2 ദിനവൃത്താന്തം 30 (2 Chronicles 30)

Malayalam Bible — Malayalam (മലയാളം)

1 അനന്തരം യെഹിസ്കീയാവ് യിസ്രായേലിന്‍റെ ദൈവമായ യഹോവയ്ക്ക് പെസഹ ആചരിക്കേണ്ടതിന് യെരൂശലേമിൽ യഹോവയുടെ ആലയത്തിലേക്കു വരുവാന്‍ എല്ലാ യിസ്രായേലിന്‍റെയും യെഹൂദായുടെയും അടുക്കൽ ആളയച്ചു; എഫ്രയീമിനും മനശ്ശെക്കും എഴുത്തും എഴുതി.

2 രണ്ടാം മാസത്തിൽ പെസഹ ആചരിക്കേണമെന്നു രാജാവും അവന്‍റെ പ്രഭുക്കന്മാരും യെരൂശലേമിലെ സര്‍വസഭയും നിര്‍ണയിച്ചിരുന്നു.

3 പുരോഹിതന്മാര്‍ വേണ്ടുന്നത്രയും പേര്‍ തങ്ങളെത്തന്നെ വിശുദ്ധീകരിക്കാതെയും ജനം യെരൂശലേമിൽ ഒരുമിച്ചുകൂടാതെയും ഇരുന്നതുകൊണ്ട് സമയത്ത് അത് ആചരിപ്പാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നില്ല.

4 ആ കാര്യം രാജാവിനും സര്‍വസഭയ്ക്കും സമ്മതമായി.

5 ഇങ്ങനെ അവര്‍ യെരൂശലേമിൽ യിസ്രായേലിന്‍റെ ദൈവമായ യഹോവയ്ക്ക് പെസഹ ആചരിപ്പാന്‍ വരേണ്ടതിനു ബേര്‍-ശേബമുതൽ ദാന്‍വരെ എല്ലാ യിസ്രായേലിന്‍റെ ഇടയിലും പരസ്യമാക്കേണമെന്ന് ഒരു തീര്‍പ്പുണ്ടാക്കി. അവര്‍ ബഹുകാലമായിട്ട് അതു വിധിപോലെ ആചരിച്ചിരുന്നില്ല.

6 അങ്ങനെ ഓട്ടാളര്‍ രാജാവിന്‍റെയും പ്രഭുക്കന്മാരുടെയും എഴുത്തുകള്‍ എല്ലാ യിസ്രായേലിന്‍റെയും യെഹൂദായുടെയും ഇടയിൽ കൊണ്ടുപോയി രാജകല്പനപ്രകാരം പറഞ്ഞത് എന്തെന്നാൽ: യിസ്രായേൽമക്കളേ, അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമായ യഹോവ നിങ്ങളിൽ അശ്ശൂര്‍രാജാക്കന്മാരുടെ കൈയിൽനിന്നു തെറ്റി ഒഴിഞ്ഞ ശേഷിപ്പിന്‍റെ അടുക്കലേക്കു തിരിയേണ്ടതിനു നിങ്ങള്‍ അവന്‍റെ അടുക്കലേക്കു തിരിഞ്ഞുകൊള്‍വിന്‍.

7 തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോട് അകൃത്യം ചെയ്ത നിങ്ങളുടെ പിതാക്കന്മാരെയും നിങ്ങളുടെ സഹോദരന്മാരെയുംപോലെ നിങ്ങള്‍ ആകരുത്; അവന്‍ അവരെ നാശത്തിന് ഏല്പിച്ചുകളഞ്ഞതു നിങ്ങള്‍ കാണുന്നുവല്ലോ.

8 ആകയാൽ നിങ്ങളുടെ പിതാക്കന്മാരെപ്പോലെ നിങ്ങള്‍ ദുശ്ശാഠ്യം കാണിക്കരുത്; യഹോവയ്ക്ക് നിങ്ങളെത്തന്നെ ഏല്പിച്ചുകൊള്‍വിന്‍; അവന്‍ സദാകാലത്തേക്കും വിശുദ്ധീകരിച്ചിരിക്കുന്ന അവന്‍റെ വിശുദ്ധമന്ദിരത്തിലേക്കു വന്നു നിങ്ങളുടെ ദൈവമായ യഹോവയുടെ ഉഗ്രകോപം നിങ്ങളെ വിട്ടുമാറേണ്ടതിന് അവനെ സേവിപ്പിന്‍.

