റോമർ 11 (Romans 11)

Malayalam Bible — Malayalam (മലയാളം)

1 എന്നാല്‍ ദൈവം സ്വജനത്തെ തള്ളിക്കളഞ്ഞുവോ എന്നു ഞാന്‍ ചോദിക്കുന്നു. ഒരു നാളും ഇല്ല; ഞാനും യിസ്രായേല്യനല്ലോ; അബ്രാഹാമിന്‍റെ സന്തതിയില്‍ ബെന്യാമീന്‍ഗോത്രത്തില്‍ ജനിച്ചവന്‍ തന്നെ.

2 ദൈവം മുന്നറിഞ്ഞിട്ടുള്ള തന്‍റെ ജനത്തെ തള്ളിക്കളഞ്ഞിട്ടില്ല. ഏലീയാവിന്‍റെ ചരിത്രത്തില്‍ തിരുവെഴുത്തു പറയുന്നത് അറിയുന്നില്ലയോ?

3 അവന്‍ യിസ്രായേലിനു വിരോധമായി: “കര്‍ത്താവേ, അവര്‍ നിന്‍റെ പ്രവാചകന്മാരെ കൊന്നു നിന്‍റെ യാഗപീഠങ്ങളെ ഇടിച്ചുകളഞ്ഞു; ഞാന്‍ ഒരുത്തന്‍ മാത്രം ശേഷിച്ചിരിക്കുന്നു; അവര്‍ എനിക്കും ജീവഹാനി വരുത്തുവാന്‍ നോക്കുന്നു”

4 എന്നു ദൈവത്തോടു വാദിക്കുമ്പോള്‍ അവന് അരുളപ്പാട് ഉണ്ടായത് എന്ത്? “ബാലിനു മുട്ടുകുത്താത്ത ഏഴായിരം പേരെ ഞാന്‍ എനിക്കായി ശേഷിപ്പിച്ചിരിക്കുന്നു” എന്നു തന്നെ.

5 അങ്ങനെ ഈ കാലത്തിലും കൃപയാലുള്ള തിരഞ്ഞെടുപ്പിന്‍പ്രകാരം ഒരു ശേഷിപ്പുണ്ട്.

6 കൃപയാല്‍ എങ്കില്‍ പ്രവൃത്തിയാലല്ല; അല്ലെങ്കില്‍ കൃപ കൃപയല്ല.

7 ആകയാല്‍ എന്ത്? യിസ്രായേല്‍ താന്‍ തിരഞ്ഞതു പ്രാപിച്ചില്ല; തിരഞ്ഞെടുക്കപ്പെട്ടവര്‍ അതു പ്രാപിച്ചു; ശേഷമുള്ളവരോ കഠിനപ്പെട്ടിരിക്കുന്നു.

8 “ദൈവം അവര്‍ക്ക് ഇന്നുവരെ ഗാഢനിദ്രയും കാണാത്ത കണ്ണും കേള്‍ക്കാത്ത ചെവിയും കൊടുത്തു” എന്ന് എഴുതിയിരിക്കുന്നുവല്ലോ.

9 “അവരുടെ മേശ അവര്‍ക്കു കെണിയും കുടു ക്കും ഇടര്‍ച്ചയും പ്രതികാരവുമായിത്തീരട്ടെ;

10 അവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടു പോകട്ടെ; അവരുടെ മുതുക് എല്ലായ്പോഴും കുനിയിക്കേണമേ” എന്നു ദാവീദും പറയുന്നു.

11 എന്നാല്‍ അവര്‍ വീഴേണ്ടതിനോ ഇടറിയത് എന്നു ഞാന്‍ ചോദിക്കുന്നു. ഒരുനാളും അല്ല; അവര്‍ക്ക് എരിവു വരുത്തുവാന്‍ അവരുടെ ലംഘനം ഹേതുവായി ജാതികള്‍ക്കു രക്ഷ വന്നു എന്നേയുള്ളൂ.

