2 ദിനവൃത്താന്തം 28 (2 Chronicles 28)

Malayalam Bible — Malayalam (മലയാളം)

1 ആഹാസ് വാഴ്ച തുടങ്ങിയപ്പോള്‍ അവന് ഇരുപതു വയസ്സായിരുന്നു; അവന്‍ പതിനാറു സംവത്സരം യെരൂശലേമിൽ വാണു; എന്നാൽ തന്‍റെ പിതാവായ ദാവീദ് ചെയ്തതുപോലെ യഹോവയ്ക്ക് പ്രസാദമായുള്ളതു ചെയ്തില്ല.

2 അവന്‍ യിസ്രായേൽരാജാക്കന്മാരുടെ വഴികളിൽ നടന്നു ബാൽവിഗ്രഹങ്ങളെ വാര്‍ത്തുണ്ടാക്കി.

3 അവന്‍ ബെന്‍-ഹിന്നോം താഴ്വരയിൽ ധൂപം കാട്ടുകയും യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു യഹോവ നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛാചാരപ്രകാരം തന്‍റെ പുത്രന്മാരെ അഗ്നിപ്രവേശം ചെയ്യിക്കയും ചെയ്തു.

4 അവന്‍ പൂജാഗിരികളിലും ഓരോ പച്ചവൃക്ഷത്തിന്‍കീഴിലും ബലികഴിച്ചും ധൂപംകാട്ടിയും പോന്നു.

5 ആകയാൽ അവന്‍റെ ദൈവമായ യഹോവ അവനെ അരാംരാജാവിന്‍റെ കൈയിൽ ഏല്പിച്ചു; അവര്‍ അവനെ തോല്പിച്ച് അവരിൽ അസംഖ്യം പേരെ പിടിച്ച് ദമ്മേശെക്കിലേക്കു കൊണ്ടുപോയി. അവന്‍ യിസ്രായേൽരാജാവിന്‍റെ കൈയിലും ഏല്പിക്കപ്പെട്ടു; അവനും അവനെ അതികഠിനമായി തോല്പിച്ചു.

6 അവര്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ട് രെമല്യാവിന്‍റെ മകനായ പെക്കഹ് യെഹൂദായിൽ ഒരു ലക്ഷത്തി ഇരുപതിനായിരം പേരെ ഒരേ ദിവസം സംഹരിച്ചു; അവരെല്ലാവരും പരാക്രമശാലികള്‍ ആയിരുന്നു.

7 എഫ്രയീമ്യവീരനായ സിക്രിരാജകുമാരനായ മയശേയാവെയും രാജധാനിവിചാരകനായ അസ്രീക്കാമിനെയും രാജാവിനു രണ്ടാമനായിരുന്ന എല്ക്കാനയെയും കൊന്നുകളഞ്ഞു.

8 യിസ്രായേല്യര്‍ തങ്ങളുടെ സഹോദരജനത്തിൽ സ്ത്രീകളും പുത്രന്മാരും പുത്രിമാരുമായി രണ്ടുലക്ഷം പേരെ പിടിച്ചു കൊണ്ടുപോയി, വളരെ കൊള്ളയിട്ടു കൊള്ളയും ശമര്യയിലേക്കു കൊണ്ടുപോയി.

9 എന്നാൽ ഓദേദ് എന്ന പേരോടെ യഹോവയുടെ ഒരു പ്രവാചകന്‍ അവിടെ ഉണ്ടായിരുന്നു; അവന്‍ ശമര്യയിലേക്കു വന്ന സൈന്യത്തെ എതിരേറ്റുചെന്ന് അവരോടു പറഞ്ഞത്: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ യെഹൂദായോടു കോപിച്ചിരിക്കകൊണ്ട് അവരെ നിങ്ങളുടെ കൈയിൽ ഏല്പിച്ചു; നിങ്ങള്‍ അവരെ ആകാശപര്യന്തം എത്തുന്ന ക്രോധത്തോടെ സംഹരിച്ചിരിക്കുന്നു.

