2 ദിനവൃത്താന്തം 29 (2 Chronicles 29)

Malayalam Bible — Malayalam (മലയാളം)

1 യെഹിസ്കീയാവ് ഇരുപത്തിയഞ്ചാം വയസ്സിൽ വാഴ്ച തുടങ്ങി; ഇരുപത്തിയൊമ്പതു സംവത്സരം യെരൂശലേമിൽ വാണു; അവന്‍റെ അമ്മയ്ക്ക് അബീയാ എന്നു പേര്‍. അവള്‍ സെഖര്യാവിന്‍റെ മകള്‍ ആയിരുന്നു.

2 അവന്‍ തന്‍റെ അപ്പനായ ദാവീദ് ചെയ്തതുപോലെയൊക്കെയും യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു.

3 അവന്‍ തന്‍റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ ഒന്നാം മാസത്തിൽ യഹോവയുടെ ആലയത്തിന്‍റെ വാതിലുകള്‍ തുറന്ന് അറ്റകുറ്റം തീര്‍ത്തു.

4 അവന്‍ പുരോഹിതന്മാരെയും ലേവ്യരെയും വരുത്തി കിഴക്കേ വിശാലസ്ഥലത്ത് ഒന്നിച്ചുകൂട്ടി അവരോടു പറഞ്ഞതെന്തെന്നാൽ:

5 ലേവ്യരേ, എന്‍റെ വാക്കു കേള്‍പ്പിന്‍; ഇപ്പോള്‍ നിങ്ങള്‍ നിങ്ങളെത്തന്നെ ശുദ്ധീകരിച്ച് നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ ആലയത്തെയും ശുദ്ധീകരിച്ച് വിശുദ്ധമന്ദിരത്തിൽ നിന്നു മലിനത നീക്കിക്കളവിന്‍.

6 നമ്മുടെ പിതാക്കന്മാര്‍ അകൃത്യം ചെയ്തു, നമ്മുടെ ദൈവമായ യഹോവയ്ക്ക് അനിഷ്ടമായുള്ളത് പ്രവര്‍ത്തിച്ച് അവനെ ഉപേക്ഷിക്കയും യഹോവയുടെ നിവാസത്തിങ്കൽനിന്നു മുഖം തിരിച്ച് അതിനു പുറംകാട്ടുകയും ചെയ്തുവല്ലോ.

7 അവര്‍ മണ്ഡപത്തിന്‍റെ വാതിലുകള്‍ അടച്ചു, വിളക്കു കെടുത്തി, വിശുദ്ധമന്ദിരത്തിൽ യിസ്രായേലിന്‍റെ ദൈവത്തിനു ധൂപം കാണിക്കാതെയും ഹോമയാഗം കഴിക്കാതെയും ഇരുന്നു.

8 അതുകൊണ്ട് യഹോവയുടെ കോപം യെഹൂദായുടെയും യെരൂശലേമിന്‍റെയുംമേൽ വന്നു; നിങ്ങള്‍ സ്വന്ത കണ്ണാൽ കാണുന്നതുപോലെ അവന്‍ അവരെ നടുക്കത്തിനും അമ്പരപ്പിനും ഹാസ്യത്തിനും വിഷയമാക്കിത്തീര്‍ത്തിരിക്കുന്നു.

9 നമ്മുടെ പിതാക്കന്മാര്‍ വാളിനാൽ വീഴുകയും, നമ്മുടെ പുത്രന്മാരും പുത്രിമാരും നമ്മുടെ ഭാര്യമാരും ഇതുനിമിത്തം പ്രവാസത്തിൽ ആകയും ചെയ്തിരിക്കുന്നു.

10 ഇപ്പോള്‍ യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ ഉഗ്രകോപം നമ്മെ വിട്ടുമാറേണ്ടതിന് അവനോട് ഒരു നിയമം ചെയ്‍വാന്‍ എനിക്കു താൽപര്യം ഉണ്ട്.

