1 ദിനവൃത്താന്തം 22 (1 Chronicles 22)

Malayalam Bible — Malayalam (മലയാളം)

1 ഇതു യഹോവയായ ദൈവത്തിന്‍റെ ആലയം; ഇതു യിസ്രായേലിനു ഹോമപീഠം എന്നു ദാവീദ് പറഞ്ഞു.

2 അനന്തരം ദാവീദ് യിസ്രായേൽദേശത്തിലെ അന്യജാതിക്കാരെ കൂട്ടിവരുത്തുവാന്‍ കല്പിച്ചു; ദൈവത്തിന്‍റെ ആലയം പണിവാന്‍ ചതുരക്കല്ലു ചെത്തേണ്ടതിനു അവന്‍ കല്പണിക്കാരെ നിയമിച്ചു.

3 ദാവീദ് പടിവാതിൽ കതകുകളുടെ ആണികള്‍ക്കായിട്ടും കൊളുത്തുകള്‍ക്കായിട്ടും വളരെ ഇരുമ്പും തൂക്കമില്ലാതെ വളരെ താമ്രവും അനവധി ദേവദാരുവും ഒരുക്കിവച്ചു.

4 സീദോന്യരും സോര്യരും അനവധി ദേവദാരു ദാവീദിന്‍റെ അടുക്കൽ കൊണ്ടുവന്നു. എന്‍റെ മകന്‍ ശലോമോന്‍ ചെറുപ്പവും ഇളംപ്രായവുമുള്ളവന്‍ ആകുന്നു; യഹോവയ്ക്കായി പണിയേണ്ടുന്ന ആലയമോ കീര്‍ത്തിയും ശോഭയുംകൊണ്ടു സര്‍വദേശങ്ങള്‍ക്കും അതിമഹത്ത്വമുള്ളതായിരിക്കേണം.

5 ആകയാൽ ഞാന്‍ അതിനു തക്കവണ്ണം വട്ടംകൂട്ടും എന്നു ദാവീദ് പറഞ്ഞു. അങ്ങനെ ദാവീദ് തന്‍റെ മരണത്തിനുമുമ്പേ ധാരാളം വട്ടംകൂട്ടി.

6 അവന്‍ തന്‍റെ മകനായ ശലോമോനെ വിളിച്ചു യിസ്രായേലിന്‍റെ ദൈവമായ യഹോവയ്ക്ക് ഒരു ആലയം പണിയുവാന്‍ കല്പന കൊടുത്തു.

7 ദാവീദ് ശലോമോനോടു പറഞ്ഞത്: മകനേ, ഞാന്‍ തന്നെ എന്‍റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിവാന്‍ താൽപര്യപ്പെട്ടിരുന്നു.

8 എങ്കിലും എനിക്കു യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ: നീ വളരെ രക്തം ചിന്തി വലിയ യുദ്ധങ്ങളും ചെയ്തിട്ടുണ്ട്; നീ എന്‍റെ നാമത്തിന് ഒരു ആലയം പണിയരുത്; നീ എന്‍റെ മുമ്പാകെ ഭൂമിയിൽ ബഹുരക്തം ചിന്തിയിരിക്കുന്നു.

9 എന്നാൽ നിനക്ക് ഒരു മകന്‍ ജനിക്കും; അവന്‍ വിശ്രമപുരുഷനായിരിക്കും; ഞാന്‍ ചുറ്റുമുള്ള അവന്‍റെ സകല ശത്രുക്കളെയും നീക്കി അവനു വിശ്രമം കൊടുക്കും; അവന്‍റെ പേര്‍ ശലോമോന്‍ എന്ന് ആയിരിക്കും; അവന്‍റെ കാലത്തു ഞാന്‍ യിസ്രായേലിനു സമാധാനവും സ്വസ്ഥതയും നല്കും.

10 അവന്‍ എന്‍റെ നാമത്തിന് ഒരു ആലയം പണിയും; അവന്‍ എനിക്കു മകനായും ഞാന്‍ അവന് അപ്പനായും ഇരിക്കും; യിസ്രായേലിൽ അവന്‍റെ രാജാസനം ഞാന്‍ എന്നേക്കും നിലനില്ക്കുമാറാക്കും.