10 ഇപ്പോഴോ നിങ്ങള്‍ യെഹൂദ്യരെയും യെരൂശലേമ്യരെയും ദാസീദാസന്മാരായി കീഴടക്കുവാന്‍ ഭാവിക്കുന്നു; നിങ്ങളുടെ പക്കലും നിങ്ങളുടെ ദൈവമായ യഹോവയോടുള്ള അകൃത്യങ്ങള്‍ ഇല്ലയോ?

11 ആകയാൽ ഞാന്‍ പറയുന്നതു കേള്‍പ്പിന്‍; നിങ്ങളുടെ സഹോദരന്മാരിൽനിന്നു നിങ്ങള്‍ പിടിച്ചുകൊണ്ടുവന്ന ബദ്ധന്മാരെ വിട്ടയയ്പിന്‍; അല്ലെങ്കിൽ യഹോവയുടെ ഉഗ്രകോപം നിങ്ങളുടെമേൽ ഇരിക്കും.

12 അപ്പോള്‍ യോഹാനാന്‍റെ മകന്‍ അസര്യാവ്, മെശില്ലേമോത്തിന്‍റെ മകന്‍ ബേരെഖ്യാവ്, ശല്ലൂമിന്‍റെ മകന്‍ യെഹിസ്കീയാവ്, ഹദ്ളായിയുടെ മകന്‍ അമാസാ എന്നിങ്ങനെ എഫ്രയീമ്യതലവന്മാരിൽ ചിലര്‍ യുദ്ധത്തിൽനിന്നു വന്നവരോട് എതിര്‍ത്തുനിന്ന് അവരോട്:

13 നിങ്ങള്‍ ബദ്ധന്മാരെ ഇവിടെ കൊണ്ടുവരരുത്; നാം തന്നെ യഹോവയോട് അകൃത്യം ചെയ്തിരിക്കെ നമ്മുടെ പാപങ്ങളോടും അകൃത്യത്തോടും ഇനിയും കൂട്ടുവാന്‍ നിങ്ങള്‍ ഭാവിക്കുന്നു; നമുക്കു വലിയൊരു അകൃത്യം ഉണ്ട്; ഉഗ്രകോപം യിസ്രായേലിന്മേൽ ഇരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

14 അപ്പോള്‍ പ്രഭുക്കന്മാരും സര്‍വസഭയും കാണ്‍കെ ആയുധപാണികള്‍ ബദ്ധന്മാരെയും കൊള്ളയെയും വിട്ടയച്ചു.

15 പേര്‍ ചൊല്ലി വിളിക്കപ്പെട്ട ആളുകള്‍ എഴുന്നേറ്റു ബദ്ധന്മാരെ കൂട്ടി അവരിൽ നഗ്നന്മാരായവരെയൊക്കെയും കൊള്ളയിലെ വസ്ത്രം ധരിപ്പിച്ചു; അവരെ ഉടുപ്പിച്ചു ചെരിപ്പും ഇടുവിച്ചശേഷം അവര്‍ക്കു തിന്മാനും കുടിപ്പാനും കൊടുത്ത് എണ്ണയും തേപ്പിച്ചു; ക്ഷീണിച്ചുപോയവരെയൊക്കെയും കഴുതപ്പുറത്തു കയറ്റി, ഈന്തപ്പട്ടണമായ യെരീഹോവിൽ അവരുടെ സഹോദരന്മാരുടെ അടുക്കൽ കൊണ്ടുചെന്നാക്കി ശമര്യക്കു മടങ്ങിപ്പോയി.

16 ആ കാലത്ത് ആഹാസ്‍രാജാവ് തന്നെ സഹായിക്കേണ്ടതിന് അശ്ശൂര്‍രാജാക്കന്മാരുടെ അടുക്കൽ ആളയച്ചു.

17 എദോമ്യര്‍ പിന്നെയും വന്ന് യെഹൂദ്യരെ തോല്പിക്കയും ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോകയും ചെയ്തു.

18 ഫെലിസ്ത്യരും താഴ്വീതിയിലും യെഹൂദായുടെ തെക്കും ഉള്ള പട്ടണങ്ങളെ ആക്രമിച്ചു ബേത്ത്-ശേമെശും അയ്യാലോനും ഗെദേരോത്തും സോഖോവും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും തിമ്നായും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും ഗിംസോവും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും പിടിച്ച് അവിടെ പാര്‍ത്തു.

