സങ്കീർത്തനങ്ങൾ 7 (Psalms 7)

Malayalam Bible — Malayalam (മലയാളം)

1 ബെന്യാമീന്യനായ കൂശിന്‍റെ വാക്കുകള്‍നിമിത്തം ദാവീദ് യഹോവയ്ക്കു പാടിയ വിഭ്രമഗീതം. [] എന്‍റെ ദൈവമായ യഹോവേ, നിന്നെ ഞാന്‍ ശരണം പ്രാപിക്കുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരുടെയും കൈയിൽനിന്ന് എന്നെ രക്ഷിച്ചു വിടുവിക്കേണമേ.

2 അവന്‍ സിംഹം എന്നപോലെ എന്നെ കീറിക്കളയരുതേ; വിടുവിപ്പാന്‍ ആരുമില്ലാതിരിക്കുമ്പോള്‍ എന്നെ ചീന്തിക്കളയരുതേ.

3 എന്‍റെ ദൈവമായ യഹോവേ, ഞാന്‍ ഇതു ചെയ്തിട്ടുണ്ടെങ്കിൽ, എന്‍റെ പക്കൽ നീതികേടുണ്ടെങ്കിൽ,

4 എനിക്കു ബന്ധുവായിരുന്നവനോട് ഞാന്‍ ദോഷം ചെയ്തിട്ടുണ്ടെങ്കിൽ,- ഹേതുകൂടാതെ എനിക്കു വൈരിയായിരുന്നവനെ ഞാന്‍ വിടുവിച്ചുവല്ലോ-

5 ശത്രു എന്‍റെ പ്രാണനെ പിന്തുടര്‍ന്നു പിടിക്കട്ടെ; അവന്‍ എന്‍റെ ജീവനെ നിലത്തിട്ടു ചവിട്ടട്ടെ; എന്‍റെ മാനത്തെ പൂഴിയിൽ തള്ളിയിടട്ടെ. സേലാ.

6 യഹോവേ, കോപത്തോടെ എഴുന്നേല്ക്കേണമേ; എന്‍റെ വൈരികളുടെ ക്രോധത്തോട് എതിര്‍ത്തു നില്ക്കേണമേ; എനിക്കുവേണ്ടി ഉണരേണമേ; നീ ന്യായവിധി കല്പിച്ചുവല്ലോ.

7 ജാതികളുടെ സംഘം നിന്നെ ചുറ്റിനില്ക്കട്ടെ; നീ അവര്‍ക്കു മീതെകൂടി ഉയരത്തിലേക്കു മടങ്ങേണമേ.

8 യഹോവ ജാതികളെ ന്യായംവിധിക്കുന്നു; യഹോവേ, എന്‍റെ നീതിക്കും പരമാര്‍ഥതയ്ക്കും തക്കവണ്ണം എന്നെ വിധിക്കേണമേ;

9 ദുഷ്ടന്‍റെ ദുഷ്ടത തീര്‍ന്നുപോകട്ടെ; നീതിമാനെ നീ ഉറപ്പിക്കേണമേ. നീതിമാനായ ദൈവം ഹൃദയങ്ങളെയും അന്തരിന്ദ്രിയങ്ങളെയും ശോധന ചെയ്യുന്നുവല്ലോ.

10 എന്‍റെ പരിച ദൈവത്തിന്‍റെ പക്കൽ ഉണ്ട്; അവന്‍ ഹൃദയപരമാര്‍ഥികളെ രക്ഷിക്കുന്നു.

11 ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു; ദൈവം ദിവസംപ്രതി കോപിക്കുന്നു.

12 മനംതിരിയുന്നില്ലങ്കിൽ അവന്‍ തന്‍റെ വാളിനു മൂര്‍ച്ചകൂട്ടും; അവന്‍ തന്‍റെ വില്ലു കുലച്ച് ഒരുക്കിയിരിക്കുന്നു.

13 അവന്‍ മരണാസ്ത്രങ്ങളെ അവന്‍റെ നേരേ തൊടുത്തു. തന്‍റെ ശരങ്ങളെ തീയമ്പുകളാക്കി തീര്‍ത്തിരിക്കുന്നു.

14 ഇതാ, അവനു നീതികേടിനെ നോവുകിട്ടുന്നു; അവന്‍ കഷ്ടത്തെ ഗര്‍ഭം ധരിച്ച് വഞ്ചനയെ പ്രസവിക്കുന്നു.

15 അവന്‍ ഒരു കുഴി കുഴിച്ചുണ്ടാക്കി, കുഴിച്ച കുഴിയിൽ താന്‍തന്നെ വീണു.

16 അവന്‍റെ വേണ്ടാതനം അവന്‍റെ തലയിലേക്കു തിരിയും; അവന്‍റെ ബലാൽക്കാരം അവന്‍റെ നെറുകയിൽ തന്നെ വീഴും.

17 ഞാന്‍ യഹോവയെ അവന്‍റെ നീതിക്കു തക്കവണ്ണം സ്തുതിക്കും; അത്യുന്നതനായ യഹോവയുടെ നാമത്തിനു സ്തോത്രം പാടും.

  • Psalms 6 — previous chapter
  • Psalms 8 — next chapter
  • Psalms 7 — English (KJV)
  • Psalms 7 — English (WEB)
  • Psalms 7 — Tamil (தமிழ்)
  • Psalms 7 — Hindi (हिंदी)
  • Psalms 7 — Kannada (ಕನ್ನಡ)