11 ആകയാൽ എന്‍റെ മകനേ, യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ; നിന്‍റെ ദൈവമായ യഹോവ നിന്നെക്കുറിച്ച് അരുളിച്ചെയ്തതുപോലെ നീ കൃതാര്‍ഥനായി അവന്‍റെ ആലയം പണിക.

12 നിന്‍റെ ദൈവമായ യഹോവയുടെ ന്യായപ്രമാണം നീ ആചരിക്കേണ്ടതിനു യഹോവ നിനക്കു ജ്ഞാനവും വിവേകവും തന്നു നിന്നെ യിസ്രായേലിനു നിയമിക്കുമാറാകട്ടെ.

13 യഹോവ യിസ്രായേലിനുവേണ്ടി മോശെയോടു കല്പിച്ച ചട്ടങ്ങളും വിധികളും നീ പ്രമാണിച്ചാചരിക്കുന്നു എങ്കിൽ നീ കൃതാര്‍ഥനാകും; ധൈര്യപ്പെട്ട് ഉറച്ചിരിക്ക; ഭയപ്പെടരുത്, ഭ്രമിക്കയും അരുത്.

14 ഇതാ, ഞാന്‍ എന്‍റെ കഷ്ടത്തിൽ യഹോവയുടെ ആലയത്തിനായി ഒരു ലക്ഷം താലന്ത് പൊന്നും പത്തു ലക്ഷം താലന്തു വെള്ളിയും പെരുപ്പം നിമിത്തം തൂക്കമില്ലാത്ത താമ്രവും ഇരുമ്പും സ്വരൂപിച്ചിട്ടുണ്ട്; മരവും കല്ലുംകൂടെ ഞാന്‍ ഒരുക്കിവച്ചിരിക്കുന്നു; നിനക്ക് ഇനിയും അതിനോടു ചേര്‍ത്തുകൊള്ളാമല്ലോ.

15 നിന്‍റെ സ്വാധീനത്തിൽ കല്ലുവെട്ടുകാര്‍, കല്പണിക്കാര്‍, ആശാരികള്‍ എന്നിങ്ങനെ അനവധി പണിക്കാരും സകലവിധ കൗശലപ്പണിക്കാരും ഉണ്ടല്ലോ;

16 പൊന്ന്, വെള്ളി, താമ്രം, ഇരുമ്പ് എന്നിവ ധാരാളം ഉണ്ട്; ഉത്സാഹിച്ചു പ്രവര്‍ത്തിച്ചുകൊള്‍ക; യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ.

17 ദാവീദ് യിസ്രായേലിന്‍റെ സകല പ്രഭുക്കന്മാരോടും തന്‍റെ മകനായ ശലോമോനെ സഹായിപ്പാന്‍ കല്പിച്ചുപറഞ്ഞത്:

18 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടുകൂടെ ഉണ്ടല്ലോ; അവന്‍ നിങ്ങള്‍ക്കു ചുറ്റും വിശ്രമം വരുത്തിയിരിക്കുന്നു. അവന്‍ ദേശനിവാസികളെ എന്‍റെ കൈയിൽ ഏല്പിച്ചു ദേശം യഹോവയ്ക്കും അവന്‍റെ ജനത്തിനും കീഴടങ്ങിയുമിരിക്കുന്നു.

19 ആകയാൽ നിങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിപ്പാന്‍ നിങ്ങളുടെ ഹൃദയവും മനസ്സും ഏല്പിച്ചുകൊടുപ്പിന്‍. എഴുന്നേല്പിന്‍; യഹോവയുടെ നിയമപെട്ടകവും ദൈവത്തിന്‍റെ വിശുദ്ധപാത്രങ്ങളും യഹോവയുടെ നാമത്തിനു പണിവാനുള്ള ആലയത്തിലേക്കു കൊണ്ടുവരേണ്ടതിനു യഹോവയായ ദൈവത്തിന്‍റെ വിശുദ്ധമന്ദിരത്തെ പണിവിന്‍.

  • 1 Chronicles 21 — previous chapter
  • 1 Chronicles 23 — next chapter
  • 1 Chronicles 22 — English (KJV)
  • 1 Chronicles 22 — English (WEB)
  • 1 Chronicles 22 — Tamil (தமிழ்)
  • 1 Chronicles 22 — Hindi (हिंदी)
  • 1 Chronicles 22 — Kannada (ಕನ್ನಡ)