12 എന്നാല്‍ അവരുടെ ലംഘനം ലോകത്തിനു ധനവും അവരുടെ നഷ്ടം ജാതികള്‍ക്കു സമ്പത്തും വരുത്തുവാന്‍ കാരണമായി എങ്കില്‍ അവരുടെ യഥാസ്ഥാനം എത്ര അധികം?

13 എന്നാല്‍ ജാതികളായ നിങ്ങളോടു ഞാന്‍ പറയുന്നത്: ജാതികളുടെ അപ്പൊസ്തലനായിരിക്കയാല്‍

14 ഞാന്‍ എന്‍റെ സ്വജാതിക്കാര്‍ക്കു വല്ലവിധേനയും സ്പര്‍ധ ജനിപ്പിച്ച്, അവരില്‍ ചിലരെ രക്ഷിക്കാമെങ്കിലോ എന്നുവച്ചുതന്നെ ഞാന്‍ എന്‍റെ ശുശ്രൂഷയെ പുകഴ്ത്തുന്നു.

15 അവരുടെ ഭ്രംശം ലോകത്തിന്‍റെ നിരപ്പിനു ഹേതുവായി എങ്കില്‍ അവരുടെ അംഗീകരണം മരിച്ചവരുടെ ഉയിര്‍പ്പെന്നല്ലാതെ എന്താകും?

16 ആദ്യഭാഗം വിശുദ്ധം എങ്കില്‍ പിണ്ഡം മുഴുവനും അങ്ങനെതന്നെ; വേര്‍ വിശുദ്ധം എങ്കില്‍ കൊമ്പുകളും അങ്ങനെതന്നെ.

17 കൊമ്പുകളില്‍ ചിലത് ഒടിച്ചിട്ടു കാട്ടൊലിവായ നിന്നെ അവയുടെ ഇടയില്‍ ഒട്ടിച്ചുചേര്‍ത്ത് ഒലിവുമരത്തിന്‍റെ ഫലപ്രദമായ വേരിനു പങ്കാളിയായിത്തീര്‍ന്നു എങ്കിലോ,

18 കൊമ്പുകളുടെ നേരേ പ്രശംസിക്കരുത്; പ്രശംസിക്കുന്നുവെങ്കില്‍ നീ വേരിനെ അല്ല വേര്‍ നിന്നെയത്രേ ചുമക്കുന്നു എന്ന് ഓര്‍ക്ക.

19 എന്നാല്‍ എന്നെ ഒട്ടിക്കേണ്ടതിനു കൊമ്പുകളെ ഒടിച്ചുകളഞ്ഞു എന്നു നീ പറയും.

20 ശരി; അവിശ്വാസത്താല്‍ അവ ഒടിഞ്ഞുപോയി; വിശ്വാസത്താല്‍ നീ നില്ക്കുന്നു; ഞെളിയാതെ ഭയപ്പെടുക.

21 സ്വാഭാവിക കൊമ്പുകളെ ദൈവം ആദരിക്കാതെ പോയെങ്കില്‍ നിന്നെയും ആദരിക്കാതെ വന്നേക്കും.

22 ആകയാല്‍ ദൈവത്തിന്‍റെ ദയയും ഖണ്ഡിതവും കാണ്‍ക; വീണവരില്‍ ദൈവത്തിന്‍റെ ഖണ്ഡിതവും; നിന്നിലോ നീ ദയയില്‍ നിലനിന്നാല്‍ ദയയും തന്നെ; അല്ലെങ്കില്‍ നീയും ഛേദിക്കപ്പെടും.

23 അവിശ്വാസത്തില്‍ നിലനില്ക്കാഞ്ഞാല്‍ അവരെയുംകൂടെ ഒട്ടിക്കും; അവരെ വീണ്ടും ഒട്ടിപ്പാന്‍ ദൈവം ശക്തനല്ലോ.

24 സ്വഭാവത്താല്‍ കാട്ടുമരമായതില്‍നിന്നു നിന്നെ മുറിച്ചെടുത്തു സ്വഭാവത്തിനു വിരോധമായി നല്ല ഒലിവുമരത്തില്‍ ഒട്ടിച്ചു എങ്കില്‍, സ്വാഭാവികകൊമ്പുകളായവരെ സ്വന്തമായ ഒലിവുമരത്തില്‍ എത്ര അധികമായി ഒട്ടിക്കും.