9 നിങ്ങള്‍ യഹോവയിങ്കലേക്കു വീണ്ടും തിരിയുന്നു എങ്കിൽ നിങ്ങളുടെ സഹോദരന്മാരും പുത്രന്മാരും തങ്ങളെ ബദ്ധരാക്കി കൊണ്ടുപോയവരോടു കരുണ ലഭിച്ച് ഈ ദേശത്തിലേക്കു മടങ്ങിവരും; നിങ്ങളുടെ ദൈവമായ യഹോവ കൃപയും കരുണയും ഉള്ളവനല്ലോ; നിങ്ങള്‍ അവന്‍റെ അടുക്കലേക്കു തിരിഞ്ഞുവരുന്നു എങ്കിൽ അവന്‍ നിങ്ങളെ നോക്കാതവണ്ണം മുഖം തിരിച്ചുകളകയില്ല.

10 അങ്ങനെ ഓട്ടാളര്‍ എഫ്രയീമിന്‍റെയും മനശ്ശെയുടെയും ദേശത്തു പട്ടണംതോറും സെബൂലൂന്‍വരെ സഞ്ചരിച്ചു; അവരോ അവരെ പരിഹസിച്ചു നിന്ദിച്ചുകളഞ്ഞു.

11 എങ്കിലും ആശേരിലും മനശ്ശെയിലും സെബൂലൂനിലും ചിലര്‍ തങ്ങളെത്തന്നെ താഴ്ത്തി യെരൂശലേമിലേക്കു വന്നു.

12 യെഹൂദായിലും യഹോവയുടെ വചനപ്രകാരം രാജാവും പ്രഭുക്കന്മാരും കൊടുത്ത കല്പന അനുസരിച്ചുനടക്കേണ്ടതിന് അവര്‍ക്ക് ഐകമത്യം നല്കുവാന്‍ തക്കവണ്ണം ദൈവത്തിന്‍റെ കൈ വ്യാപരിച്ചു.

13 അങ്ങനെ രണ്ടാം മാസത്തിൽ പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഉത്സവം ആചരിപ്പാന്‍ ബഹുജനം ഏറ്റവും വലിയൊരു സഭയായി യെരൂശലേമിൽ വന്നുകൂടി.

14 അവര്‍ എഴുന്നേറ്റു യെരൂശലേമിൽ ഉണ്ടായിരുന്ന ബലിപീഠങ്ങളെ നീക്കിക്കളഞ്ഞു സകല ധൂപകലശങ്ങളെയും എടുത്തു കിദ്രോന്‍തോട്ടിൽ എറിഞ്ഞുകളഞ്ഞു.

15 രണ്ടാം മാസം പതിന്നാലാം തീയതി അവര്‍ പെസഹ അറുത്തു; എന്നാൽ പുരോഹിതന്മാരും ലേവ്യരും ലജ്ജിച്ചു തങ്ങളെത്തന്നെ വിശുദ്ധീകരിച്ച് യഹോവയുടെ ആലയത്തിൽ ഹോമയാഗങ്ങളെ കൊണ്ടുവന്നു.

16 അവര്‍ ദൈവപുരുഷനായ മോശെയുടെ ന്യായപ്രമാണപ്രകാരം തങ്ങള്‍ക്കുള്ള വിധി അനുസരിച്ചു തങ്ങളുടെ സ്ഥാനത്തു നിന്നു; പുരോഹിതന്മാര്‍ ലേവ്യരുടെ കൈയിൽനിന്ന് രക്തം വാങ്ങി തളിച്ചു.

17 തങ്ങളെത്തന്നെ വിശുദ്ധീകരിക്കാത്തവര്‍ പലരും സഭയിൽ ഉണ്ടായിരുന്നു; അതുകൊണ്ടു ശുദ്ധിയില്ലാത്ത ഓരോരുത്തനുവേണ്ടി പെസഹ അറുത്ത് യഹോവയ്ക്ക് നിവേദിക്കേണ്ടതിനു ലേവ്യര്‍ ഭരമേറ്റിരുന്നു.

