2 ദിനവൃത്താന്തം 27 (2 Chronicles 27)

Malayalam Bible — Malayalam (മലയാളം)

1 യോഥാം വാഴ്ച തുടങ്ങിയപ്പോള്‍ അവന് ഇരുപത്തിയഞ്ചു വയസ്സായിരുന്നു; അവന്‍ പതിനാറു സംവത്സരം യെരൂശലേമിൽ വാണു; അവന്‍റെ അമ്മയ്ക്കു യെരൂശാ എന്നു പേര്‍; അവള്‍ സാദോക്കിന്‍റെ മകള്‍ ആയിരുന്നു.

2 അവന്‍ തന്‍റെ അപ്പനായ ഉസ്സീയാവ് ചെയ്തതുപോലെയൊക്കെയും യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു എങ്കിലും യഹോവയുടെ ആലയത്തിലേക്ക് അവന്‍ കടന്നില്ല; ജനമോ വഷളത്തം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു;

3 അവന്‍ യഹോവയുടെ ആലയത്തിന്‍റെ മേലത്തെ പടിവാതിൽ പണിതു; ഓഫേലിന്‍റെ മതിലും അവന്‍ വളരെ പണിത് ഉറപ്പിച്ചു.

4 അവന്‍ യെഹൂദാമലനാട്ടിൽ പട്ടണങ്ങളും വനങ്ങളിൽ കോട്ടകളും ഗോപുരങ്ങളും പണിതു.

5 അവന്‍ അമ്മോന്യരുടെ രാജാവിനോടു യുദ്ധവും ചെയ്ത് അവരെ ജയിച്ചു; അമ്മോന്യര്‍ അവന് ആ ആണ്ടിൽ തന്നെ നൂറു താലന്തു വെള്ളിയും പതിനായിരം കോര്‍ കോതമ്പും പതിനായിരം കോര്‍ യവവും കൊടുത്തു; അത്രയുംതന്നെ അമ്മോന്യര്‍ രണ്ടാം ആണ്ടിലും മൂന്നാം ആണ്ടിലും കൊടുക്കേണ്ടിവന്നു.

6 ഇങ്ങനെ യോഥാം തന്‍റെ ദൈവമായ യഹോവയുടെ മുമ്പാകെ ക്രമമായി നടന്നതുകൊണ്ട് അവന്‍ ബലവാനായിത്തീര്‍ന്നു.

7 യോഥാമിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍റെ സകല യുദ്ധങ്ങളും അവന്‍റെ പ്രവൃത്തികളും യിസ്രായേലിലെയും യെഹൂദായിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

8 വാഴ്ച തുടങ്ങിയപ്പോള്‍ അവന് ഇരുപത്തിയഞ്ച് വയസ്സായിരുന്നു; അവന്‍ പതിനാറു സംവത്സരം യെരൂശലേമിൽ വാണു.

9 യോഥാം തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ ദാവീദിന്‍റെ നഗരത്തിൽ അടക്കംചെയ്തു; അവന്‍റെ മകനായ ആഹാസ് അവനു പകരം രാജാവായി.

  • 2 Chronicles 26 — previous chapter
  • 2 Chronicles 28 — next chapter
  • 2 Chronicles 27 — English (KJV)
  • 2 Chronicles 27 — English (WEB)
  • 2 Chronicles 27 — Tamil (தமிழ்)
  • 2 Chronicles 27 — Hindi (हिंदी)
  • 2 Chronicles 27 — Kannada (ಕನ್ನಡ)