ആവർത്തനം 20 (Deuteronomy 20)

Malayalam Bible — Malayalam (മലയാളം)

1 നീ ശത്രുക്കളോടു യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടിട്ട് കുതിരകളെയും രഥങ്ങളെയും നിന്നിലും അധികം ജനത്തെയും കാണുമ്പോള്‍ പേടിക്കരുത്; മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്‍റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉണ്ട്.

2 നിങ്ങള്‍ പടയേല്പാന്‍ അടുക്കുമ്പോള്‍ പുരോഹിതന്‍ വന്ന് ജനത്തോടു സംസാരിച്ചു:

3 യിസ്രായേലേ, കേള്‍ക്ക; നിങ്ങള്‍ ഇന്നു ശത്രുക്കളോടു പടയേല്പാന്‍ അടുക്കുന്നു; അധൈര്യപ്പെടരുത്, പേടിക്കരുത്, നടുങ്ങിപ്പോകരുത്; അവരെ കണ്ടു ഭ്രമിക്കയുമരുത്.

4 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കുവേണ്ടി ശത്രുക്കളോടു യുദ്ധം ചെയ്ത് നിങ്ങളെ രക്ഷിപ്പാന്‍ നിങ്ങളോടുകൂടെ പോരുന്നു എന്ന് അവരോടു പറയേണം.

5 പിന്നെ പ്രമാണികള്‍ ജനത്തോടു പറയേണ്ടത് എന്തെന്നാൽ: ആരെങ്കിലും ഒരു പുതിയ വീടു പണിയിച്ച് ഗൃഹപ്രവേശം കഴിക്കാതെയിരിക്കുന്നുവെങ്കിൽ അവന്‍ പടയിൽ പട്ടുപോകയും മറ്റൊരുത്തന്‍ ഗൃഹപ്രവേശം കഴിക്കയും ചെയ്യാതിരിക്കേണ്ടതിന് അവന്‍ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.

6 ആരെങ്കിലും ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കി അതിന്‍റെ ഫലം അനുഭവിക്കാതെ ഇരിക്കുന്നുവെങ്കിൽ അവന്‍ പടയിൽ പട്ടുപോകയും മറ്റൊരുത്തന്‍ അതിന്‍റെ ഫലം അനുഭവിക്കയും ചെയ്യാതിരിക്കേണ്ടതിന് അവന്‍ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.

7 ആരെങ്കിലും ഒരു സ്ത്രീയെ വിവാഹത്തിനു നിശ്ചയിച്ച് അവളെ പരിഗ്രഹിക്കാതിരിക്കുന്നു എങ്കിൽ അവന്‍ പടയിൽ പട്ടുപോകയും മറ്റൊരുത്തന്‍ അവളെ പരിഗ്രഹിക്കയും ചെയ്യാതിരിക്കേണ്ടതിന് അവന്‍ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.

8 പ്രമാണികള്‍ പിന്നെയും ജനത്തോടു പറയേണ്ടത്: ആര്‍ക്കെങ്കിലും ഭയവും അധൈര്യവും ഉണ്ടെങ്കിൽ അവന്‍ തന്‍റെ ഹൃദയംപോലെ സഹോദരന്‍റെ ഹൃദയവും ധൈര്യം കെടുത്താതിരിക്കേണ്ടതിന് വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.

9 ഇങ്ങനെ പ്രമാണികള്‍ ജനത്തോടു പറഞ്ഞു തീര്‍ന്നശേഷം അവര്‍ സൈന്യാധിപന്മാരെ സേനാമുഖത്ത് ആക്കേണം.

10 നീ ഒരു പട്ടണത്തോടു യുദ്ധം ചെയ്‍വാന്‍ അടുത്തുചെല്ലുമ്പോള്‍ സമാധാനം വിളിച്ചുപറയേണം.

11 സമാധാനം എന്നു മറുപടി പറഞ്ഞ് വാതിൽ തുറന്നുതന്നാൽ അതിലുള്ള ജനം എല്ലാം നിനക്ക് ഊഴിയവേലക്കാരായി സേവചെയ്യേണം.

