Malayalam Bible — Malayalam (മലയാളം)
1 സംഗീതപ്രമാണിക്ക് ഒരു സങ്കീര്‍ത്തനം; ദാവീദിന്റെ ഒരു ഗീതം. [] ദൈവമേ, സീയോനിൽ സ്തുതി നിനക്കു യോഗ്യം; നിനക്കു തന്നെ നേര്‍ച്ച കഴിക്കുന്നു.
2 പ്രാര്‍ഥന കേള്‍ക്കുന്നവനായുള്ളോവേ, സകല ജഡവും നിന്റെ അടുക്കലേക്കു വരുന്നു.
3 എന്റെ അകൃത്യങ്ങള്‍ എന്റെ നേരേ അതിബലമായിരിക്കുന്നു; നീയോ ഞങ്ങളുടെ അതിക്രമങ്ങള്‍ക്കു പരിഹാരം വരുത്തും.
4 നിന്റെ പ്രാകാരങ്ങളിൽ പാര്‍ക്കേണ്ടതിനു നീ തിരഞ്ഞെടുത്ത് അടുപ്പിക്കുന്ന മനുഷ്യന് ഭാഗ്യവാന്; ഞങ്ങള്‍ നിന്റെ വിശുദ്ധമന്ദിരമായ നിന്റെ ആലയത്തിലെ നന്മകൊണ്ടു തൃപ്തന്മാരാകും.
5 ഭൂമിയുടെ എല്ലാ അറുതികള്‍ക്കും ദൂരത്തുള്ള സമുദ്രത്തിനും ആശ്രയമായിരിക്കുന്ന ഞങ്ങളുടെ രക്ഷയാം ദൈവമേ, നീ ഭയങ്കരകാര്യങ്ങളാൽ നീതിയോടെ ഞങ്ങള്‍ക്ക് ഉത്തരമരുളുന്നു.
6 അവന് ബലം അരയ്ക്കു കെട്ടിക്കൊണ്ട് തന്റെ ശക്തിയാൽ പര്‍വതങ്ങളെ ഉറപ്പിക്കുന്നു.
7 അവന് സമുദ്രങ്ങളുടെ മുഴക്കവും തിരമാലകളുടെ കോപവും ജാതികളുടെ കലഹവും ശമിപ്പിക്കുന്നു.
8 ഭൂസീമാവാസികളും നിന്റെ ലക്ഷ്യങ്ങള്‍ നിമിത്തം ഭയപ്പെടുന്നു; ഉദയത്തിന്റെയും അസ്തമയത്തിന്റെയും ദിക്കുകളെ നീ ഘോഷിച്ചുല്ലസിക്കുമാറാക്കുന്നു.
9 നീ ഭൂമിയെ സന്ദര്‍ശിച്ചു നനയ്ക്കുന്നു; നീ അതിനെ അത്യന്തം പുഷ്ടിയുള്ളതാക്കുന്നു; ദൈവത്തിന്റെ നദിയിൽ വെള്ളം നിറഞ്ഞിരിക്കുന്നു; ഇങ്ങനെ നീ ഭൂമിയെ ഒരുക്കി അവര്‍ക്കു ധാന്യം കൊടുക്കുന്നു.
10 നീ അതിന്റെ ഉഴവുചാലുകളെ നനയ്ക്കുന്നു; നീ അതിന്റെ കട്ട ഉടച്ചുനിരത്തുന്നു; മഴയാൽ നീ അതിനെ കുതിര്‍ക്കുന്നു; അതിലെ മുളയെ നീ അനുഗ്രഹിക്കുന്നു.
11 നീ സംവത്സരത്തെ നിന്റെ നന്മകൊണ്ട് അലങ്കരിക്കുന്നു; നിന്റെ പാതകള്‍ പുഷ്ടിപൊഴിക്കുന്നു.
12 മരുഭൂമിയിലെ പുല്പുറങ്ങള് പുഷ്ടി പൊഴിക്കുന്നു; കുന്നുകള്‍ ഉല്ലാസം ധരിക്കുന്നു.
13 മേച്ചൽപ്പുറങ്ങള്‍ ആട്ടിന്‍കൂട്ടങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കുന്നു; താഴ്വരകള്‍ ധാന്യംകൊണ്ടു മൂടിയിരിക്കുന്നു; അവ ആര്‍ക്കുകയും പാടുകയും ചെയ്യുന്നു.