18 വലിയൊരു ജനസമൂഹം, എഫ്രയീമിൽനിന്നും മനശ്ശെയിൽനിന്നും യിസ്സാഖാരിൽനിന്നും സെബൂലൂനിൽനിന്നും ഉള്ള അനേകര്‍, തങ്ങളെത്തന്നെ ശുദ്ധീകരിക്കാതെ എഴുതിയിരിക്കുന്ന വിധി വിട്ടു മറ്റൊരു പ്രകാരത്തിൽ പെസഹ തിന്നു. എന്നാൽ യെഹിസ്കീയാവ് അവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചു:

19 വിശുദ്ധമന്ദിരത്തിനാവശ്യമായ വിശുദ്ധീകരണംപോലെ വിശുദ്ധനായില്ലങ്കിലും ദൈവത്തെ, തന്‍റെ പിതാക്ക ന്മാരുടെ ദൈവമായ യഹോവയെത്തന്നെ അന്വേഷിപ്പാന്‍ മനസ്സുവയ്ക്കുന്ന എല്ലാവരോടും ദയാലുവായ യഹോവേ, ക്ഷമിക്കേണമേ എന്നു പറഞ്ഞു.

20 യഹോവ യെഹിസ്കീയാവിന്‍റെ പ്രാര്‍ഥന കേട്ട് ജനത്തെ സൗഖ്യമാക്കി.

21 അങ്ങനെ യെരൂശലേമിൽ വന്നുകൂടിയിരുന്ന യിസ്രായേൽമക്കള്‍ പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഉത്സവം ഏഴു ദിവസം മഹാസന്തോഷത്തോടെ ആചരിച്ചു; ലേവ്യരും പുരോഹിതന്മാരും ഉച്ചനാദമുള്ള വാദ്യങ്ങളാൽ യഹോവയ്ക്കു പാടി ദിവസംപ്രതിയും യഹോവയെ സ്തുതിച്ചു.

22 യെഹിസ്കീയാവ് യഹോവയുടെ ശുശ്രൂഷയിൽ സാമര്‍ഥ്യം കാണിച്ച എല്ലാ ലേവ്യരോടും ഹൃദ്യമായി സംസാരിച്ചു; അവര്‍ സമാധാനയാഗങ്ങള്‍ അര്‍പ്പിച്ചും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ സ്തുതിച്ചുംകൊണ്ട് ഏഴു ദിവസം ഉത്സവം ഘോഷിച്ചു ഭക്ഷണം കഴിച്ചു.

23 പിന്നെയും ഏഴു ദിവസം ഉത്സവം ആചരിപ്പാന്‍ സര്‍വസഭയും നിര്‍ണയിച്ച് അങ്ങനെ അവര്‍ വേറേ ഏഴു ദിവസവും സന്തോഷത്തോടെ ആചരിച്ചു.

24 യെഹൂദാരാജാവായ യെഹിസ്കീയാവ് സഭയ്ക്ക് ആയിരം കാളയെയും ഏഴായിരം ആടിനെയും കൊടുത്തു; പ്രഭുക്കന്മാരും സഭയ്ക്ക് ആയിരം കാളയെയും പതിനായിരം ആടിനെയും കൊടുത്തു; അനേകം പുരോഹിതന്മാര്‍ തങ്ങളെത്തന്നെ വിശുദ്ധീകരിച്ചു.

25 യെഹൂദായുടെ സര്‍വസഭയും പുരോഹിതന്മാരും ലേവ്യരും യിസ്രായേലിൽനിന്നു വന്ന സര്‍വസഭയും യിസ്രായേൽദേശത്തുനിന്നു വന്ന് യെഹൂദായിൽ പാര്‍ത്തിരുന്ന പരദേശികളും സന്തോഷിച്ചു.

26 അങ്ങനെ യെരൂശലേമിൽ മഹാസന്തോഷം ഉണ്ടായി; യിസ്രായേൽരാജാവായ ദാവീദിന്‍റെ മകന്‍ ശലോമോന്‍റെ കാലംമുതൽ ഇതുപോലെ യെരൂശലേമിൽ സംഭവിച്ചിട്ടില്ല.

27 ഒടുവിൽ ലേവ്യരായ പുരോഹിതന്മാര്‍ എഴുന്നേറ്റു ജനത്തെ അനുഗ്രഹിച്ചു; അവരുടെ അപേക്ഷ കേള്‍ക്കപ്പെടുകയും അവരുടെ പ്രാര്‍ഥന അവന്‍റെ വിശുദ്ധനിവാസമായ സ്വര്‍ഗത്തിലെത്തുകയും ചെയ്തു.

  • 2 Chronicles 29 — previous chapter
  • 2 Chronicles 31 — next chapter
  • 2 Chronicles 30 — English (KJV)
  • 2 Chronicles 30 — English (WEB)
  • 2 Chronicles 30 — Tamil (தமிழ்)
  • 2 Chronicles 30 — Hindi (हिंदी)
  • 2 Chronicles 30 — Kannada (ಕನ್ನಡ)