സങ്കീർത്തനങ്ങൾ 68 (Psalms 68)

Malayalam Bible — Malayalam (മലയാളം)

1 സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം; ഒരു ഗീതം. [] ദൈവം എഴുന്നേല്ക്കുന്നു; അവന്‍റെ ശത്രുക്കള്‍ ചിതറിപ്പോകുന്നു; അവനെ പകയ്ക്കുന്നവരും അവന്‍റെ മുമ്പിൽനിന്ന് ഓടിപ്പോകുന്നു.

2 പുക പതറിപ്പോകുന്നതുപോലെ നീ അവരെ പതറിക്കുന്നു; തീയിങ്കൽ മെഴുക് ഉരുകുന്നതുപോലെ ദുഷ്ടന്മാര്‍ ദൈവസന്നിധിയിൽ നശിക്കുന്നു.

3 എങ്കിലും നീതിമാന്മാര്‍ സന്തോഷിച്ചു ദൈവസന്നിധിയിൽ ഉല്ലസിക്കും; അതേ, അവര്‍ സന്തോഷത്തോടെ ആനന്ദിക്കും.

4 ദൈവത്തിനു പാടുവിന്‍, അവന്‍റെ നാമത്തിനു സ്തുതി പാടുവിന്‍; മരുഭൂമിയിൽക്കൂടി വാഹനമേറി വരുന്നവനു വഴി നിരത്തുവിന്‍; യാഹ് എന്നാകുന്നു അവന്‍റെ നാമം; അവന്‍റെ മുമ്പിൽ ഉല്ലസിപ്പിന്‍.

5 ദൈവം തന്‍റെ വിശുദ്ധനിവാസത്തിൽ അനാഥന്മാര്‍ക്കു പിതാവും വിധവമാര്‍ക്കു ന്യായപാലകനും ആകുന്നു.

6 ദൈവം ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു; അവന്‍ ബദ്ധന്മാരെ വിടുവിച്ചു സൗഭാഗ്യത്തിലാക്കുന്നു; എന്നാൽ മത്സരികള്‍ വരണ്ട ദേശത്തു പാര്‍ക്കും.

7 ദൈവമേ, നീ നിന്‍റെ ജനത്തിനു മുമ്പായി പുറപ്പെട്ടു മരുഭൂമിയിൽക്കൂടി നടകൊണ്ടപ്പോള്‍- സേലാ.

8 ഭൂമി കുലുങ്ങി, ആകാശം ദൈവസന്നിധിയിൽ പൊഴിഞ്ഞു; ഈ സീനായി യിസ്രായേലിന്‍റെ ദൈവമായ ദൈവത്തിന്‍റെ മുമ്പിൽ കുലുങ്ങിപ്പോയി.

9 ദൈവമേ, നീ ധാരാളം മഴ പെയ്യിച്ചു ക്ഷീണിച്ചിരുന്ന നിന്‍റെ അവകാശത്തെ തണുപ്പിച്ചു.

10 നിന്‍റെ കൂട്ടം അതിൽ പാര്‍ത്തു; ദൈവമേ, നിന്‍റെ ദയയാൽ നീ അത് എളിയവര്‍ക്കുവേണ്ടി ഒരുക്കിവച്ചു.

11 കര്‍ത്താവ് ആജ്ഞ കൊടുക്കുന്നു; സുവാര്‍ത്താദൂതികള്‍ വലിയൊരു ഗണമാകുന്നു.

12 സൈന്യങ്ങളുടെ രാജാക്കന്മാര്‍ ഓടുന്നു, ഓടുന്നു; വീട്ടിൽ പാര്‍ക്കുന്നവള്‍ കവര്‍ച്ച പങ്കിടുന്നു.

13 നിങ്ങള്‍ തൊഴുത്തുകളുടെ ഇടയിൽ കിടക്കുമ്പോള്‍ പ്രാവിന്‍റെ ചിറകു വെള്ളികൊണ്ടും അതിന്‍റെ തൂവലുകള്‍ പൈമ്പൊന്നുകൊണ്ടും പൊതിഞ്ഞിരിക്കുന്നതുപോലെ ആകുന്നു.

14 സര്‍വശക്തന്‍ അവിടെ രാജാക്കന്മാരെ ചിതറിച്ചപ്പോള്‍ സല്മോനിൽ ഹിമം പെയ്യുകയായിരുന്നു.

15 ബാശാന്‍പര്‍വതം ദൈവത്തിന്‍റെ പര്‍വതം ആകുന്നു; ബാശാന്‍പര്‍വതം കൊടുമുടികളേറിയ പര്‍വതം ആകുന്നു.

16 കൊടുമുടികളേറിയ പര്‍വതങ്ങളേ, ദൈവം വസിപ്പാന്‍ ഇച്ഛിച്ചിരിക്കുന്ന പര്‍വതത്തെ നിങ്ങള്‍ സ്പര്‍ധിച്ചുനോക്കുന്നത് എന്ത്? യഹോവ അതിൽ എന്നേക്കും വസിക്കും.

17 ദൈവത്തിന്‍റെ രഥങ്ങള്‍ ആയിരമായിരവും കോടി കോടിയുമാകുന്നു; കര്‍ത്താവ് അവരുടെ ഇടയിൽ, സീനായിൽ, വിശുദ്ധമന്ദിരത്തിൽ തന്നെ.

18 നീ ഉയരത്തിലേക്കു കയറി, ബദ്ധന്മാരെ പിടിച്ചുകൊണ്ടുപോയി; യാഹ് എന്ന ദൈവം അവിടെ വസിക്കേണ്ടതിനു നീ മനുഷ്യരോടു, മത്സരികളോടു തന്നെ, കാഴ്ച വാങ്ങിയിരിക്കുന്നു.

