സങ്കീർത്തനങ്ങൾ 81 (Psalms 81)

Malayalam Bible — Malayalam (മലയാളം)

1 സംഗീതപ്രമാണിക്ക്; ഗഥ്യരാഗത്തിൽ; ആസാഫിന്‍റെ ഒരു സങ്കീര്‍ത്തനം. [] നമ്മുടെ ബലമായ ദൈവത്തിന് ഘോഷിപ്പിന്‍; യാക്കോബിന്‍റെ ദൈവത്തിന് ആര്‍പ്പിടുവിന്‍.

2 തപ്പും ഇമ്പമായുള്ള കിന്നരവും വീണയും എടുത്ത് സംഗീതം തുടങ്ങുവിന്‍.

3 അമാവാസ്യയിലും നമ്മുടെ ഉത്സവദിവസമായ പൗര്‍ണമാസിയിലും കാഹളം ഊതുവിന്‍.

4 ഇതു യിസ്രായേലിന് ഒരു ചട്ടവും യാക്കോബിന്‍ ദൈവത്തിന്‍റെ ഒരു പ്രമാണവും ആകുന്നു.

5 മിസ്രയീംദേശത്തിന്‍റെ നേരേ പുറപ്പെട്ടപ്പോള്‍ ദൈവം അതു യോസേഫിന് ഒരു സാക്ഷ്യമായി നിയമിച്ചു; അവിടെ ഞാന്‍ അറിയാത്ത ഒരു ഭാഷ കേട്ടു.

6 ഞാന്‍ അവന്‍റെ തോളിൽനിന്ന് ചുമടുനീക്കി; അവന്‍റെ കൈകള്‍ കുട്ട വിട്ടൊഴിഞ്ഞു.

7 കഷ്ടകാലത്തു നീ വിളിച്ചു, ഞാന്‍ നിന്നെ വിടുവിച്ചു; ഇടിമുഴക്കത്തിന്‍റെ മറവിൽനിന്നു ഞാന്‍ നിനക്ക് ഉത്തരമരുളി; മെരീബാവെള്ളത്തിങ്കൽ ഞാന്‍ നിന്നെ പരീക്ഷിച്ചു. സേലാ.

8 എന്‍റെ ജനമേ, കേള്‍ക്ക, ഞാന്‍ നിന്നോടു സാക്ഷ്യം പറയും. യിസ്രായേലേ, നീ എന്‍റെ വാക്കു കേട്ടെങ്കിൽ കൊള്ളായിരുന്നു.

9 അന്യദൈവം നിനക്ക് ഉണ്ടാകരുത്; യാതൊരു അന്യദൈവത്തെയും നീ നമസ്കരിക്കരുത്.

10 മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാന്‍ നിന്‍റെ ദൈവം ആകുന്നു; നിന്‍റെ വായ് വിസ്താരത്തിൽ തുറക്ക; ഞാന്‍ അതിനെ നിറയ്ക്കും.

11 എന്നാൽ എന്‍റെ ജനം എന്‍റെ വാക്ക് കേട്ടനുസരിച്ചില്ല; യിസ്രായേൽ എന്നെ കൂട്ടാക്കിയതുമില്ല.

12 അതുകൊണ്ട് അവര്‍ സ്വന്ത ആലോചന പ്രകാരം നടക്കേണ്ടതിന് ഞാന്‍ അവരെ ഹൃദയകാഠിന്യത്തിന് ഏല്പിച്ചുകളഞ്ഞു.

13 അയ്യോ എന്‍റെ ജനം എന്‍റെ വാക്കു കേള്‍ക്കയും യിസ്രായേൽ എന്‍റെ വഴികളിൽ നടക്കയും ചെയ്തുവെങ്കിൽ കൊള്ളായിരുന്നു!

14 എന്നാൽ ഞാന്‍ വേഗത്തിൽ അവരുടെ ശത്രുക്കളെ കീഴടക്കുമായിരുന്നു; അവരുടെ വൈരികളുടെ നേരേ എന്‍റെ കൈ തിരിക്കുമായിരുന്നു.

15 യഹോവയെ പകയ്ക്കുന്നവര്‍ അവന് കീഴടങ്ങുമായിരുന്നു; എന്നാൽ ഇവരുടെ ശുഭകാലം എന്നേക്കും നില്ക്കുമായിരുന്നു.

16 അവന്‍ മേത്തരമായ കോതമ്പുകൊണ്ട് അവരെ പോഷിപ്പിക്കുമായിരുന്നു; ഞാന്‍ പാറയിൽനിന്നുള്ള തേന്‍കൊണ്ട് നിനക്ക് തൃപ്തി വരുത്തുമായിരുന്നു.

  • Psalms 80 — previous chapter
  • Psalms 82 — next chapter
  • Psalms 81 — English (KJV)
  • Psalms 81 — English (WEB)
  • Psalms 81 — Tamil (தமிழ்)
  • Psalms 81 — Hindi (हिंदी)
  • Psalms 81 — Kannada (ಕನ್ನಡ)