ആവർത്തനം 21 (Deuteronomy 21)

Malayalam Bible — Malayalam (മലയാളം)

1 നിന്‍റെ ദൈവമായ യഹോവ നിനക്ക് അവകാശമായിത്തരുന്ന ദേശത്ത് വയലിൽ ഒരുത്തനെ കൊന്നിട്ടിരിക്കുന്നതു കാണുകയും അവനെ കൊന്നവന്‍ ആരെന്ന് അറിയാതിരിക്കയും ചെയ്താൽ

2 നിന്‍റെ മൂപ്പന്മാരും ന്യായാധിപതിമാരും പുറത്തുചെന്ന് കൊല്ലപ്പെട്ടവന്‍റെ ചുറ്റുമിരിക്കുന്ന അതതു പട്ടണംവരെയുള്ള ദൂരം അളക്കേണം.

3 കൊല്ലപ്പെട്ടവന് അധികം അടുത്തിരിക്കുന്ന പട്ടണത്തിലെ മൂപ്പന്മാര്‍, വേല ചെയ്യിക്കാത്തതും നുകം വയ്ക്കാത്തതുമായ ഒരു പശുക്കിടാവിനെ കൊണ്ടുവരേണം.

4 ആ പട്ടണത്തിലെ മൂപ്പന്മാര്‍ ഉഴവും വിതയും ഇല്ലാത്തതും നീരൊഴുക്കുള്ളതുമായ ഒരു താഴ്വരയിൽ പശുക്കിടാവിനെ കൊണ്ടുചെന്ന് അവിടെവച്ചു പശുക്കിടാവിന്‍റെ കഴുത്ത് ഒടിച്ചുകളയേണം.

5 പിന്നെ ലേവ്യരായ പുരോഹിതന്മാര്‍ അടുത്തു ചെല്ലേണം; അവരെയല്ലോ നിന്‍റെ ദൈവമായ യഹോവ തനിക്ക് ശുശ്രൂഷ ചെയ്‍വാനും യഹോവയുടെ നാമത്തിൽ അനുഗ്രഹിപ്പാനും തിരഞ്ഞെടുത്തിരിക്കുന്നത്; അവരുടെ വാക്കിന്‍പ്രകാരം സകല വ്യവഹാരവും അടികലശലും തീര്‍ക്കേണ്ടതാകുന്നു.

6 കൊല്ലപ്പെട്ടവന് അടുത്ത പട്ടണത്തിലെ മൂപ്പന്മാര്‍ എല്ലാവരും താഴ്വരയിൽവച്ചു കഴുത്തൊടിച്ച പശുക്കിടാവിന്മേൽ തങ്ങളുടെ കൈ കഴുകി:

7 ഞങ്ങളുടെ കൈകള്‍ ആ രക്തം ചിന്നീട്ടില്ല, ഞങ്ങളുടെ കണ്ണ് അതു കണ്ടിട്ടുമില്ല.

8 യഹോവേ, നീ വീണ്ടെടുത്തിട്ടുള്ള നിന്‍റെ ജനമായ യിസ്രായേലിനോടു ക്ഷമിക്കേണമേ; നിന്‍റെ ജനമായ യിസ്രായേലിന്‍റെ മധ്യേ കുറ്റമില്ലാത്ത രക്തം ഇരിപ്പാന്‍ ഇടവരുത്തരുതേ എന്നു പറയേണം; എന്നാൽ ആ രക്തപാതകം അവരോടു മോചിക്കപ്പെടും.

9 ഇങ്ങനെ യഹോവയ്ക്കു ഹിതമായുള്ളതു ചെയ്ത് കുറ്റമില്ലാത്ത രക്തം നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയേണം.

10 നീ ശത്രുക്കളോടു യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടിട്ട് നിന്‍റെ ദൈവമായ യഹോവ അവരെ നിന്‍റെ കൈയിൽ ഏല്പിക്കയും നീ അവരെ ബദ്ധന്മാരായി പിടിക്കയും ചെയ്താൽ

11 ആ ബദ്ധന്മാരുടെ കൂട്ടത്തിൽ സുന്ദരിയായൊരു സ്ത്രീയെ കണ്ടു ഭാര്യയായി എടുപ്പാന്‍ തക്കവണ്ണം അവളോടു പ്രേമം ജനിക്കുന്നുവെങ്കിൽ

12 നീ അവളെ വീട്ടിൽ കൊണ്ടുപോകേണം; അവള്‍ തലമുടി ചിരയ്ക്കയും നഖം മുറിക്കയും

13 ബദ്ധവസ്ത്രം മാറി നിന്‍റെ വീട്ടിൽ പാര്‍ത്ത് ഒരു മാസം തന്‍റെ അപ്പനെയും അമ്മയെയും കുറിച്ചു ദുഃഖിക്കയും ചെയ്തശേഷം നീ അവളുടെ അടുക്കൽ ചെന്ന് അവള്‍ക്കു ഭര്‍ത്താവായും അവള്‍ നിനക്കു ഭാര്യയായും ഇരിക്കേണം.

