സങ്കീർത്തനങ്ങൾ 44 (Psalms 44)

Malayalam Bible — Malayalam (മലയാളം)

1 സംഗീതപ്രമാണിക്ക്; കോരഹ്പുത്രന്മാരുടെ ഒരു ധ്യാനം. [] ദൈവമേ, പൂര്‍വകാലത്ത് ഞങ്ങളുടെ പിതാക്കന്മാരുടെ നാളുകളിൽ നീ ചെയ്ത പ്രവൃത്തി അവര്‍ ഞങ്ങളോടു വിവരിച്ചിരിക്കുന്നു; ഞങ്ങളുടെ ചെവികൊണ്ട് ഞങ്ങള്‍ കേട്ടുമിരിക്കുന്നു;

2 നിന്‍റെ കൈകൊണ്ട് നീ ജാതികളെ പുറത്താക്കി ഇവരെ നട്ടു; നീ വംശങ്ങളെ നശിപ്പിച്ചു, ഇവരെ പരക്കുമാറാക്കി.

3 തങ്ങളുടെ വാളുകൊണ്ടല്ല അവര്‍ ദേശത്തെ കൈവശമാക്കിയത്; സ്വന്തഭുജംകൊണ്ടല്ല അവര്‍ ജയം നേടിയത്; നിന്‍റെ വലംകൈയും നിന്‍റെ ഭുജവും നിന്‍റെ മുഖപ്രകാശവും കൊണ്ടത്രേ; നിനക്ക് അവരോടു പ്രീതിയുണ്ടായിരുന്നുവല്ലോ.

4 ദൈവമേ, നീ എന്‍റെ രാജാവാകുന്നു; യാക്കോബിനു രക്ഷ കല്പിക്കേണമേ.

5 നിന്നാൽ ഞങ്ങള്‍ വൈരികളെ തള്ളിയിടും; ഞങ്ങളോട് എതിര്‍ക്കുന്നവരെ നിന്‍റെ നാമത്തിൽ ചവിട്ടിക്കളയും.

6 ഞാന്‍ എന്‍റെ വില്ലിൽ ആശ്രയിക്കയില്ല; എന്‍റെ വാള്‍ എന്നെ രക്ഷിക്കയുമില്ല.

7 നീയത്രേ ഞങ്ങളെ വൈരികളുടെ കൈയിൽനിന്നു രക്ഷിച്ചത്; ഞങ്ങളെ പകച്ചവരെ നീ ലജ്ജിപ്പിച്ചുമിരിക്കുന്നു.

8 ദൈവത്തിൽ ഞങ്ങള്‍ നിത്യം പ്രശംസിക്കുന്നു; നിന്‍റെ നാമത്തിന് എന്നും സ്തോത്രം ചെയ്യുന്നു. സേലാ.

9 ഇപ്പോഴോ, നീ ഞങ്ങളെ തള്ളിക്കളഞ്ഞു ലജ്ജിപ്പിച്ചിരിക്കുന്നു; ഞങ്ങളുടെ സൈന്യങ്ങളോടുകൂടെ പുറപ്പെടുന്നതുമില്ല.

10 വൈരിയുടെ മുമ്പിൽ നീ ഞങ്ങളെ പുറംകാട്ടുമാറാക്കുന്നു; ഞങ്ങളെ പകയ്ക്കുന്നവര്‍ ഞങ്ങളെ കൊള്ളയിടുന്നു.

11 ഭക്ഷണത്തിനുള്ള ആടുകളെപ്പോലെ നീ ഞങ്ങളെ ഏല്പിച്ചുകൊടുത്തു; ജാതികളുടെ ഇടയിൽ ഞങ്ങളെ ചിന്നിച്ചിരിക്കുന്നു.

12 നീ നിന്‍റെ ജനത്തെ വിലവാങ്ങാതെ വില്ക്കുന്നു. അവരുടെ വിലകൊണ്ട് സമ്പത്തു വര്‍ധിപ്പിക്കുന്നതുമില്ല.

