ആവർത്തനം 25 (Deuteronomy 25)

Malayalam Bible — Malayalam (മലയാളം)

1 മനുഷ്യര്‍ക്കു തമ്മിൽ വ്യവഹാരം ഉണ്ടായിട്ട് അവര്‍ ന്യായാസനത്തിങ്കൽ വരികയും അവരുടെ കാര്യം വിസ്തരിക്കയും ചെയ്യുമ്പോള്‍ നീതിമാനെ നീതീകരിക്കയും കുറ്റക്കാരനെ കുറ്റം വിധിക്കയും വേണം.

2 കുറ്റക്കാരന്‍ അടിക്കു യോഗ്യനാകുന്നു എങ്കിൽ ന്യായാധിപന്‍ അവനെ നിലത്തു കിടത്തി അവന്‍റെ കുറ്റത്തിനു തക്കവണ്ണം എണ്ണി അടിപ്പിക്കേണം.

3 നാല്പത് അടി അടിപ്പിക്കാം; അതിൽ കവിയരുത്; കവിഞ്ഞ് അടിപ്പിച്ചാൽ സഹോദരന്‍ നിന്‍റെ കണ്ണിനു നിന്ദിതനായിത്തീര്‍ന്നേക്കാം.

4 കാള മെതിക്കുമ്പോള്‍ അതിനു മുഖക്കൊട്ട കെട്ടരുത്.

5 സഹോദരന്മാര്‍ ഒന്നിച്ചു പാര്‍ക്കുമ്പോള്‍ അവരിൽ ഒരുത്തന്‍ മകനില്ലാതെ മരിച്ചുപോയാൽ മരിച്ചവന്‍റെ ഭാര്യ പുറത്തുള്ള ഒരുത്തന് ആകരുത്; ഭര്‍ത്താവിന്‍റെ സഹോദരന്‍ അവളുടെ അടുക്കൽ ചെന്ന് അവളെ ഭാര്യയായി പരിഗ്രഹിച്ച് അവളോടു ദേവരധര്‍മം നിവര്‍ത്തിക്കേണം.

6 മരിച്ചുപോയ സഹോദരന്‍റെ പേര്‍ യിസ്രായേലിൽ മാഞ്ഞുപോകാതിരിക്കേണ്ടതിന് അവള്‍ പ്രസവിക്കുന്ന ആദ്യജാതനെ അവന്‍റെ പേര്‍ക്കു കണക്കു കൂട്ടേണം.

7 സഹോദരന്‍റെ ഭാര്യയെ പരിഗ്രഹിപ്പാന്‍ അവനു മനസ്സില്ലെങ്കിൽ അവള്‍ പട്ടണവാതിൽക്കൽ മൂപ്പന്മാരുടെ അടുക്കൽ ചെന്ന്: എന്‍റെ ദേവരനു തന്‍റെ സഹോദരന്‍റെ പേര്‍ യിസ്രായേലിൽ നിലനിര്‍ത്തുവാന്‍ ഇഷ്ടമില്ല; എന്നോടു ദേവരധര്‍മം നിവര്‍ത്തിപ്പാന്‍ അവനു മനസ്സില്ല എന്നു പറയേണം.

8 അപ്പോള്‍ അവന്‍റെ പട്ടണത്തിലെ മൂപ്പന്മാര്‍ അവനെ വിളിപ്പിച്ച് അവനോടു സംസാരിക്കേണം; എന്നാൽ: ഇവളെ പരിഗ്രഹിപ്പാന്‍ എനിക്കു മനസ്സില്ല എന്ന് അവന്‍ ഖണ്ഡിച്ചുപറഞ്ഞാൽ

9 അവന്‍റെ സഹോദരന്‍റെ ഭാര്യ മൂപ്പന്മാര്‍ കാണ്‍കെ അവന്‍റെ അടുക്കൽ ചെന്ന് അവന്‍റെ കാലിൽനിന്ന് ചെരിപ്പ് അഴിച്ച് അവന്‍റെ മുഖത്തു തുപ്പി: സഹോദരന്‍റെ വീടു പണിയാത്ത പുരുഷനോട് ഇങ്ങനെ ചെയ്യുമെന്നു പ്രത്യുത്തരം പറയേണം.