11 എന്‍റെ മക്കളേ, ഇപ്പോള്‍ ഉപേക്ഷ കാണിക്കരുത്; തന്നെ ശുശ്രൂഷിക്കേണ്ടതിന് തന്‍റെ സന്നിധിയിൽ നില്പാനും തനിക്കു ശുശ്രൂഷക്കാരായി ധൂപം കാട്ടുവാനും യഹോവ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നുവല്ലോ.

12 അപ്പോള്‍ കെഹാത്യരിൽ അമാസായിയുടെ മകന്‍ മഹത്ത്, അസര്യാവിന്‍റെ മകന്‍ യോവേൽ, മെരാര്യരിൽ അബ്‍ദിയുടെ മകന്‍ കീശ്, യെഹല്ലലേലിന്‍റെ മകന്‍ അസര്യാവ്; ഗേര്‍ശോന്യരിൽ സിമ്മയുടെ മകന്‍ യോവാഹ്,

13 യോവാ ഹിന്‍റെ മകന്‍ ഏദെന്‍; എലീസാഫാന്യരിൽ സിമ്രി, യെയൂവേൽ; ആസാഫ്യരിൽ സെഖര്യാവ്, മത്ഥന്യാവ്;

14 ഹേമാന്യരിൽ യെഹൂവേൽ, ശിമെയി; യെദൂഥൂന്യരിൽ ശിമെയ്യാവ്, ഉസ്സീയേൽ എന്നീ ലേവ്യര്‍ എഴുന്നേറ്റു.

15 തങ്ങളുടെ സഹോദരന്മാരെ ഒന്നിച്ചുകൂട്ടി തങ്ങളെത്തന്നെ വിശുദ്ധീകരിച്ചു യഹോവയുടെ വചനപ്രകാരം രാജാവിന്‍റെ കല്പന അനുസരിച്ച് യഹോവയുടെ ആലയത്തെ വെടിപ്പാക്കുവാന്‍ വന്നു.

16 പുരോഹിതന്മാര്‍ യഹോവയുടെ ആലയത്തിന്‍റെ അകം വെടിപ്പാക്കുവാന്‍ അതിൽ കടന്നു യഹോവയുടെ ആലയത്തിൽ കണ്ട മലിനതയൊക്കെയും പുറത്ത് യഹോവയുടെ ആലയത്തിന്‍റെ പ്രാകാരത്തിൽ കൊണ്ടുവന്നു; ലേവ്യര്‍ അതു കൊണ്ടുപോയി കിദ്രോന്‍തോട്ടിൽ ഇട്ടുകളഞ്ഞു.

17 ഒന്നാം മാസം ഒന്നാം തീയതി അവര്‍ വിശുദ്ധീകരിപ്പാന്‍ തുടങ്ങി; എട്ടാം തീയതി അവര്‍ യഹോവയുടെ മണ്ഡപത്തിങ്കൽ എത്തി; ഇങ്ങനെ അവര്‍ എട്ടു ദിവസംകൊണ്ട് യഹോവയുടെ ആലയം വിശുദ്ധീകരിച്ചു; ഒന്നാം മാസം പതിനാറാം തീയതി തീര്‍ത്തു.

18 യെഹിസ്കീയാരാജാവിന്‍റെ അടുക്കൽ അകത്തു ചെന്ന്; ഞങ്ങള്‍ യഹോവയുടെ ആലയം മുഴുവനും ഹോമപീഠവും അതിന്‍റെ ഉപകരണങ്ങളൊക്കെയും കാഴ്ചയപ്പത്തിന്‍റെ മേശയും അതിന്‍റെ ഉപകരണങ്ങളൊക്കെയും വെടിപ്പാക്കി,

19 ആഹാസ്‍രാജാവ് തന്‍റെ വാഴ്ച കാലത്ത് തന്‍റെ ദ്രോഹത്താൽ നീക്കിക്കളഞ്ഞ ഉപകരണങ്ങളൊക്കെയും നന്നാക്കി വിശുദ്ധീകരിച്ചിരിക്കുന്നു; അവ യഹോവയുടെ യാഗപീഠത്തിന്‍ മുമ്പിൽ ഉണ്ട് എന്നു പറഞ്ഞു.