19 യിസ്രായേൽരാജാവായ ആഹാസ് യെഹൂദായിൽ നിര്‍മ്മര്യാദം കാണിച്ച് യഹോവയോടു മഹാദ്രോഹം ചെയ്തതുകൊണ്ട് അവന്‍റെ നിമിത്തം യഹോവ യെഹൂദായെ താഴ്ത്തി.

20 അശ്ശൂര്‍രാജാവായ തിഗ്ലത്ത്-പിലേസര്‍ അവന്‍റെ അടുക്കൽ വന്നിട്ട് അവനെ ബലപ്പെടുത്താതെ ഞെരുക്കിയതേയുള്ളൂ.

21 ആഹാസ് യഹോവയുടെ ആലയത്തിൽനിന്നും രാജധാനിയിൽനിന്നും പ്രഭുക്കന്മാരുടെ പക്കൽനിന്നും കവര്‍ന്നെടുത്ത് അശ്ശൂര്‍രാജാവിനു കൊടുത്തു; എങ്കിലും ഇതിനാൽ അവനു സഹായം ഉണ്ടായില്ല.

22 ആഹാസ്‍രാജാവ് തന്‍റെ കഷ്ടകാലത്തുകൂടെയും യഹോവയോട് അധികം ദ്രോഹം ചെയ്തു.

23 എങ്ങനെയെന്നാൽ: അരാംരാജാക്കന്മാരുടെ ദേവന്മാര്‍ അവരെ സഹായിച്ചതുകൊണ്ട് അവര്‍ എന്നെയും സഹായിക്കേണ്ടതിന് ഞാന്‍ അവര്‍ക്കു ബലികഴിക്കും എന്നു പറഞ്ഞ് അവന്‍ തന്നെ തോല്പിച്ച ദമ്മേശെക്കിലെ ദേവന്മാര്‍ക്കു ബലികഴിച്ചു; എന്നാൽ അവ അവനും എല്ലാ യിസ്രായേലിനും നാശകാരണമായി ഭവിച്ചു.

24 ആഹാസ് ദൈവാലയത്തിലെ ഉപകരണങ്ങളെ എടുത്ത് ദൈവാലയത്തിലെ ഉപകരണങ്ങളെ ഉടച്ചു, യഹോവയുടെ ആലയത്തിന്‍റെ വാതിലുകള്‍ അടച്ചുകളഞ്ഞ് യെരൂശലേമിന്‍റെ ഓരോ മൂലയിലും ബലിപീഠങ്ങള്‍ ഉണ്ടാക്കി.

25 അന്യദേവന്മാര്‍ക്കു ധൂപം കാട്ടുവാന്‍ അവന്‍ യെഹൂദായിലെ ഓരോ പട്ടണത്തിലും പൂജാഗിരി കള്‍ ഉണ്ടാക്കി തന്‍റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ കോപിപ്പിച്ചു.

26 അവന്‍റെ മറ്റുള്ള വൃത്താന്തങ്ങളും സകല പ്രവൃത്തികളും ആദ്യവസാനം യെഹൂദായിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നു.

27 ആഹാസ് തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ യെരൂശലേംനഗരത്തിൽ അടക്കം ചെയ്തു. യിസ്രായേൽരാജാക്കന്മാരുടെ കല്ലറകളിൽ കൊണ്ടുവന്നില്ലതാനും; അവന്‍റെ മകനായ യെഹിസ്കീയാവ് അവനു പകരം രാജാവായി.

  • 2 Chronicles 27 — previous chapter
  • 2 Chronicles 29 — next chapter
  • 2 Chronicles 28 — English (KJV)
  • 2 Chronicles 28 — English (WEB)
  • 2 Chronicles 28 — Tamil (தமிழ்)
  • 2 Chronicles 28 — Hindi (हिंदी)
  • 2 Chronicles 28 — Kannada (ಕನ್ನಡ)