സങ്കീർത്തനങ്ങൾ 118 (Psalms 118)

Malayalam Bible — Malayalam (മലയാളം)

1 യഹോവയ്ക്കു സ്തോത്രം ചെയ്‍വിന്‍; അവന്‍ നല്ലവനല്ലോ; അവന്‍റെ ദയ എന്നേക്കുമുള്ളത്.

2 അവന്‍റെ ദയ എന്നേക്കുമുള്ളത് എന്നു യിസ്രായേൽ പറയട്ടെ.

3 അവന്‍റെ ദയ എന്നേക്കുമുള്ളത് എന്ന് അഹരോന്‍ഗൃഹം പറയട്ടെ.

4 അവന്‍റെ ദയ എന്നേക്കുമുള്ളത്; എന്നു യഹോവാഭക്തര്‍ പറയട്ടെ.

5 ഞെരുക്കത്തിൽ ഞാന്‍ യഹോവയെ വിളിച്ചപേക്ഷിച്ചു, യഹോവ ഉത്തരമരുളി എന്നെ വിശാലസ്ഥലത്താക്കി.

6 യഹോവ എന്‍റെ പക്ഷത്തുണ്ട്; ഞാന്‍ പേടിക്കയില്ല; മനുഷ്യന്‍ എന്നോട് എന്തു ചെയ്യും?

7 എന്നെ സഹായിക്കുന്നവരോടുകൂടെ യഹോവ എന്‍റെ പക്ഷത്തുണ്ട്; ഞാന്‍ എന്നെ പകയ്ക്കുന്നവരെ കണ്ടു രസിക്കും.

8 മനുഷ്യനിൽ ആശ്രയിക്കുന്നതിനെക്കാള്‍ യഹോവയിൽ ആശ്രയിക്കുന്നതു നല്ലത്.

9 പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനെക്കാള്‍ യഹോവയിൽ ആശ്രയിക്കുന്നതു നല്ലത്.

10 സകല ജാതികളും എന്നെ ചുറ്റിവളഞ്ഞു; യഹോവയുടെ നാമത്തിൽ ഞാന്‍ അവരെ ഛേദിച്ചുകളയും.

11 അവര്‍ എന്നെ വളഞ്ഞു; അതേ, അവര്‍ എന്നെ വളഞ്ഞു; യഹോവയുടെ നാമത്തിൽ ഞാന്‍ അവരെ ഛേദിച്ചുകളയും.

12 അവര്‍ തേനീച്ചപോലെ എന്നെ ചുറ്റിവളഞ്ഞു; മുള്‍ത്തീപോലെ അവര്‍ കെട്ടുപോയി; യഹോവയുടെ നാമത്തിൽ ഞാന്‍ അവരെ ഛേദിച്ചുകളയും.

13 ഞാന്‍ വീഴുവാന്‍ തക്കവണ്ണം നീ എന്നെ തള്ളി; എങ്കിലും യഹോവ എന്നെ സഹായിച്ചു.

14 യഹോവ എന്‍റെ ബലവും എന്‍റെ കീര്‍ത്തനവും ആകുന്നു; അവന്‍ എനിക്കു രക്ഷയായും തീര്‍ന്നു.

15 ഉല്ലാസത്തിന്‍റെയും ജയത്തിന്‍റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളിൽ ഉണ്ട്; യഹോവയുടെ വലംകൈ വീര്യം പ്രവര്‍ത്തിക്കുന്നു.

16 യഹോവയുടെ വലംകൈ ഉയര്‍ന്നിരിക്കുന്നു; യഹോവയുടെ വലംകൈ വീര്യം പ്രവര്‍ത്തിക്കുന്നു.

17 ഞാന്‍ മരിക്കയില്ല; ഞാന്‍ ജീവനോടെയിരുന്നു യഹോവയുടെ പ്രവൃത്തികളെ വര്‍ണിക്കും.

18 യഹോവ എന്നെ കഠിനമായി ശിക്ഷിച്ചു; എന്നാലും അവന്‍ എന്നെ മരണത്തിന് ഏല്പിച്ചിട്ടില്ല.

19 നീതിയുടെ വാതിലുകള്‍ എനിക്കു തുറന്നു തരുവിന്‍; ഞാന്‍ അവയിൽക്കൂടി കടന്നു യഹോവയ്ക്കു സ്തോത്രം ചെയ്യും.

20 യഹോവയുടെ വാതിൽ ഇതു തന്നെ; നീതിമാന്മാര്‍ അതിൽക്കൂടി കടക്കും.

21 നീ എനിക്ക് ഉത്തരമരുളി എന്‍റെ രക്ഷയായി തീര്‍ന്നിരിക്കയാൽ ഞാന്‍ നിനക്കു സ്തോത്രം ചെയ്യും.

22 വീടുപണിയുന്നവര്‍ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീര്‍ന്നിരിക്കുന്നു.

23 ഇതു യഹോവയാൽ സംഭവിച്ചു നമ്മുടെ ദൃഷ്‍ടിയിൽ ആശ്ചര്യം ആയിരിക്കുന്നു.

24 ഇതു യഹോവ ഉണ്ടാക്കിയ ദിവസം; ഇന്നു നാം സന്തോഷിച്ച് ആനന്ദിക്ക.

25 യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; യഹോവേ, ഞങ്ങള്‍ക്കു ശുഭത നല്കേണമേ.

26 യഹോവയുടെ നാമത്തിൽ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍; ഞങ്ങള്‍ യഹോവയുടെ ആലയത്തിൽ നിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു.

27 യഹോവ തന്നെ ദൈവം; അവന്‍ നമുക്കു പ്രകാശം തന്നിരിക്കുന്നു; യാഗപീഠത്തിന്‍റെ കൊമ്പുകളോളം യാഗപശുവിനെ കയറുകൊണ്ടു കെട്ടുവിന്‍

28 നീ എന്‍റെ ദൈവമാകുന്നു; ഞാന്‍ നിനക്കു സ്തോത്രം ചെയ്യും; നീ എന്‍റെ ദൈവമാകുന്നു; ഞാന്‍ നിന്നെ പുകഴ്ത്തും.

29 യഹോവയ്ക്കു സ്തോത്രം ചെയ്‍വിന്‍; അവന്‍ നല്ലവനല്ലോ; അവന്‍റെ ദയ എന്നേക്കും ഉള്ളതാകുന്നു.

  • Psalms 117 — previous chapter
  • Psalms 119 — next chapter
  • Psalms 118 — English (KJV)
  • Psalms 118 — English (WEB)
  • Psalms 118 — Tamil (தமிழ்)
  • Psalms 118 — Hindi (हिंदी)
  • Psalms 118 — Kannada (ಕನ್ನಡ)