1 ദിനവൃത്താന്തം 23 (1 Chronicles 23)

Malayalam Bible — Malayalam (മലയാളം)

1 ദാവീദ് വയോധികനും കാലസമ്പൂര്‍ണനും ആയപ്പോള്‍ തന്‍റെ മകനായ ശലോമോനെ യിസ്രായേലിനു രാജാവാക്കി.

2 അവന്‍ യിസ്രായേലിന്‍റെ പ്രഭുക്കന്മാരെയും പുരോഹിതന്മാരെയും ലേവ്യരെയും എല്ലാം കൂട്ടി വരുത്തി,

3 ലേവ്യരിൽ മുപ്പതു വയസ്സുമുതൽ മേലോട്ടുള്ളവരെ എണ്ണി; ആളെണ്ണം പേരുപേരായി അവര്‍ മുപ്പത്തെണ്ണായിരം ആയിരുന്നു.

4 അവരിൽ ഇരുപത്തിനാലായിരം പേര്‍ യഹോവയുടെ ആലയത്തിലെ വേല നടത്തേണ്ടുന്നവരും ആറായിരം പേര്‍ പ്രമാണികളും ന്യായാധിപന്മാരും

5 നാലായിരം പേര്‍ വാതിൽക്കാവല്ക്കാരും നാലായിരം പേര്‍ സ്തോത്രം ചെയ്യേണ്ടതിനു ദാവീദ് ഉണ്ടാക്കിയ വാദ്യങ്ങളാൽ യഹോവയെ സ്തുതിക്കുന്നവരും ആയിരുന്നു;

6 ദാവീദ് അവരെ ലേവിപുത്രന്മാരായ ഗേര്‍ശോന്‍, കെഹാത്ത്, മെരാരി എന്നീ ക്രമപ്രകാരം കൂറുകളായി വിഭാഗിച്ചു.

7 ഗേര്‍ശോന്യര്‍: ലദ്ദാന്‍, ശിമെയി.

8 ലദ്ദാന്‍റെ പുത്രന്മാര്‍: തലവനായ യെഹീയേൽ, സേഥാം, യോവേൽ ഇങ്ങനെ മൂന്നു പേര്‍.

9 ശിമെയിയുടെ പുത്രന്മാര്‍: ശെലോമീത്ത്, ഹസീയേൽ, ഹാരാന്‍ ഇങ്ങനെ മൂന്നു പേര്‍; ഇവര്‍ ലദ്ദാന്‍റെ പിതൃഭവനങ്ങള്‍ക്കു തലവന്മാര്‍ ആയിരുന്നു.

10 ശിമെയിയുടെ പുത്രന്മാര്‍: യഹത്ത്, സീനാ, യെയൂശ്, ബെരീയാം; ഈ നാലു പേര്‍ ശിമെയിയുടെ പുത്രന്മാര്‍.

11 യഹത്ത് തലവനും സീനാ രണ്ടാമനും ആയിരുന്നു; യെയൂശിനും ബെരിയയ്ക്കും അധികം പുത്രന്മാര്‍ ഇല്ലാതിരുന്നതുകൊണ്ട് അവര്‍ ഏകപിതൃഭവനമായി എണ്ണപ്പെട്ടിരുന്നു.

12 കെഹാത്തിന്‍റെ പുത്രന്മാര്‍: അമ്രാം, യിസ്ഹാര്‍, ഹെബ്രോന്‍, ഉസ്സീയേൽ ഇങ്ങനെ നാലു പേര്‍.

13 അമ്രാമിന്‍റെ പുത്രന്മാര്‍: അഹരോന്‍, മോശെ; അഹരോനും പുത്രന്മാരും അതിവിശുദ്ധവസ്തുക്കളെ ശുദ്ധീകരിപ്പാനും യഹോവയുടെ സന്നിധിയിൽ ധൂപംകാട്ടുവാനും അവനു ശുശ്രൂഷ ചെയ്‍വാനും എപ്പോഴും അവന്‍റെ നാമത്തിൽ അനുഗ്രഹിപ്പാനും സദാകാലത്തേക്കും വേര്‍തിരിക്കപ്പെട്ടിരുന്നു.

14 ദൈവപുരുഷനായ മോശെയുടെ പുത്രന്മാരെയോ ലേവിഗോത്രത്തിൽ എണ്ണിയിരുന്നു.

15 മോശെയുടെ പുത്രന്മാര്‍: ഗേര്‍ശോം, എലീയേസെര്‍.

16 ഗേര്‍ശോമിന്‍റെ പുത്രന്മാരിൽ ശെബൂവേൽ തലവനായിരുന്നു.

17 എലീയേസെരിന്‍റെ പുത്രന്മാര്‍: രെഹബ്യാവ് തലവന്‍; എലീയേസെരിനു വേറേ പുത്രന്മാര്‍ ഉണ്ടായിരുന്നില്ല; എങ്കിലും രെഹബ്യാവിനു വളരെ പുത്രന്മാര്‍ ഉണ്ടായിരുന്നു.

18 യിസ്ഹാരിന്‍റെ പുത്രന്മാരിൽ ശെലോമീത്ത് തലവന്‍.

