സങ്കീർത്തനങ്ങൾ 39 (Psalms 39)

Malayalam Bible — Malayalam (മലയാളം)

1 യെദൂഥൂന്‍ എന്ന സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [] നാവുകൊണ്ടു പാപം ചെയ്യാതിരിപ്പാന്‍ ഞാന്‍ എന്‍റെ വഴികളെ സൂക്ഷിക്കുമെന്നും ദുഷ്ടന്‍ എന്‍റെ മുമ്പിൽ ഇരിക്കുമ്പോള്‍ എന്‍റെ വായ് കടിഞ്ഞാണിട്ടു കാക്കുമെന്നും ഞാന്‍ പറഞ്ഞു.

2 ഞാന്‍ ഉരിയാടാതെ ഊമനായിരുന്നു; നന്മയെ ഗണ്യമാക്കാതെ മൗനമായിരുന്നു; എന്‍റെ സങ്കടം പൊങ്ങിവന്നു.

3 എന്‍റെ ഉള്ളിൽ ഹൃദയത്തിനു ചൂടുപിടിച്ചു, എന്‍റെ ധ്യാനത്തിങ്കൽ തീ കത്തി; അപ്പോള്‍ ഞാന്‍ നാവെടുത്തു സംസാരിച്ചു.

4 യഹോവേ, എന്‍റെ അവസാനത്തെയും എന്‍റെ ആയുസ്സ് എത്ര എന്നതിനെയും എന്നെ അറിയിക്കേണമേ; ഞാന്‍ എത്ര ക്ഷണികന്‍ എന്നു ഞാന്‍ അറിയുമാറാകട്ടെ.

5 ഇതാ, നീ എന്‍റെ നാളുകളെ നാലുവിരൽ നീളമാക്കിയിരിക്കുന്നു; എന്‍റെ ആയുസ്സ് നിന്‍റെ മുമ്പാകെ ഏതുമില്ലാത്തതുപോലെയിരിക്കുന്നു; ഏതു മനുഷ്യനും ഉറച്ചുനിന്നാലും ഒരു ശ്വാസമത്രേ. സേലാ.

6 മനുഷ്യരൊക്കെയും വെറും നിഴലായി നടക്കുന്നു നിശ്ചയം; അവര്‍ വ്യര്‍ഥമായി പരിശ്രമിക്കുന്നു നിശ്ചയം; അവന്‍ ധനം സമ്പാദിക്കുന്നു; ആര്‍ അനുഭവിക്കും എന്നറിയുന്നില്ല.

7 എന്നാൽ കര്‍ത്താവേ, ഞാന്‍ ഏതിനായി കാത്തിരിക്കുന്നു? എന്‍റെ പ്രത്യാശ നിങ്കൽ വച്ചിരിക്കുന്നു.

8 എന്‍റെ സകല ലംഘനങ്ങളിൽനിന്നും എന്നെ വിടുവിക്കേണമേ; എന്നെ ഭോഷന്‍റെ നിന്ദയാക്കി വയ്ക്കരുതേ.

9 ഞാന്‍ വായ്തുറക്കാതെ ഊമനായിരുന്നു; നീയല്ലോ അങ്ങനെ വരുത്തിയത്.

10 നിന്‍റെ ബാധ എങ്കൽനിന്നു നീക്കേണമേ; നിന്‍റെ കൈയുടെ അടിയാൽ ഞാന്‍ ക്ഷയിച്ചിരിക്കുന്നു.

11 അകൃത്യംനിമിത്തം നീ മനുഷ്യനെ ദണ്ഡനങ്ങളാൽ ശിക്ഷിക്കുമ്പോള്‍ നീ അവന്‍റെ സൗന്ദര്യത്തെ പുഴുപോലെ ക്ഷയിപ്പിക്കുന്നു; ഏതു മനുഷ്യനും ഒരു ശ്വാസമത്രേ ആകുന്നു. സേലാ.

12 യഹോവേ, എന്‍റെ പ്രാര്‍ഥന കേട്ട് എന്‍റെ അപേക്ഷ ചെവിക്കൊള്ളേണമേ. എന്‍റെ കണ്ണുനീര്‍ കണ്ടു മിണ്ടാതിരിക്കരുതേ; ഞാന്‍ എന്‍റെ സകല പിതാക്കന്മാരെയും പോലെ നിന്‍റെ സന്നിധിയിൽ അന്യനും പരദേശിയും ആകുന്നുവല്ലോ.

13 ഞാന്‍ ഇവിടെനിന്നു പോയി ഇല്ലാതെയാകുന്നതിനു മുമ്പേ ഉന്മേഷം പ്രാപിക്കേണ്ടതിനു നിന്‍റെ നോട്ടം എങ്കൽനിന്നു മാറ്റേണമേ.

  • Psalms 38 — previous chapter
  • Psalms 40 — next chapter
  • Psalms 39 — English (KJV)
  • Psalms 39 — English (WEB)
  • Psalms 39 — Tamil (தமிழ்)
  • Psalms 39 — Hindi (हिंदी)
  • Psalms 39 — Kannada (ಕನ್ನಡ)