10 ചെരിപ്പഴിഞ്ഞവന്‍റെ കുടുംബം എന്ന് യിസ്രായേലിൽ അവന്‍റെ കുടുംബത്തിനു പേര്‍ പറയും.

11 പുരുഷന്മാര്‍ തമ്മിൽ അടിപിടികൂടുമ്പോള്‍ ഒരുത്തന്‍റെ ഭാര്യ ഭര്‍ത്താവിനെ അടിക്കുന്നവന്‍റെ കൈയിൽനിന്നു വിടുവിക്കേണ്ടതിന് അടുത്തുചെന്ന് കൈ നീട്ടി അവന്‍റെ ഗുപ്താംഗം പിടിച്ചാൽ

12 അവളുടെ കൈ വെട്ടിക്കളയേണം; അവളോടു കനിവു തോന്നരുത്.

13 നിന്‍റെ സഞ്ചിയിൽ തൂക്കം ഏറിയതും കുറഞ്ഞതുമായ രണ്ടുതരം പടി ഉണ്ടാകരുത്.

14 നിന്‍റെ വീട്ടിൽ മുറുക്കവും ഇളപ്പവുമായ രണ്ടുതരം പറയും ഉണ്ടാകരുത്.

15 നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് നീ ദീര്‍ഘായുസ്സോടിരിക്കേണ്ടതിന് നിന്‍റെ പടി ഒത്തതും ന്യായമായതുമായിരിക്കേണം; അങ്ങനെതന്നെ നിന്‍റെ പറയും ഒത്തതും ന്യായമായതുമായിരിക്കേണം.

16 ഈ വകയിൽ അന്യായം ചെയ്യുന്നവനൊക്കെയും നിന്‍റെ ദൈവമായ യഹോവയ്ക്ക് വെറുപ്പ് ആകുന്നു.

17 നിങ്ങള്‍ മിസ്രയീമിൽനിന്ന് പുറപ്പെട്ടു വരുമ്പോള്‍ വഴിയിൽവച്ച് അമാലേക് നിന്നോടു ചെയ്തത്,

18 അവന്‍ ദൈവത്തെ ഭയപ്പെടാതെ വഴിയിൽ നിന്‍റെ നേരേ വന്ന് നീ ക്ഷീണിച്ചും തളര്‍ന്നും ഇരിക്കുമ്പോള്‍ നിന്‍റെ പിമ്പിൽ പിന്നണിയിലുള്ള ബലഹീനരെയൊക്കെയും സംഹരിച്ച കാര്യം തന്നെ ഓര്‍ത്തുകൊള്‍ക.

19 ആകയാൽ നിന്‍റെ ദൈവമായ യഹോവ നിനക്ക് അവകാശമായി അടക്കുവാന്‍ തരുന്ന ദേശത്ത് ചുറ്റുമുള്ള നിന്‍റെ സകല ശത്രുക്കളെയും നിന്‍റെ ദൈവമായ യഹോവ നീക്കി നിനക്കു സ്വസ്ഥത തന്നിരിക്കുമ്പോള്‍ നീ അമാലേക്കിന്‍റെ ഓര്‍മയെ ആകാശത്തിന്‍ കീഴിൽനിന്നു മായിച്ചുകളയേണം; ഇതു മറന്നുപോകരുത്.

  • Deuteronomy 24 — previous chapter
  • Deuteronomy 26 — next chapter
  • Deuteronomy 25 — English (KJV)
  • Deuteronomy 25 — English (WEB)
  • Deuteronomy 25 — Tamil (தமிழ்)
  • Deuteronomy 25 — Hindi (हिंदी)
  • Deuteronomy 25 — Kannada (ಕನ್ನಡ)