സങ്കീർത്തനങ്ങൾ 83 (Psalms 83)

Malayalam Bible — Malayalam (മലയാളം)

1 ആസാഫിന്‍റെ ഒരു സങ്കീര്‍ത്തനം; ഒരു ഗീതം. [] ദൈവമേ, മിണ്ടാതെയിരിക്കരുതേ; ദൈവമേ, മൗനമായും സ്വസ്ഥമായും ഇരിക്കരുതേ.

2 ഇതാ, നിന്‍റെ ശത്രുക്കള്‍ കലഹിക്കുന്നു; നിന്നെ പകയ്ക്കുന്നവര്‍ തല ഉയര്‍ത്തുന്നു.

3 അവര്‍ നിന്‍റെ ജനത്തിന്‍റെ നേരേ ഉപായം വിചാരിക്കയും നിന്‍റെ ഗുപ്തന്മാരുടെ നേരേ ദുരാലോചന കഴിക്കയും ചെയ്യുന്നു.

4 വരുവിന്‍, യിസ്രായേൽ ഒരു ജാതിയായിരിക്കാതവണ്ണം നാം അവരെ മുടിച്ചുകളക. അവരുടെ പേര്‍ ഇനി ആരും ഓര്‍ക്കരുത് എന്ന് അവര്‍ പറഞ്ഞു.

5 അവര്‍ ഇങ്ങനെ ഐകമത്യത്തോടെ ആലോചിച്ചു, നിനക്കു വിരോധമായി സഖ്യത ചെയ്യുന്നു.

6 എദോമ്യരുടെയും യിശ്മായേല്യരുടെയും കൂടാരങ്ങളും മോവാബ്യരും ഹഗര്യരും കൂടെ,

7 ഗെബാലും അമ്മോനും അമാലേക്കും, ഫെലിസ്ത്യദേശവും സോര്‍നിവാസികളും;

8 അശ്ശൂരും അവരോടു യോജിച്ചു; അവര്‍ ലോത്തിന്‍റെ മക്കള്‍ക്ക് സഹായമായിരുന്നു. സേലാ.

9 മിദ്യാന്യരോടു ചെയ്തതുപോലെ അവരോടു ചെയ്യേണമേ; കീശോന്‍തോട്ടിങ്കൽവച്ചു സീസരയോടും യാബീനോടും ചെയ്തതുപോലെ തന്നെ.

10 അവര്‍ എന്‍ദോരിൽവച്ചു നശിച്ചുപോയി; അവര്‍ നിലത്തിനു വളമായിത്തീര്‍ന്നു.

11 അവരുടെ കുലീനന്മാരെ ഓരേബ്, സേബ് എന്നവരെപ്പോലെയും അവരുടെ സകല പ്രഭുക്കന്മാരെയും സേബഹ്, സല്മുന്നാ എന്നവരെപ്പോലെയും ആക്കേണമേ.

12 നാം ദൈവത്തിന്‍റെ നിവാസങ്ങളെ നമുക്ക് അവകാശമാക്കിക്കൊള്ളുക എന്ന് അവര്‍ പറഞ്ഞുവല്ലോ.

13 എന്‍റെ ദൈവമേ, അവരെ ചുഴലിക്കാറ്റത്തെ പൊടിപോലെയും കാറ്റത്തു പാറുന്ന പതിര്‍പോലെയും ആക്കേണമേ.

14 വനത്തെ ദഹിപ്പിക്കുന്ന തീപോലെയും പര്‍വതങ്ങളെ ചുട്ടുകളയുന്ന അഗ്നിജ്വാലപോലെയും

15 നിന്‍റെ കൊടുങ്കാറ്റുകൊണ്ട് അവരെ പിന്തുടരേണമേ; നിന്‍റെ ചുഴലിക്കാറ്റുകൊണ്ട് അവരെ ഭ്രമിപ്പിക്കേണമേ.

16 യഹോവേ, അവര്‍ തിരുനാമത്തെ അന്വേഷിക്കേണ്ടതിന് നീ അവരുടെ മുഖത്തെ ലജ്ജാപൂര്‍ണമാക്കേണമേ.

17 അവര്‍ എന്നേക്കും ലജ്ജിച്ചു ഭ്രമിക്കയും നാണിച്ചു നശിച്ചുപോകയും ചെയ്യട്ടെ.

18 അങ്ങനെ അവര്‍ യഹോവ എന്നു നാമമുള്ള നീ മാത്രം സര്‍വഭൂമിക്കും മീതെ അത്യുന്നതന്‍ എന്ന് അറിയും.

  • Psalms 82 — previous chapter
  • Psalms 84 — next chapter
  • Psalms 83 — English (KJV)
  • Psalms 83 — English (WEB)
  • Psalms 83 — Tamil (தமிழ்)
  • Psalms 83 — Hindi (हिंदी)
  • Psalms 83 — Kannada (ಕನ್ನಡ)