ആവർത്തനം 19 (Deuteronomy 19)

Malayalam Bible — Malayalam (മലയാളം)

1 നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തിലെ ജാതികളെ നിന്‍റെ ദൈവമായ യഹോവ ഛേദിച്ചുകളകയും നീ അവരുടെ ദേശം അടക്കി അവരുടെ പട്ടണങ്ങളിലും വീടുകളിലും പാര്‍ക്കയും ചെയ്യുമ്പോള്‍

2 നിന്‍റെ ദൈവമായ യഹോവ നിനക്ക് അവകാശമായിത്തരുന്ന ദേശത്തിൽ മൂന്നു പട്ടണം വേര്‍തിരിക്കേണം.

3 ആരെങ്കിലും കൊലചെയ്തുപോയാൽ അവിടേക്ക് ഓടിപ്പോകേണ്ടതിന് നീ ഒരു വഴി ഉണ്ടാക്കുകയും നിന്‍റെ ദൈവമായ യഹോവ നിനക്ക് അവകാശമായിത്തരുന്ന ദേശം മൂന്നായി വിഭാഗിക്കയും വേണം;

4 കൊല ചെയ്തിട്ട് അവിടേക്ക് ഓടിപ്പോയി ജീവനോടിരിക്കേണ്ടുന്നവന്‍റെ സംഗതി എന്തെന്നാൽ: ഒരുത്തന്‍ പൂര്‍വദ്വേഷം കൂടാതെ അബദ്ധവശാൽ കൂട്ടുകാരനെ കൊന്നുപോയെങ്കിൽ,

5 എങ്ങനെയെന്നാൽ: മരംവെട്ടുവാന്‍ ഒരുത്തന്‍ കൂട്ടുകാരനോടുകൂടെ കാട്ടിൽ പോയി മരം വെട്ടുവാന്‍ കോടാലി ഓങ്ങുമ്പോള്‍ കോടാലി ഊരിത്തെറിച്ചു കൂട്ടുകാരനു കൊണ്ടിട്ട് അവന്‍ മരിച്ചുപോയാൽ,

6 ഇങ്ങനെ കൊല ചെയ്തവനെ രക്തപ്രതികാരകന്‍ മനസ്സിന്‍റെ ഉഷ്ണത്തോടെ പിന്തുടര്‍ന്ന് വഴിയുടെ ദൂരം നിമിത്തം അവനെ പിടിച്ച് അവന്‍റെ ജീവനെ നശിപ്പിക്കാതിരിപ്പാന്‍ അവന്‍ ആ പട്ടണങ്ങളിൽ ഒന്നിൽ ഓടിപ്പോയി ജീവനോടിരിക്കേണം; അവന് അവനോടു പൂര്‍വദ്വേഷമില്ലാതിരുന്നതുകൊണ്ട് മരണശിക്ഷയ്ക്കു ഹേതുവില്ല.

7 അതുകൊണ്ട് മൂന്നു പട്ടണം വേര്‍തിരിക്കേണമെന്നു ഞാന്‍ നിന്നോട് ആജ്ഞാപിക്കുന്നു.

8 നിന്‍റെ ദൈവമായ യഹോവയെ നീ സ്നേഹിച്ച് എല്ലാനാളും അവന്‍റെ വഴികളിൽ നടക്കയും ഞാന്‍ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന ഈ സകല കല്പനകളും ജാഗ്രതയോടെ പ്രമാണിക്കയും ചെയ്താൽ

9 നിന്‍റെ ദൈവമായ യഹോവ നിന്‍റെ പിതാക്കന്മാരോടു സത്യം ചെയ്തതുപോലെ നിന്‍റെ അതിര്‍ വിശാലമാക്കി നിന്‍റെ പിതാക്കന്മാര്‍ക്കു കൊടുക്കുമെന്ന് വാഗ്ദത്തം ചെയ്ത ദേശമൊക്കെയും നിനക്കു തന്നാൽ ഈ മൂന്നു പട്ടണങ്ങള്‍ കൂടാതെ വേറേയും മൂന്നു വേര്‍തിരിക്കേണം.