14 എന്നാൽ നിനക്ക് അവളോട് ഇഷ്ടമില്ലാതെയായെങ്കിൽ അവളെ സ്വതന്ത്രയായി വിട്ടയയ്ക്കേണം; അവളെ ഒരിക്കലും വിലയ്ക്കു വില്ക്കരുത്; നീ അവളെ പരിഗ്രഹിച്ചതുകൊണ്ട് അവളോടു കാഠിന്യം പ്രവര്‍ത്തിക്കരുത്.

15 ഒരുത്തി ഇഷ്ടയായും മറ്റവള്‍ അനിഷ്ടയായും ഇങ്ങനെ ഒരാള്‍ക്കു രണ്ടു ഭാര്യമാര്‍ ഉണ്ടായിരിക്കയും അവര്‍ ഇരുവരും അവനു പുത്രന്മാരെ പ്രസവിക്കയും ആദ്യജാതന്‍ അനിഷ്ടയുടെ മകന്‍ ആയിരിക്കയും ചെയ്താൽ

16 അവന്‍ തന്‍റെ സ്വത്ത് പുത്രന്മാര്‍ക്കു ഭാഗിച്ചു കൊടുക്കുമ്പോള്‍ അനിഷ്ടയുടെ മകനായ ആദ്യജാതനു പകരം ഇഷ്ടയുടെ മകനു ജ്യേഷ്ഠാവകാശം കൊടുത്തുകൂടാ.

17 തനിക്കുള്ള സകലത്തിലും രണ്ടു പങ്ക് അനിഷ്ടയുടെ മകനു കൊടുത്ത് അവനെ ആദ്യജാതനെന്നു സ്വീകരിക്കേണം; അവന്‍ അവന്‍റെ ബലത്തിന്‍റെ ആരംഭമല്ലോ; ജ്യേഷ്ഠാവകാശം അവനുള്ളതാകുന്നു.

18 അപ്പന്‍റെയോ അമ്മയുടെയോ വാക്കു കേള്‍ക്കാതെയും അവര്‍ ശാസിച്ചാലും അനുസരിക്കാതെയുമിരിക്കുന്ന ശഠനും മത്സരിയുമായ മകന്‍ ഒരുത്തന് ഉണ്ടെങ്കിൽ

19 അമ്മയപ്പന്മാര്‍ അവനെ പിടിച്ച് പട്ടണത്തിലെ മൂപ്പന്മാരുടെ അടുക്കൽ പട്ടണവാതിൽക്കലേക്കു കൊണ്ടുപോയി:

20 ഞങ്ങളുടെ ഈ മകന്‍ ശഠനും മത്സരിയും ഞങ്ങളുടെ വാക്കു കേള്‍ക്കാത്തവനും തിന്നിയും കുടിയനും ആകുന്നു എന്നു പട്ടണത്തിലെ മൂപ്പന്മാരോടു പറയേണം.

21 പിന്നെ അവന്‍റെ പട്ടണക്കാര്‍ എല്ലാവരും അവനെ കല്ലറിഞ്ഞു കൊല്ലേണം. ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം; യിസ്രായേലെല്ലാം കേട്ടു ഭയപ്പെടേണം.

22 ഒരുത്തന്‍ മരണയോഗ്യമായ ഒരു പാപം ചെയ്തിട്ട് അവനെ കൊന്ന് ഒരു മരത്തിൽ തൂക്കിയാൽ

23 അവന്‍റെ ശവം മരത്തിന്മേൽ രാത്രിമുഴുവനും ഇരിക്കരുത്; അന്നുതന്നെ അത് കുഴിച്ചിടേണം; തൂങ്ങിമരിച്ചവന്‍ ദൈവസന്നിധിയിൽ ശാപഗ്രസ്തന്‍ ആകുന്നു; നിന്‍റെ ദൈവമായ യഹോവ നിനക്ക് അവകാശമായിത്തരുന്ന ദേശം നീ അശുദ്ധമാക്കരുത്.

  • Deuteronomy 20 — previous chapter
  • Deuteronomy 22 — next chapter
  • Deuteronomy 21 — English (KJV)
  • Deuteronomy 21 — English (WEB)
  • Deuteronomy 21 — Tamil (தமிழ்)
  • Deuteronomy 21 — Hindi (हिंदी)
  • Deuteronomy 21 — Kannada (ಕನ್ನಡ)