സങ്കീർത്തനങ്ങൾ 38 (Psalms 38)

Malayalam Bible — Malayalam (മലയാളം)

1 ദാവീദിന്‍റെ ഒരു ജ്ഞാപക സങ്കീര്‍ത്തനം. [] യഹോവേ, ക്രോധത്തോടെ എന്നെ ശിക്ഷിക്കരുതേ; ഉഗ്രനീരസത്തോടെ എന്നെ ദണ്ഡിപ്പിക്കയുമരുതേ.

2 നിന്‍റെ അസ്ത്രങ്ങള്‍ എന്നിൽ തറച്ചിരിക്കുന്നു; നിന്‍റെ കൈ എന്‍റെമേൽ ഭാരമായിരിക്കുന്നു.

3 നിന്‍റെ നീരസം ഹേതുവായി എന്‍റെ ദേഹത്തിൽ സൗഖ്യമില്ല; എന്‍റെ പാപം ഹേതുവായി എന്‍റെ അസ്ഥികളിൽ സ്വസ്ഥതയുമില്ല.

4 എന്‍റെ അകൃത്യങ്ങള്‍ എന്‍റെ തലയ്ക്കുമീതെ കവിഞ്ഞിരിക്കുന്നു; ഭാരമുള്ള ചുമടുപോലെ അവ എനിക്ക് അതിഘനമായിരിക്കുന്നു.

5 എന്‍റെ ഭോഷത്തം ഹേതുവായി എന്‍റെ വ്രണങ്ങള്‍ ചീഞ്ഞുനാറുന്നു.

6 ഞാന്‍ കുനിഞ്ഞ് ഏറ്റവും കൂനിയിരിക്കുന്നു; ഞാന്‍ ഇടവിടാതെ ദുഃഖിച്ചുനടക്കുന്നു.

7 എന്‍റെ അരയിൽ വരള്‍ച്ച നിറഞ്ഞിരിക്കുന്നു; എന്‍റെ ദേഹത്തിൽ സൗഖ്യമില്ല.

8 ഞാന്‍ ക്ഷീണിച്ച് അത്യന്തം തകര്‍ന്നിരിക്കുന്നു; എന്‍റെ ഹൃദയത്തിലെ ഞരക്കം നിമിത്തം ഞാന്‍ അലറുന്നു.

9 കര്‍ത്താവേ, എന്‍റെ ആഗ്രഹമൊക്കെയും നിന്‍റെ മുമ്പിൽ ഇരിക്കുന്നു. എന്‍റെ ഞരക്കം നിനക്കു മറഞ്ഞിരിക്കുന്നതുമില്ല.

10 എന്‍റെ നെഞ്ചിടിക്കുന്നു; ഞാന്‍ വശംകെട്ടിരിക്കുന്നു; എന്‍റെ കണ്ണിന്‍റെ വെളിച്ചവും എനിക്കില്ലാതെയായി.

11 എന്‍റെ സ്നേഹിതന്മാരും കൂട്ടുകാരും എന്‍റെ ബാധ കണ്ടു മാറിനില്ക്കുന്നു; എന്‍റെ ചാര്‍ച്ചക്കാരും അകന്നു നില്ക്കുന്നു.

12 എനിക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവര്‍ കെണി വയ്ക്കുന്നു; എനിക്ക് അനര്‍ഥം അന്വേഷിക്കുന്നവര്‍ വേണ്ടാതനം സംസാരിക്കുന്നു; അവര്‍ ഇടവിടാതെ ചതിവു ചിന്തിക്കുന്നു.

13 എങ്കിലും ഞാന്‍ ചെകിടനെപ്പോലെ കേള്‍ക്കാതെ ഇരുന്നു; വായ് തുറക്കാതെ ഊമനെപ്പോലെ ആയിരുന്നു.

14 ഞാന്‍, കേള്‍ക്കാത്ത മനുഷ്യനെപ്പോലെയും വായിൽ പ്രതിവാദമില്ലാത്തവനെപ്പോലെയും ആയിരുന്നു.

15 യഹോവേ, നിങ്കൽ ഞാന്‍ പ്രത്യാശ വച്ചിരിക്കുന്നു; എന്‍റെ ദൈവമായ കര്‍ത്താവേ, നീ ഉത്തരം അരുളും.

16 അവര്‍ എന്നെച്ചൊല്ലി സന്തോഷിക്കരുതേ എന്നു ഞാന്‍ പറഞ്ഞു; എന്‍റെ കാൽ വഴുതുമ്പോള്‍ അവര്‍ എന്‍റെ നേരേ വമ്പു പറയുമല്ലോ.

17 ഞാന്‍ ഇടറി വീഴുമാറായിരിക്കുന്നു; എന്‍റെ ദുഃഖം എപ്പോഴും എന്‍റെ മുമ്പിൽ ഇരിക്കുന്നു.

18 ഞാന്‍ എന്‍റെ അകൃത്യത്തെ ഏറ്റുപറയുന്നു; എന്‍റെ പാപത്തെക്കുറിച്ചു ദുഃഖിക്കുന്നു.

19 എന്‍റെ ശത്രുക്കളോ ജീവനും ബലവുമുള്ളവര്‍. എന്നെ വെറുതെ പകയ്ക്കുന്നവര്‍ പെരുകിയിരിക്കുന്നു.

20 ഞാന്‍ നന്മ പിന്തുടരുകയാൽ അവര്‍ എനിക്കു വിരോധികളായി നന്മയ്ക്കുപകരം തിന്മ ചെയ്യുന്നു.

21 യഹോവേ, എന്നെ കൈവിടരുതേ: എന്‍റെ ദൈവമേ, എന്നോടകന്നിരിക്കരുതേ.

22 എന്‍റെ രക്ഷയാകുന്ന കര്‍ത്താവേ, എന്‍റെ സഹായത്തിനു വേഗം വരേണമേ.

  • Psalms 37 — previous chapter
  • Psalms 39 — next chapter
  • Psalms 38 — English (KJV)
  • Psalms 38 — English (WEB)
  • Psalms 38 — Tamil (தமிழ்)
  • Psalms 38 — Hindi (हिंदी)
  • Psalms 38 — Kannada (ಕನ್ನಡ)