10 നിന്‍റെ ദൈവമായ യഹോവ നിനക്ക് അവകാശമായിത്തരുന്ന ദേശത്ത് കുറ്റമില്ലാത്ത രക്തം ചിന്നീട്ട് നിന്‍റെമേൽ രക്തപാതകം ഉണ്ടാകരുത്.

11 എന്നാൽ ഒരുത്തന്‍ കൂട്ടുകാരനെ ദ്വേഷിച്ച് തരംനോക്കി അവനോടു കയര്‍ത്ത് അവനെ അടിച്ചുകൊന്നിട്ട് ഈ പട്ടണങ്ങളിൽ ഒന്നിൽ ഓടിപ്പോയാൽ,

12 അവന്‍റെ പട്ടണത്തിലെ മൂപ്പന്മാര്‍ ആളയച്ച് അവനെ അവിടെനിന്നു വരുത്തി അവനെ കൊല്ലേണ്ടതിനു രക്തപ്രതികാരകന്‍റെ കൈയിൽ ഏല്പിക്കേണം.

13 നിനക്ക് അവനോടു കനിവു തോന്നരുത്; നിനക്കു നന്മ വരുവാനായി കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞ പാതകം യിസ്രായേലിൽനിന്നു നീക്കിക്കളയേണം.

14 നിന്‍റെ ദൈവമായ യഹോവ നിനക്ക് അവകാശമായിത്തരുന്ന ദേശത്തു നീ കൈവശമാക്കുവാനിരിക്കുന്ന നിന്‍റെ അവകാശത്തിൽ പൂര്‍വന്മാര്‍ വച്ചിരിക്കുന്നതായ കൂട്ടുകാരന്‍റെ അതിര്‍ നീക്കരുത്.

15 മനുഷ്യന്‍ ചെയ്യുന്ന യാതൊരു അകൃത്യത്തിനോ പാപത്തിനോ അവന്‍റെ നേരേ ഏകസാക്ഷി നില്ക്കരുത്; രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേൽ കാര്യം ഉറപ്പാക്കേണം.

16 ഒരുത്തന്‍റെ നേരേ അകൃത്യം സാക്ഷീകരിപ്പാന്‍ ഒരു കള്ളസ്സാക്ഷി അവനു വിരോധമായി എഴുന്നേറ്റാൽ

17 തമ്മിൽ വ്യവഹാരമുള്ള രണ്ടു പേരും യഹോവയുടെ സന്നിധിയിൽ അന്നുള്ള പുരോഹിതന്മാരുടെയും ന്യായാധിപന്മാരുടെയും മുമ്പാകെ നില്ക്കേണം.

18 ന്യായാധിപന്മാര്‍ നല്ലവണ്ണം വിസ്താരം കഴിക്കേണം; സാക്ഷി കള്ളസ്സാക്ഷി എന്നും സഹോദരന്‍റെ നേരേ കള്ളസ്സാക്ഷ്യം പറഞ്ഞു എന്നും കണ്ടാൽ

19 അവന്‍ സഹോദരനു വരുത്തുവാന്‍ നിരൂപിച്ചതുപോലെ നിങ്ങള്‍ അവനോടു ചെയ്യേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് ദോഷം നീക്കിക്കളയേണം.

20 ഇനി നിങ്ങളുടെ ഇടയിൽ അതുപോലെയുള്ള ദോഷം നടക്കാതിരിക്കേണ്ടതിന് ശേഷമുള്ളവര്‍ കേട്ടു ഭയപ്പെടേണം.

21 നിനക്കു കനിവു തോന്നരുത്; ജീവനു പകരം ജീവന്‍, കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്, കൈക്കു പകരം കൈ, കാലിനു പകരം കാൽ.

  • Deuteronomy 18 — previous chapter
  • Deuteronomy 20 — next chapter
  • Deuteronomy 19 — English (KJV)
  • Deuteronomy 19 — English (WEB)
  • Deuteronomy 19 — Tamil (தமிழ்)
  • Deuteronomy 19 — Hindi (हिंदी)
  • Deuteronomy 19 — Kannada (ಕನ್ನಡ)