12 എന്നാൽ അതു നിന്നോടു സമാധാനമാകാതെ യുദ്ധം ചെയ്യുന്നു എങ്കിൽ അതിനെ നിരോധിക്കേണം.

13 നിന്‍റെ ദൈവമായ യഹോവ അതു നിന്‍റെ കൈയിൽ ഏല്പിച്ചശേഷം അതിലുള്ള പുരുഷപ്രജയെയൊക്കെയും വാളിന്‍റെ വായ്ത്തലയാൽ കൊല്ലേണം.

14 എന്നാൽ സ്ത്രീകളെയും കുട്ടികളെയും നാല്ക്കാലികളെയും പട്ടണത്തിലുള്ള സകലത്തെയും അതിലെ കൊള്ളയൊക്കെയും നിനക്കായിട്ട് എടുത്തുകൊള്ളാം; നിന്‍റെ ദൈവമായ യഹോവ നിനക്കു തന്നതായ നിന്‍റെ ശത്രുക്കളുടെ കൊള്ള നിനക്ക് അനുഭവിക്കാം.

15 ഈ ജാതികളുടെ പട്ടണങ്ങളുടെ കൂട്ടത്തിൽ ഉള്‍പ്പെടാതെ വളരെ ദൂരമായിരിക്കുന്ന എല്ലാ പട്ടണങ്ങളോടും ഇങ്ങനെ ചെയ്യേണം.

16 നിന്‍റെ ദൈവമായ യഹോവ നിനക്ക് അവകാശമായിത്തരുന്ന ജാതികളുടെ പട്ടണങ്ങളിലോ ശ്വാസമുള്ള ഒന്നിനെയും ജീവനോടെ വയ്ക്കാതെ

17 ഹിത്യര്‍, അമോര്യര്‍, പെരിസ്യര്‍, കനാന്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരെ നിന്‍റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ ശപഥാര്‍പ്പിതമായി സംഹരിക്കേണം.

18 അവര്‍ തങ്ങളുടെ ദേവപൂജയിൽ ചെയ്തുപോരുന്ന സകല മ്ലേച്ഛതകളും ചെയ്‍വാന്‍ നിങ്ങളെ പഠിപ്പിച്ചിട്ട് നിങ്ങള്‍ നിങ്ങളുടെ ദൈവമായ യഹോവയോട് പാപം ചെയ്യാതിരിക്കേണ്ടതിനുതന്നെ.

19 ഒരു പട്ടണം പിടിപ്പാന്‍ അതിനോടു യുദ്ധംചെയ്ത് വളരെക്കാലം നിരോധിക്കേണ്ടിവന്നാൽ അതിന്‍റെ ചുറ്റുമുള്ള വൃക്ഷങ്ങളെ കോടാലികൊണ്ടു വെട്ടി നശിപ്പിക്കരുത്; അവയുടെ ഫലം നിനക്കു തിന്നാവുന്നതാകയാൽ അവയെ വെട്ടിക്കളയരുത്; നീ പറമ്പിലെ വൃക്ഷത്തെ നിരോധിപ്പാന്‍ അതു മനുഷ്യനാകുന്നുവോ?

20 തിന്മാനുള്ള ഫലവൃക്ഷമല്ലന്ന് അറിയുന്ന വൃക്ഷങ്ങളെ മാത്രം വെട്ടിക്കളകയും നിന്നോടു യുദ്ധം ചെയ്യുന്ന പട്ടണം കീഴടങ്ങുംവരെ അതിന്‍റെ നേരേ കൊത്തളം പണികയും ചെയ്യാം.

  • Deuteronomy 19 — previous chapter
  • Deuteronomy 21 — next chapter
  • Deuteronomy 20 — English (KJV)
  • Deuteronomy 20 — English (WEB)
  • Deuteronomy 20 — Tamil (தமிழ்)
  • Deuteronomy 20 — Hindi (हिंदी)
  • Deuteronomy 20 — Kannada (ಕನ್ನಡ)