സങ്കീർത്തനങ്ങൾ 64 (Psalms 64)

Malayalam Bible — Malayalam (മലയാളം)

1 സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [] ദൈവമേ, എന്‍റെ സങ്കടത്തിൽ ഞാന്‍ കഴിക്കുന്ന അപേക്ഷ കേള്‍ക്കേണമേ; ശത്രുഭയത്തിൽനിന്ന് എന്‍റെ ജീവനെ പാലിക്കേണമേ.

2 ദുഷ്കര്‍മികളുടെ ഗൂഢാലോചനയിലും നീതികേടു പ്രവര്‍ത്തിക്കുന്നവരുടെ കലഹത്തിലും ഞാന്‍ അകപ്പെടാതവണ്ണം എന്നെ മറച്ചുകൊള്ളേണമേ.

3 അവര്‍ തങ്ങളുടെ നാവിനെ വാള്‍പോലെ മൂര്‍ച്ചയാക്കുന്നു; നിഷ്കളങ്കനെ ഒളിച്ചിരുന്ന് എയ്യേണ്ടതിന്

4 അവര്‍ കയ്പുള്ള വാക്കായ അസ്ത്രം തൊടുക്കയും ശങ്കിക്കാതെ പെട്ടെന്ന് അവനെ എയ്തുകളകയും ചെയ്യുന്നു.

5 ദുഷ്കാര്യത്തിൽ അവര്‍ തങ്ങളെത്തന്നെ ഉറപ്പിക്കുന്നു; ഒളിച്ചു കെണിവയ്ക്കുവാന്‍ തമ്മിൽ പറഞ്ഞൊക്കുന്നു; നമ്മെ ആര്‍ കാണും എന്ന് അവര്‍ പറയുന്നു.

6 അവര്‍ ദ്രോഹസൂത്രങ്ങളെ കണ്ടുപിടിക്കുന്നു; നമുക്ക് ഒരു സൂക്ഷ്മസൂത്രം സാധിച്ചുപോയി എന്നു പറയുന്നു; ഓരോരുത്തന്‍റെ അന്തരംഗവും ഹൃദയവും അഗാധം തന്നെ.

7 എന്നാൽ ദൈവം അവരെ എയ്യും; അമ്പുകൊണ്ട് അവര്‍ പെട്ടെന്നു മുറിവേല്ക്കും.

8 അങ്ങനെ സ്വന്തനാവ് അവര്‍ക്കു വിരോധമായിരിക്കയാൽ അവര്‍ ഇടറിവീഴുവാന്‍ ഇടയാകും; അവരെ കാണുന്നവരൊക്കെയും തല കുലുക്കുന്നു.

9 അങ്ങനെ സകല മനുഷ്യരും ഭയപ്പെട്ട് ദൈവത്തിന്‍റെ പ്രവൃത്തിയെ പ്രസ്താവിക്കും; അവന്‍റെ പ്രവൃത്തിയെ അവര്‍ ചിന്തിക്കും.

10 നീതിമാന്‍ യഹോവയിൽ ആനന്ദിച്ച് അവനെ ശരണമാക്കും; ഹൃദയപരമാര്‍ഥികള്‍ എല്ലാവരും പുകഴും.

  • Psalms 63 — previous chapter
  • Psalms 65 — next chapter
  • Psalms 64 — English (KJV)
  • Psalms 64 — English (WEB)
  • Psalms 64 — Tamil (தமிழ்)
  • Psalms 64 — Hindi (हिंदी)
  • Psalms 64 — Kannada (ಕನ್ನಡ)