സങ്കീർത്തനങ്ങൾ 27 (Psalms 27)

Malayalam Bible — Malayalam (മലയാളം)

1 ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [] യഹോവ എന്‍റെ വെളിച്ചവും എന്‍റെ രക്ഷയും ആകുന്നു; ഞാന്‍ ആരെ ഭയപ്പെടും? യഹോവ എന്‍റെ ജീവന്‍റെ ബലം; ഞാന്‍ ആരെ പേടിക്കും?

2 എന്‍റെ വൈരികളും ശത്രുക്കളുമായ ദുഷ്കര്‍മികള്‍ എന്‍റെ മാംസം തിന്നുവാന്‍ എന്നോട് അടുക്കുമ്പോള്‍ ഇടറിവീഴും.

3 ഒരു സൈന്യം എന്‍റെ നേരേ പാളയമിറങ്ങിയാലും എന്‍റെ ഹൃദയം ഭയപ്പെടുകയില്ല; എനിക്കു യുദ്ധം നേരിട്ടാലും ഞാന്‍ നിര്‍ഭയമായിരിക്കും.

4 ഞാന്‍ യഹോവയോട് ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാന്‍ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാണ്‍മാനും അവന്‍റെ മന്ദിരത്തിൽ ധ്യാനിപ്പാനും എന്‍റെ ആയുഷ്കാലമൊക്കെയും ഞാന്‍ യഹോവയുടെ ആലയത്തിൽ പാര്‍ക്കേണ്ടതിനു തന്നെ.

5 അനര്‍ഥദിവസത്തിൽ അവന്‍ തന്‍റെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും; തിരുനിവാസത്തിന്‍റെ മറവിൽ എന്നെ മറയ്ക്കും; പാറമേൽ എന്നെ ഉയര്‍ത്തും.

6 ഇപ്പോള്‍ എന്‍റെ ചുറ്റുമുള്ള ശത്രുക്കളുടെ മേൽ എന്‍റെ തല ഉയരും; ഞാന്‍ അവന്‍റെ കൂടാരത്തിൽ ജയഘോഷയാഗങ്ങളെ അര്‍പ്പിക്കും; ഞാന്‍ യഹോവയ്ക്കു പാടി കീര്‍ത്തനം ചെയ്യും.

7 യഹോവേ, ഞാന്‍ ഉറക്കെ വിളിക്കുമ്പോള്‍ കേള്‍ക്കേണമേ; എന്നോടു കൃപചെയ്ത് എനിക്കുത്തരമരുളേണമേ.

8 “എന്‍റെ മുഖം അന്വേഷിപ്പിന്‍” എന്ന് നിങ്കൽനിന്നു കല്പന വന്നു എന്ന് എന്‍റെ ഹൃദയം പറയുന്നു; യഹോവേ, ഞാന്‍ നിന്‍റെ മുഖം അന്വേഷിക്കുന്നു.

9 നിന്‍റെ മുഖം എനിക്കു മറയ്ക്കരുതേ; അടിയനെ കോപത്തോടെ നീക്കിക്കളയരുതേ; നീ എനിക്കു തുണയായിരിക്കുന്നു; എന്‍റെ രക്ഷയുടെ ദൈവമേ, എന്നെ തള്ളിക്കളയരുതേ; ഉപേക്ഷിക്കയുമരുതേ.

10 എന്‍റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേര്‍ത്തുകൊള്ളും.

11 യഹോവേ, നിന്‍റെ വഴി എന്നെ കാണിക്കേണമേ; എന്‍റെ ശത്രുക്കള്‍നിമിത്തം നേരേയുള്ള പാതയിൽ എന്നെ നടത്തേണമേ.

12 എന്‍റെ വൈരികളുടെ ഇഷ്ടത്തിന് എന്നെ ഏല്പിച്ചു കൊടുക്കരുതേ; കള്ളസ്സാക്ഷികളും ക്രൂരത്വം നിശ്വസിക്കുന്നവരും എന്നോട് എതിര്‍ത്തു നില്ക്കുന്നു.

13 ഞാന്‍ ജീവനുള്ളവരുടെ ദേശത്ത് യഹോവയുടെ നന്മ കാണുമെന്നു വിശ്വസിച്ചില്ലങ്കിൽ കഷ്ടം!

14 യഹോവയിങ്കൽ പ്രത്യാശവയ്ക്കുക; ധൈര്യപ്പെട്ടിരിക്ക; നിന്‍റെ ഹൃദയം ഉറച്ചിരിക്കട്ടെ; അതേ, യഹോവയിങ്കൽ പ്രത്യാശവയ്ക്കുക.

  • Psalms 26 — previous chapter
  • Psalms 28 — next chapter
  • Psalms 27 — English (KJV)
  • Psalms 27 — English (WEB)
  • Psalms 27 — Tamil (தமிழ்)
  • Psalms 27 — Hindi (हिंदी)
  • Psalms 27 — Kannada (ಕನ್ನಡ)