സങ്കീർത്തനങ്ങൾ 36 (Psalms 36)

Malayalam Bible — Malayalam (മലയാളം)

1 സംഗീതപ്രമാണിക്ക്; യഹോവയുടെ ദാസനായ ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [] ദുഷ്ടനു തന്‍റെ ഹൃദയത്തിൽ പാപാദേശമുണ്ട്; അവന്‍റെ ദൃഷ്‍ടിയിൽ ദൈവഭയമില്ല.

2 തന്‍റെ കുറ്റം തെളിഞ്ഞു വെറുപ്പായിത്തീരുകയില്ല എന്നിങ്ങനെ അവന്‍ തന്നോടുതന്നെ മധുരവാക്കു പറയുന്നു.

3 അവന്‍റെ വായിലെ വാക്കുകള്‍ അകൃത്യവും വഞ്ചനയും ആകുന്നു; ബുദ്ധിമാനായിരിക്കുന്നതും നന്മചെയ്യുന്നതും അവന്‍ വിട്ടുകളഞ്ഞിരിക്കുന്നു.

4 അവന്‍ തന്‍റെ കിടക്കമേൽ അകൃത്യം ചിന്തിക്കുന്നു; കൊള്ളരുതാത്ത വഴിയിൽ അവന്‍ നില്ക്കുന്നു; ദോഷത്തെ വെറുക്കുന്നതുമില്ല.

5 യഹോവേ, നിന്‍റെ ദയ ആകാശത്തോളവും നിന്‍റെ വിശ്വസ്തത മേഘങ്ങളോളവും എത്തുന്നു.

6 നിന്‍റെ നീതി ദിവ്യപര്‍വതങ്ങളെപ്പോലെയും നിന്‍റെ ന്യായവിധികള്‍ വലിയ ആഴിയെപ്പോലെയും ആകുന്നു; യഹോവേ, നീ മനുഷ്യരെയും മൃഗങ്ങളെയും രക്ഷിക്കുന്നു.

7 ദൈവമേ, നിന്‍റെ ദയ എത്ര വിലയേറിയത്! മനുഷ്യപുത്രന്മാര്‍ നിന്‍റെ ചിറകിന്‍ നിഴലിൽ ശരണം പ്രാപിക്കുന്നു.

8 നിന്‍റെ ആലയത്തിലെ പുഷ്‍ടി അവര്‍ അനുഭവിച്ചു തൃപ്തി പ്രാപിക്കുന്നു; നിന്‍റെ ആനന്ദനദി നീ അവരെ കുടിപ്പിക്കുന്നു.

9 നിന്‍റെ പക്കൽ ജീവന്‍റെ ഉറവുണ്ടല്ലോ; നിന്‍റെ പ്രകാശത്തിൽ ഞങ്ങള്‍ പ്രകാശം കാണുന്നു.

10 നിന്നെ അറിയുന്നവര്‍ക്കു നിന്‍റെ ദയയും ഹൃദയപരമാര്‍ഥികള്‍ക്കു നിന്‍റെ നീതിയും ദീര്‍ഘമാക്കേണമേ.

11 ഡംഭികളുടെ കാൽ എന്‍റെ നേരേ വരരുതേ; ദുഷ്ടന്മാരുടെ കൈ എന്നെ ആട്ടിക്കളയരുതേ.

12 ദുഷ്പ്രവൃത്തിക്കാര്‍ അവിടെത്തന്നെ വീഴുന്നു: അവര്‍ മറിഞ്ഞു വീഴുന്നു; എഴുന്നേല്പാന്‍ കഴിയുന്നതുമില്ല.

  • Psalms 35 — previous chapter
  • Psalms 37 — next chapter
  • Psalms 36 — English (KJV)
  • Psalms 36 — English (WEB)
  • Psalms 36 — Tamil (தமிழ்)
  • Psalms 36 — Hindi (हिंदी)
  • Psalms 36 — Kannada (ಕನ್ನಡ)