19 ഹെബ്രോന്‍റെ പുത്രന്മാരിൽ യെരീയാവ് തലവനും അമര്യാവ് രണ്ടാമനും യഹസീയേൽ മൂന്നാമനും, യെക്കമെയാം നാലാമനും ആയിരുന്നു.

20 ഉസ്സീയേലിന്‍റെ പുത്രന്മാരിൽ മീഖാ തലവനും യിശ്ശീയാവ് രണ്ടാമനും ആയിരുന്നു.

21 മെരാരിയുടെ പുത്രന്മാര്‍: മഹ്ലി, മൂശി. മഹ്ലിയുടെ പുത്രന്മാര്‍: എലെയാസാര്‍, കീശ്.

22 എലെയാസാര്‍ മരിച്ചു; അവനു പുത്രിമാരല്ലാതെ പുത്രന്മാര്‍ ഉണ്ടായിരുന്നില്ല; കീശിന്‍റെ പുത്രന്മാരായ അവരുടെ സഹോദരന്മാര്‍ അവരെ വിവാഹം ചെയ്തു.

23 മൂശിയുടെ പുത്രന്മാര്‍: മഹ്ലി, ഏദെര്‍, യെരേമോത്ത് ഇങ്ങനെ മൂന്നുപേര്‍.

24 ഇവര്‍ കുടുംബംകുടുംബമായി ആളെണ്ണം പേരുപേരായി എണ്ണപ്പെട്ടപ്രകാരം തങ്ങളുടെ പിതൃഭവനങ്ങള്‍ക്കു തലവന്മാരായ ലേവിപുത്രന്മാര്‍; അവര്‍ ഇരുപതു വയസ്സുമുതൽ മേലോട്ടു യഹോവയുടെ ആലയത്തിലെ ശുശ്രൂഷയിൽ വേല ചെയ്തുവന്നു.

25 യിസ്രായേലിന്‍റെ ദൈവമായ യഹോവ തന്‍റെ ജനത്തിനു സ്വസ്ഥത കൊടുത്തു യെരൂശലേമിൽ എന്നേക്കും വസിക്കുന്നുവല്ലോ.

26 ആകയാൽ ലേവ്യര്‍ക്ക് ഇനി തിരുനിവാസവും അതിലെ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങള്‍ ഒന്നും ചുമപ്പാന്‍ ആവശ്യമില്ല എന്നു ദാവീദ് പറഞ്ഞു.

27 ദാവീദിന്‍റെ അന്ത്യകല്പനകളാൽ ലേവ്യരെ ഇരുപതു വയസ്സുമുതൽ മേലോട്ട് എണ്ണിയിരുന്നു.

28 അവരുടെ മുറയോ, യഹോവയുടെ ആലയത്തിലെ ശുശ്രൂഷയ്ക്കായി പ്രാകാരങ്ങളിലും അറകളിലും സകല വിശുദ്ധവസ്തുക്കളെയും ശുദ്ധീകരിക്കുന്നതിലും ദൈവാലയത്തിലെ ശുശ്രൂഷയുടെ വേലയ്ക്ക് അഹരോന്‍റെ പുത്രന്മാരെ സഹായിക്കുന്നതും

29 കാഴ്ചയപ്പവും പുളിപ്പില്ലാത്ത ദോശകളായും ചട്ടിയിൽ ചുടുന്നതായും കുതിര്‍ക്കുന്നതായും അര്‍പ്പിക്കുന്ന ഭോജനയാഗത്തിനുള്ള നേരിയ മാവും സകലവിധ പരിമാണവും അളവും നോക്കുന്നതും

30 രാവിലെയും വൈകുന്നേരവും യഹോവയെ വാഴ്ത്തി സ്തുതിക്കേണ്ടതിന് ഒരുങ്ങിനില്ക്കുന്നതും

31 യഹോവയ്ക്കു ശബ്ബത്തുകളിലും അമാവാസികളിലും ഉത്സവങ്ങളിലും യഹോവയുടെ സന്നിധിയിൽ നിരന്തരം അവയെക്കുറിച്ചുള്ള നിയമത്തിനനുസരണയായ സംഖ്യപ്രകാരം ഹോമയാഗങ്ങളെ അര്‍പ്പിക്കുന്നതും

32 സമാഗമനകൂടാരത്തിന്‍റെ കാര്യവും വിശുദ്ധസ്ഥലത്തിന്‍റെ കാര്യവും യഹോവയുടെ ആലയത്തിലെ ശുശ്രൂഷയിൽ അവരുടെ സഹോദരന്മാരായ അഹരോന്‍റെ പുത്രന്മാരുടെ കാര്യവും വിചാരിക്കുന്നതും തന്നെ.

  • 1 Chronicles 22 — previous chapter
  • 1 Chronicles 24 — next chapter
  • 1 Chronicles 23 — English (KJV)
  • 1 Chronicles 23 — English (WEB)
  • 1 Chronicles 23 — Tamil (தமிழ்)
  • 1 Chronicles 23 — Hindi (हिंदी)
  • 1 Chronicles 23 — Kannada (ಕನ್ನಡ)