സങ്കീർത്തനങ്ങൾ 62 (Psalms 62)

Malayalam Bible — Malayalam (മലയാളം)

1 സംഗീതപ്രമാണിക്ക്; യെദൂഥൂന്യ രാഗത്തിൽ; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [] എന്‍റെ ഉള്ളം ദൈവത്തെ നോക്കി മൗനമായിരിക്കുന്നു; എന്‍റെ രക്ഷ അവങ്കൽനിന്നു വരുന്നു.

2 അവന്‍ തന്നെ എന്‍റെ പാറയും എന്‍റെ രക്ഷയും ആകുന്നു; എന്‍റെ ഗോപുരം അവന്‍ തന്നെ; ഞാന്‍ ഏറെ കുലുങ്ങുകയില്ല.

3 നിങ്ങള്‍ എല്ലാവരും ചാഞ്ഞ മതിലും ആടുന്ന വേലിയുംപോലെ ഒരു മനുഷ്യനെ കൊല്ലേണ്ടതിന് എത്രത്തോളം അവനെ ആക്രമിക്കും?

4 അവന്‍റെ പദവിയിൽനിന്ന് അവനെ തള്ളിയിടുവാനത്രേ അവര്‍ നിരൂപിക്കുന്നത്: അവര്‍ ഭോഷ്കിൽ ഇഷ്ടപ്പെടുന്നു; വായ്കൊണ്ട് അവര്‍ അനുഗ്രഹിക്കുന്നു; എങ്കിലും ഉള്ളംകൊണ്ട് അവര്‍ ശപിക്കുന്നു. സേലാ.

5 എന്‍റെ ഉള്ളമേ, ദൈവത്തെ നോക്കി മൗനമായിരിക്ക; എന്‍റെ പ്രത്യാശ അവങ്കൽനിന്നു വരുന്നു.

6 അവന്‍ തന്നെ എന്‍റെ പാറയും എന്‍റെ രക്ഷയും ആകുന്നു; എന്‍റെ ഗോപുരം അവന്‍ തന്നെ; ഞാന്‍ കുലുങ്ങുകയില്ല.

7 എന്‍റെ രക്ഷയും എന്‍റെ മഹിമയും ദൈവത്തിന്‍റെ പക്കൽ ആകുന്നു; എന്‍റെ ഉറപ്പുള്ള പാറയും എന്‍റെ സങ്കേതവും ദൈവത്തിങ്കലാകുന്നു.

8 ജനമേ, എല്ലാക്കാലത്തും അവനിൽ ആശ്രയിപ്പിന്‍; നിങ്ങളുടെ ഹൃദയം അവന്‍റെ മുമ്പിൽ പകരുവിന്‍; ദൈവം നമുക്കു സങ്കേതമാകുന്നു. സേലാ.

9 സാമാന്യജനം ഒരു ശ്വാസവും ശ്രേഷ്ഠജനം ഭോഷ്കുമത്രേ; തുലാസിന്‍റെ തട്ടിൽ അവര്‍ പൊങ്ങിപ്പോകും; അവര്‍ ആകപ്പാടെ ഒരു ശ്വാസത്തെക്കാള്‍ ലഘുവാകുന്നു.

10 പീഡനത്തിൽ ആശ്രയിക്കരുത്; കവര്‍ച്ചയിൽ മയങ്ങിപ്പോകരുത്; സമ്പത്തു വര്‍ധിച്ചാൽ അതിൽ മനസ്സു വയ്ക്കരുത്.

11 ബലം ദൈവത്തിനുള്ളതെന്നു ദൈവം ഒരിക്കൽ അരുളിച്ചെയ്തു. ഞാന്‍ രണ്ടു പ്രാവശ്യം കേട്ടുമിരിക്കുന്നു.

12 കര്‍ത്താവേ, ദയയും നിനക്കുള്ളതാകുന്നു. നീ ഓരോരുത്തന് അവനവന്‍റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കുന്നു.

  • Psalms 61 — previous chapter
  • Psalms 63 — next chapter
  • Psalms 62 — English (KJV)
  • Psalms 62 — English (WEB)
  • Psalms 62 — Tamil (தமிழ்)
  • Psalms 62 — Hindi (हिंदी)
  • Psalms 62 — Kannada (ಕನ್ನಡ)