20 യെഹിസ്കീയാരാജാവ് കാലത്തെ എഴുന്നേറ്റ് നഗരാധിപതികളെ കൂട്ടി യഹോവയുടെ ആലയത്തിലേക്കു ചെന്നു.

21 അവര്‍ രാജത്വത്തിനും വിശുദ്ധമന്ദിരത്തിനും യെഹൂദായ്ക്കും വേണ്ടി ഏഴു കാളയെയും ഏഴ് ആട്ടുകൊറ്റനെയും ഏഴു കുഞ്ഞാടിനെയും പാപയാഗത്തിനായിട്ട് ഏഴു വെള്ളാട്ടുകൊറ്റനെയും കൊണ്ടുവന്നു; അവയെ യഹോവയുടെ യാഗപീഠത്തിന്മേൽ യാഗംകഴിപ്പാന്‍ അവന്‍ അഹരോന്യരായ പുരോഹിതന്മാരോടു കല്പിച്ചു.

22 അങ്ങനെ അവര്‍ കാളകളെ അറുത്തു; പുരോഹിതന്മാര്‍ രക്തം വാങ്ങി യാഗപീഠത്തിന്മേൽ തളിച്ചു; ആട്ടുകൊറ്റന്മാരെ അറുത്ത് രക്തം യാഗപീഠത്തിന്മേൽ തളിച്ചു; കുഞ്ഞാടുകളെ അറുത്ത് രക്തം യാഗപീഠത്തിന്മേൽ തളിച്ചു.

23 പിന്നെ അവര്‍ പാപയാഗത്തിനുള്ള വെള്ളാട്ടുകൊറ്റന്മാരെ രാജാവിന്‍റെയും സഭയുടെയും മുമ്പിൽ കൊണ്ടുവന്നു; അവര്‍ അവയുടെമേൽ കൈ വച്ചു.

24 പുരോഹിതന്മാര്‍ അവയെ അറുത്ത് എല്ലാ യിസ്രായേലിനും പ്രായശ്ചിത്തം വരുത്തേണ്ടതിന് അവയുടെ രക്തം യാഗപീഠത്തിന്മേൽ പാപയാഗമായി അര്‍പ്പിച്ചു; എല്ലാ യിസ്രായേലിനുംവേണ്ടി ഹോമയാഗവും പാപയാഗവും കഴിക്കേണം എന്ന് രാജാവ് കല്പിച്ചിരുന്നു.

25 അവന്‍ ദാവീദിന്‍റെയും രാജാവിന്‍റെ ദര്‍ശകനായ ഗാദിന്‍റെയും നാഥാന്‍പ്രവാചകന്‍റെയും കല്പനപ്രകാരം ലേവ്യരെ കൈത്താളങ്ങളോടും വീണകളോടും കിന്നരങ്ങളോടുംകൂടെ യഹോവയുടെ ആലയത്തിൽ നിര്‍ത്തി; അങ്ങനെ പ്രവാചകന്മാര്‍ മുഖാന്തരം യഹോവ കല്പിച്ചിരുന്നു.

26 ലേവ്യര്‍ ദാവീദിന്‍റെ വാദ്യങ്ങളോടും പുരോഹിതന്മാര്‍ കാഹളങ്ങളോടുംകൂടെ നിന്നു.

27 പിന്നെ യെഹിസ്കീയാവ് യാഗപീഠത്തിന്മേൽ ഹോമയാഗം കഴിപ്പാന്‍ കല്പിച്ചു. ഹോമയാഗം തുടങ്ങിയപ്പോള്‍തന്നെ അവര്‍ കാഹളങ്ങളോടും യിസ്രായേൽരാജാവായ ദാവീദിന്‍റെ വാദ്യങ്ങളോടുംകൂടെ യഹോവയ്ക്കു പാട്ടുപാടുവാന്‍ തുടങ്ങി.

28 ഉടനെ സര്‍വസഭയും നമസ്കരിച്ചു, സംഗീതക്കാര്‍ പാടുകയും കാഹളക്കാര്‍ ഊതുകയും ചെയ്തു; ഇതൊക്കെയും ഹോമയാഗം കഴിയുന്നതുവരെ ചെയ്തുകൊണ്ടിരുന്നു.

