒരു അറ്റത്തും മറ്റേ കെരൂബിനെ മറ്റേ അറ്റത്തും ഉണ്ടാക്കേണം. കെരൂബുകളെ കൃപാസനത്തിൽനിന്നുള്ളവയായി അതിന്‍റെ രണ്ട് അറ്റത്തും ഉണ്ടാക്കേണം.

20 കെരൂബുകള്‍ മേലോട്ടു ചിറകു വിടര്‍ത്തി ചിറകുകൊണ്ടു കൃപാസനത്തെ മൂടുകയും തമ്മിൽ അഭിമുഖമായിരിക്കയും വേണം. കെരൂബുകളുടെ മുഖം കൃപാസനത്തിനു നേരേ ഇരിക്കേണം.

21 കൃപാസനത്തെ പെട്ടകത്തിന്മീതെ വയ്ക്കേണം; ഞാന്‍ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തിനകത്തു വയ്ക്കേണം.

22 അവിടെ ഞാന്‍ നിനക്കു പ്രത്യക്ഷനായി കൃപാസനത്തിന്മേൽനിന്നും സാക്ഷ്യപ്പെട്ടകത്തിന്മേൽ നില്ക്കുന്ന രണ്ടു കെരൂബുകളുടെ നടുവിൽനിന്നും യിസ്രായേൽമക്കള്‍ക്കായി ഞാന്‍ നിന്നോടു കല്പിപ്പാനിരിക്കുന്ന സകലവും നിന്നോട് അരുളിച്ചെയ്യും.

23 ഖദിരമരംകൊണ്ട് ഒരു മേശ ഉണ്ടാക്കേണം. അതിന്‍റെ നീളം രണ്ടു മുഴവും വീതി ഒരു മുഴവും ഉയരം ഒന്നര മുഴവും ആയിരിക്കേണം.

24 അതു തങ്കംകൊണ്ടു പൊതിഞ്ഞു ചുറ്റും പൊന്നുകൊണ്ട് ഒരു വക്കും ഉണ്ടാക്കേണം.

25 ചുറ്റും അതിനു നാലു വിരൽ വീതിയുള്ള ഒരു ചട്ടവും ചട്ടത്തിനു ചുറ്റും പൊന്നുകൊണ്ട് ഒരു വക്കും ഉണ്ടാക്കേണം.

26 അതിനു നാലു പൊന്‍വളയം ഉണ്ടാക്കേണം; വളയം നാലു കാലിന്‍റെയും പാര്‍ശ്വങ്ങളിൽ തറയ്ക്കേണം.

27 മേശ ചുമക്കേണ്ടതിനു തണ്ടു ചെലുത്തുവാന്‍ വേണ്ടി വളയം ചട്ടത്തിനു ചേര്‍ന്നിരിക്കേണം.

28 തണ്ടുകള്‍ ഖദിരമരംകൊണ്ട് ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിയേണം; അവകൊണ്ടു മേശ ചുമക്കേണം.

29 അതിന്‍റെ തളികകളും കരണ്ടികളും പകരുന്നതിനുള്ള കുടങ്ങളും കിണ്ടികളും ഉണ്ടാക്കേണം; തങ്കംകൊണ്ട് അവയെ ഉണ്ടാക്കേണം.

30 മേശമേൽ നിത്യം കാഴ്ചയപ്പം എന്‍റെ മുമ്പാകെ വയ്ക്കേണം.

31 തങ്കംകൊണ്ട് ഒരു നിലവിളക്ക് ഉണ്ടാക്കേണം. നിലവിളക്ക് അടിപ്പുപണിയായിരിക്കേണം. അതിന്‍റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മൊട്ടുകളും പൂക്കളും അതിൽനിന്നുതന്നെ ആയിരിക്കേണം.

32 നിലവിളക്കിന്‍റെ മൂന്നു ശാഖ ഒരു വശത്തുനിന്നും ഇങ്ങനെ ആറു ശാഖ അതിന്‍റെ പാര്‍ശ്വങ്ങളിൽനിന്നു പുറപ്പെടേണം.

33 ഒരു ശാഖയിൽ ഓരോ മൊട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും മറ്റൊരു ശാഖയിൽ ഓരോ മൊട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും ഉണ്ടായിരിക്കേണം; നിലവിളക്കിൽനിന്നു പുറപ്പെടുന്ന ആറു ശാഖയ്ക്കും അങ്ങനെ തന്നെ വേണം.

34 വിളക്കുതണ്ടിലോമൊട്ടുകളോടും പൂക്കളോടും കൂടിയ ബദാംപൂപോലെ നാലു പുഷ്പപുടം ഉണ്ടായിരിക്കേണം.

35 അതിൽനിന്നുള്ള രണ്ടു ശാഖയ്ക്കു കീഴെ ഒരു മൊട്ടും മറ്റു രണ്ടു ശാഖയ്ക്കു കീഴെ ഒരു മൊട്ടും മറ്റു രണ്ടു ശാഖയ്ക്കു കീഴെ ഒരു മൊട്ടും ഇങ്ങനെ നിലവിളക്കിൽനിന്നു പുറപ്പെടുന്ന ആറു ശാഖയ്ക്കും വേണം.

36 അവയുടെ മൊട്ടുകളും ശാഖകളും അതിൽനിന്നുതന്നെ ആയിരിക്കേണം; മുഴുവനും തങ്കംകൊണ്ട് ഒറ്റ അടിപ്പുപണിയായിരിക്കേണം.

37 അതിന് ഏഴു ദീപം ഉണ്ടാക്കി നേരേ മുമ്പോട്ടു പ്രകാശിപ്പാന്‍ തക്കവണ്ണം ദീപങ്ങളെ കൊളുത്തേണം.

38 അതിന്‍റെ ചവണകളും കരിന്തിരിപ്പാത്രങ്ങളും തങ്കംകൊണ്ട് ആയിരിക്കേണം.

39 അതും ഈ ഉപകരണങ്ങളൊക്കെയും ഒരു താലന്തു തങ്കംകൊണ്ട് ഉണ്ടാക്കേണം.

40 പര്‍വതത്തിൽവച്ചു കാണിച്ചുതന്ന മാതൃകപ്രകാരം അവയെ ഉണ്ടാക്കുവാന്‍ സൂക്ഷിച്ചുകൊള്ളേണം.

  • Exodus 24 — previous chapter
  • Exodus 26 — next chapter
  • Exodus 25 — English (KJV)
  • Exodus 25 — English (WEB)
  • Exodus 25 — Tamil (தமிழ்)
  • Exodus 25 — Hindi (हिंदी)
  • Exodus 25 — Kannada (ಕನ್ನಡ)