19 നമ്മുടെ രക്ഷയാകുന്ന ദൈവമായി, നാള്‍തോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന കര്‍ത്താവു വാഴ്ത്തപ്പെടുമാറാകട്ടെ. സേലാ.

20 ദൈവം നമുക്ക് ഉദ്ധാരണങ്ങളുടെ ദൈവം ആകുന്നു; മരണത്തിൽനിന്നുള്ള നീക്കുപോക്കുകള്‍ കര്‍ത്താവായ യഹോവയ്ക്കുള്ളവ തന്നെ.

21 അതേ, ദൈവം തന്‍റെ ശത്രുക്കളുടെ തലയും തന്‍റെ അകൃത്യത്തിൽ നടക്കുന്നവന്‍റെ രോമമുള്ള നെറുകയും തകര്‍ത്തുകളയും.

22 നീ നിന്‍റെ ശത്രുക്കളുടെ രക്തത്തിൽ കാൽ മുക്കേണ്ടതിനും അവരുടെ മാംസത്തിൽ നിന്‍റെ നായ്ക്കളുടെ നാവിന് ഓഹരി കിട്ടേണ്ടതിനും

23 ഞാന്‍ അവരെ ബാശാനിൽനിന്നു മടക്കിവരുത്തും; സമുദ്രത്തിന്‍റെ ആഴങ്ങളിൽനിന്ന് അവരെ മടക്കിവരുത്തും.

24 ദൈവമേ, അവര്‍ നിന്‍റെ എഴുന്നള്ളത്തു കണ്ടു; എന്‍റെ ദൈവവും രാജാവുമായവന്‍റെ വിശുദ്ധമന്ദിരത്തേക്കുള്ള എഴുന്നള്ളത്തു തന്നെ.

25 സംഗീതക്കാര്‍ മുമ്പിൽ നടന്നു; വീണക്കാര്‍ പിമ്പിൽ നടന്നു; തപ്പുകൊട്ടുന്ന കന്യകമാര്‍ ഇരുപുറവും നടന്നു.

26 യിസ്രായേലിന്‍റെ ഉറവിൽനിന്നുള്ളോരേ, സഭായോഗങ്ങളിൽ നിങ്ങള്‍ കര്‍ത്താവായ ദൈവത്തെ വാഴ്ത്തുവിന്‍.

27 അവിടെ അവരുടെ നായകനായ ചെറിയ ബെന്യാമീനും യെഹൂദാപ്രഭുക്കന്മാരും അവരുടെ സംഘവും സെബൂലൂന്‍പ്രഭുക്കന്മാരും നഫ്താലി പ്രഭുക്കന്മാരും ഉണ്ട്.

28 നിന്‍റെ ദൈവം നിനക്കു ബലം കല്പിച്ചിരിക്കുന്നു; ദൈവമേ, നീ ഞങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചതു സ്ഥിരപ്പെടുത്തേണമേ.

29 യെരൂശലേമിലുള്ള നിന്‍റെ മന്ദിരംനിമിത്തം രാജാക്കന്മാര്‍ നിനക്കു കാഴ്ച കൊണ്ടുവരും.

30 ഞാങ്ങണയുടെ ഇടയിലെ ദുഷ്ടജന്തുവിനെയും ജാതികള്‍ വെള്ളിവാളങ്ങളോടുകൂടെ വന്നു കീഴടങ്ങുംവരെ അവരുടെ കാളക്കൂട്ടത്തെയും പശുക്കിടാക്കളെയും ശാസിക്കേണമേ; യുദ്ധതല്പരന്മാരായ ജാതികളെ ചിതറിക്കേണമേ.

31 മിസ്രയീമിൽനിന്നു മഹത്തുക്കള്‍ വരും; കൂശ് വേഗത്തിൽ തന്‍റെ കൈകളെ ദൈവത്തിങ്കലേക്കു നീട്ടും.

32 ഭൂമിയിലെ രാജ്യങ്ങളേ, ദൈവത്തിനു പാട്ടു പാടുവിന്‍; കര്‍ത്താവിനു കീര്‍ത്തനം ചെയ്‍വിന്‍. സേലാ.

33 പുരാതന സ്വര്‍ഗാധിസ്വര്‍ഗങ്ങളിൽ വാഹനമേറുന്നവനു പാടുവിന്‍! ഇതാ, അവന്‍ തന്‍റെ ശബ്ദത്തെ, ബലമേറിയൊരു ശബ്ദത്തെ കേള്‍പ്പിക്കുന്നു.

34 ദൈവത്തിനു ശക്തി കൊടുപ്പിന്‍; അവന്‍റെ മഹിമ യിസ്രായേലിന്മേലും അവന്‍റെ ബലം മേഘങ്ങളിലും വിളങ്ങുന്നു.

35 ദൈവമേ, നിന്‍റെ വിശുദ്ധമന്ദിരത്തിൽനിന്ന് നീ ഭയങ്കരനായി വിളങ്ങുന്നു; യിസ്രായേലിന്‍റെ ദൈവം തന്‍റെ ജനത്തിനു ശക്തിയും ബലവും കൊടുക്കുന്നു. ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.

  • Psalms 67 — previous chapter
  • Psalms 69 — next chapter
  • Psalms 68 — English (KJV)
  • Psalms 68 — English (WEB)
  • Psalms 68 — Tamil (தமிழ்)
  • Psalms 68 — Hindi (हिंदी)
  • Psalms 68 — Kannada (ಕನ್ನಡ)