29 യാഗം കഴിച്ചു തീര്‍ന്നപ്പോള്‍ രാജാവും കൂടെ ഉണ്ടായിരുന്ന എല്ലാവരും വണങ്ങി നമസ്കരിച്ചു.

30 പിന്നെ യെഹിസ്കീയാരാജാവും പ്രഭുക്കന്മാരും ലേവ്യരോടു ദാവീദിന്‍റെയും ആസാഫ്ദര്‍ശകന്‍റെയും വചനങ്ങളാൽ യഹോവയ്ക്ക് സ്തോത്രം ചെയ്‍വാന്‍ കല്പിച്ചു. അവര്‍ സന്തോഷത്തോടെ സ്തോത്രം ചെയ്ത് തലകുനിച്ചു നമസ്കരിച്ചു.

31 നിങ്ങള്‍ ഇപ്പോള്‍ യഹോവയ്ക്കു നിങ്ങളെത്തന്നെ നിവേദിച്ചിരിക്കുന്നു; അടുത്തുവന്ന് യഹോവയുടെ ആലയത്തിൽ ഹനനയാഗങ്ങളും സ്തോത്രയാഗങ്ങളും കൊണ്ടുവരുവിന്‍ എന്നു യെഹിസ്കീയാവ് പറഞ്ഞു; അങ്ങനെ സഭ ഹനനയാഗങ്ങളും സ്തോത്രയാഗങ്ങളും നല്ല മനസ്സുള്ളവര്‍ എല്ലാവരും ഹോമയാഗങ്ങളും കൊണ്ടുവന്നു.

32 സഭ കൊണ്ടുവന്ന ഹോമയാഗങ്ങളുടെ എണ്ണം കാള എഴുപത്, ആട്ടുകൊറ്റന്‍ നൂറ്, കുഞ്ഞാട് ഇരുനൂറ്; ഇവയൊക്കെയും യഹോവയ്ക്കു ഹോമയാഗത്തിനായിരുന്നു.

33 നിവേദിതവസ്തുക്കളോ അറുനൂറ് കാളയും മൂവായിരം ആടും ആയിരുന്നു.

34 പുരോഹിതന്മാര്‍ ചുരുക്കമായിരുന്നതിനാൽ ഹോമയാഗങ്ങളെല്ലാം തോലുരിപ്പാന്‍ അവര്‍ക്കു കഴിഞ്ഞില്ല; അതുകൊണ്ട് അവരുടെ സഹോദരന്മാരായ ലേവ്യര്‍ ആ വേല തീരുവോളവും പുരോഹിതന്മാരൊക്കെയും തങ്ങളെത്തന്നെ വിശുദ്ധീകരിക്കുവോളവും അവരെ സഹായിച്ചു; തങ്ങളെത്തന്നെ വിശുദ്ധീകരിക്കുന്നതിൽ ലേവ്യര്‍ പുരോഹിതന്മാരെക്കാള്‍ അധികം ഉത്സാഹമുള്ളവരായിരുന്നു.

35 ഹോമയാഗങ്ങള്‍ സമാധാനയാഗങ്ങള്‍ക്കുള്ള മേദസ്സിനോടും ഹോമയാഗങ്ങള്‍ക്കുള്ള പാനീയയാഗങ്ങളോടുംകൂടെ അനവധിയായിരുന്നു. ഇങ്ങനെ യഹോവയുടെ ആലയത്തിലെ ആരാധന യഥാസ്ഥാനത്തായി.

36 ദൈവം ജനത്തിന് ഒരുക്കിക്കൊടുത്തതിൽ യെഹിസ്കീയാവുംസകല ജനവും സന്തോഷിച്ചു; കാര്യം ക്ഷണത്തിലല്ലോ നടന്നത്.

  • 2 Chronicles 28 — previous chapter
  • 2 Chronicles 30 — next chapter
  • 2 Chronicles 29 — English (KJV)
  • 2 Chronicles 29 — English (WEB)
  • 2 Chronicles 29 — Tamil (தமிழ்)
  • 2 Chronicles 29 — Hindi (हिंदी)
  • 2 Chronicles 29 — Kannada (ಕನ್ನಡ)