13 നീ ഞങ്ങളെ അയൽക്കാര്‍ക്ക് അപമാനവിഷയവും ചുറ്റുമുള്ളവര്‍ക്ക് നിന്ദയും പരിഹാസവും ആക്കുന്നു.

14 നീ ജാതികളുടെ ഇടയിൽ ഞങ്ങളെ പഴഞ്ചൊല്ലിനും വംശങ്ങളുടെ നടുവിൽ തലകുലുക്കത്തിനും വിഷയം ആക്കുന്നു.

15 നിന്ദിച്ചു ദുഷിക്കുന്നവന്‍റെ വാക്കു ഹേതുവായും ശത്രുവിന്‍റെയും പ്രതികാരകന്‍റെയും നിമിത്തമായും

16 എന്‍റെ അപമാനം ഇടവിടാതെ എന്‍റെ മുമ്പിൽ ഇരിക്കുന്നു; എന്‍റെ മുഖത്തെ ലജ്ജ എന്നെ മൂടിയിരിക്കുന്നു.

17 ഇതൊക്കെയും ഞങ്ങള്‍ക്കു ഭവിച്ചു; ഞങ്ങളോ നിന്നെ മറന്നിട്ടില്ല; നിന്‍റെ നിയമത്തോട് അവിശ്വസ്തത കാണിച്ചിട്ടുമില്ല.

18 നീ ഞങ്ങളെ കുറുക്കന്മാരുടെ സ്ഥലത്തുവച്ച് തകര്‍ത്തുകളവാനും കൂരിരുട്ടുകൊണ്ട് ഞങ്ങളെ മൂടുവാനും തക്കവണ്ണം

19 ഞങ്ങളുടെ ഹൃദയം പിന്തിരികയോ ഞങ്ങളുടെ കാലടികള്‍ നിന്‍റെ വഴി വിട്ടുമാറുകയോ ചെയ്തിട്ടില്ല.

20 ഞങ്ങളുടെ ദൈവത്തിന്‍റെ നാമത്തെ ഞങ്ങള്‍ മറക്കയോ ഞങ്ങളുടെ കൈകളെ അന്യദൈവത്തിങ്കലേക്കു മലര്‍ത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ

21 ദൈവം അതു ശോധന ചെയ്യാതിരിക്കുമോ? അവന്‍ ഹൃദയത്തിലെ രഹസ്യങ്ങളെ അറിയുന്നുവല്ലോ.

22 നിന്‍റെ നിമിത്തം ഞങ്ങളെ ദിവസംപ്രതി കൊല്ലുന്നു; അറുപ്പാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു.

23 കര്‍ത്താവേ, ഉണരേണമേ; നീ ഉറങ്ങുന്നത് എന്ത്? എഴുന്നേല്ക്കേണമേ; ഞങ്ങളെ എന്നേക്കും തള്ളിക്കളയരുതേ.

24 നീ നിന്‍റെ മുഖത്തെ മറയ്ക്കുന്നതും ഞങ്ങളുടെ കഷ്ടവും പീഡയും മറന്നുകളയുന്നതും എന്ത്?

25 ഞങ്ങള്‍ നിലത്തോളം കുനിഞ്ഞിരിക്കുന്നു; ഞങ്ങളുടെ വയറു ഭൂമിയോടു പറ്റിയിരിക്കുന്നു.

26 ഞങ്ങളുടെ സഹായത്തിനായി എഴുന്നേല്ക്കേണമേ; നിന്‍റെ ദയനിമിത്തം ഞങ്ങളെ വീണ്ടെടുക്കേണമേ.

  • Psalms 43 — previous chapter
  • Psalms 45 — next chapter
  • Psalms 44 — English (KJV)
  • Psalms 44 — English (WEB)
  • Psalms 44 — Tamil (தமிழ்)
  • Psalms 44 — Hindi (हिंदी)
  • Psalms 44 — Kannada (ಕನ್ನಡ)