25 സഹോദരന്മാരേ, നിങ്ങള്‍ ബുദ്ധിമാന്മാരെന്നു നിങ്ങള്‍ക്കുതന്നെ തോന്നാതിരിപ്പാന്‍ ഈ രഹസ്യം അറിയാതിരിക്കരുത് എന്നു ഞാന്‍ ആഗ്രഹിക്കുന്നു; ജാതികളുടെ പൂര്‍ണസംഖ്യ ചേരുവോളം യിസ്രായേലിന് അംശമായി കാഠിന്യം ഭവിച്ചിരിക്കുന്നു.

26 ഇങ്ങനെ യിസ്രായേല്‍ മുഴുവനും രക്ഷിക്കപ്പെടും. “വിടുവിക്കുന്നവന്‍ സീയോനില്‍നിന്നു വരും; അവന്‍ യാക്കോബില്‍നിന്ന് അഭക്തിയെ മാറ്റും.

27 ഞാന്‍ അവരുടെ പാപങ്ങളെ നീക്കുമ്പോള്‍ ഇതു ഞാന്‍ അവരോടു ചെയ്യുന്ന നിയമം” എന്ന് എഴുതിയിരിക്കുന്നുവല്ലോ.

28 സുവിശേഷം സംബന്ധിച്ച് അവര്‍ നിങ്ങള്‍ നിമിത്തം ശത്രുക്കള്‍. തിരഞ്ഞെടുപ്പു സംബന്ധിച്ചോ പിതാക്കന്മാര്‍ നിമിത്തം പ്രിയന്മാര്‍.

29 ദൈവം തന്‍റെ കൃപാവരങ്ങളെയും വിളിയെയും കുറിച്ച് അനുതപിക്കുന്നില്ലല്ലോ.

30 നിങ്ങള്‍ മുമ്പേ ദൈവത്തെ അനുസരിക്കാതിരുന്നിട്ട് അവരുടെ അനുസരണക്കേടിനാല്‍ ഇപ്പോള്‍ കരുണ ലഭിച്ചതുപോലെ,

31 നിങ്ങള്‍ക്കു ലഭിച്ച കരുണയാല്‍ അവര്‍ക്കു കരുണ ലഭിക്കേണ്ടതിന് അവരും ഇപ്പോള്‍ അനുസരിക്കാതിരിക്കുന്നു.

32 ദൈവം എല്ലാവരോടും കരുണ ചെയ്യേണ്ടതിന് എല്ലാവരെയും അനുസരണക്കേടില്‍ അടച്ചുകളഞ്ഞു.

33 ഹാ, ദൈവത്തിന്‍റെ ധനം, ജ്ഞാനം, അറിവ് എന്നിവയുടെ ആഴമേ! അവന്‍റെ ന്യായവിധികള്‍ എത്ര അപ്രമേയവും അവന്‍റെ വഴികള്‍ എത്ര അഗോചരവും ആകുന്നു.

34 കര്‍ത്താവിന്‍റെ മനസ്സ് അറിഞ്ഞവന്‍ ആര്‍? അവനു മന്ത്രിയായിരുന്നവന്‍ ആര്‍?

35 അവനു വല്ലതും മുമ്പേ കൊടുത്തിട്ടു പ്രതിഫലം വാങ്ങുന്നവന്‍ ആര്‍ ?

36 സകലവും അവനില്‍നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന് എന്നേക്കും മഹത്ത്വം, ആമേന്‍.

  • Romans 10 — previous chapter
  • Romans 12 — next chapter
  • Romans 11 — English (KJV)
  • Romans 11 — English (WEB)
  • Romans 11 — Tamil (தமிழ்)
  • Romans 11 — Hindi (हिंदी)
  • Romans 11 — Kannada (ಕನ್ನಡ)