സങ്കീർത്തനങ്ങൾ 102 (Psalms 102)

Malayalam Bible — Malayalam (മലയാളം)

1 അരിഷ്ടന്‍റെ പ്രാര്‍ഥന; അവന്‍ ക്ഷീണിച്ച് യഹോവയുടെ മുമ്പാകെ തന്‍റെ സങ്കടത്തെ പകരുമ്പോള്‍ കഴിച്ചത്. [] യഹോവേ, എന്‍റെ പ്രാര്‍ഥന കേള്‍ക്കേണമേ; എന്‍റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ.

2 കഷ്ടദിവസത്തിൽ നിന്‍റെ മുഖം എനിക്കു മറയ്ക്കരുതേ; നിന്‍റെ ചെവി എങ്കലേക്കു ചായിക്കേണമേ; ഞാന്‍ വിളിക്കുന്ന നാളിൽ വേഗത്തിൽ എനിക്ക് ഉത്തരമരുളേണമേ.

3 എന്‍റെ നാളുകള്‍ പുകപോലെ കഴിഞ്ഞുപോകുന്നു; എന്‍റെ അസ്ഥികള്‍ തീക്കൊള്ളിപോലെ വെന്തിരിക്കുന്നു.

4 എന്‍റെ ഹൃദയം അരിഞ്ഞ പുല്ലുപോലെ ഉണങ്ങിയിരിക്കുന്നു; ഞാന്‍ ഭക്ഷണം കഴിപ്പാന്‍ മറന്നുപോകുന്നു.

5 എന്‍റെ ഞരക്കത്തിന്‍റെ ഒച്ച നിമിത്തം എന്‍റെ അസ്ഥികള്‍ മാംസത്തോടു പറ്റുന്നു.

6 ഞാന്‍ മരുഭൂമിയിലെ വേഴാമ്പൽപോലെ ആകുന്നു; ശൂന്യസ്ഥലത്തെ മൂങ്ങപോലെ തന്നെ.

7 ഞാന്‍ ഉറക്കിളച്ചിരിക്കുന്നു; വീട്ടിന്മുകളിൽ തനിച്ചിരിക്കുന്ന കുരികിൽപോലെ ആകുന്നു.

8 എന്‍റെ ശത്രുക്കള്‍ ഇടവിടാതെ എന്നെ നിന്ദിക്കുന്നു; എന്നോടു ചീറുന്നവര്‍ എന്‍റെ പേര്‍ ചൊല്ലി ശപിക്കുന്നു.

9 ഞാന്‍ അപ്പംപോലെ ചാരം തിന്നുന്നു; എന്‍റെ പാനീയത്തിൽ കണ്ണുനീര്‍ കലക്കുന്നു;

10 നിന്‍റെ കോപവും ക്രോധവും ഹേതുവായിട്ടുതന്നെ; നീ എന്നെ എടുത്ത് എറിഞ്ഞുകളഞ്ഞുവല്ലോ.

11 എന്‍റെ ആയുസ്സ് ചാഞ്ഞുപോകുന്ന നിഴൽപോലെയാകുന്നു; ഞാന്‍ പുല്ലുപോലെ ഉണങ്ങിപ്പോകുന്നു.

12 നീയോ, യഹോവേ, എന്നേക്കുമുള്ളവന്‍; നിന്‍റെ നാമം തലമുറതലമുറയായി നിലനില്ക്കുന്നു.

13 നീ എഴുന്നേറ്റ് സീയോനോടു കരുണ കാണിക്കും; അവളോടു കൃപ കാണിപ്പാനുള്ള കാലം, അതേ, അതിനു സമയം വന്നിരിക്കുന്നു.

14 നിന്‍റെ ദാസന്മാര്‍ക്ക് അവളുടെ കല്ലുകളോടു താൽപര്യവും അവളുടെ പൂഴിയോട് അലിവും തോന്നുന്നു.

15 യഹോവ സീയോനെ പണികയും തന്‍റെ മഹത്ത്വത്തിൽ പ്രത്യക്ഷനാകയും

16 അവന്‍ അഗതികളുടെ പ്രാര്‍ഥന കടാക്ഷിക്കയും അവരുടെ പ്രാര്‍ഥന നിരസിക്കാതെയിരിക്കയും ചെയ്തതുകൊണ്ട്

17 ജാതികള്‍ യഹോവയുടെ നാമത്തെയും ഭൂമിയിലെ സകല രാജാക്കന്മാരും നിന്‍റെ മഹത്ത്വത്തെയും ഭയപ്പെടും.

18 വരുവാനിരിക്കുന്ന തലമുറയ്ക്കുവേണ്ടി ഇത് എഴുതിവയ്ക്കും; സൃഷ്‍ടിക്കപ്പെടുവാനുള്ള ജനം യഹോവയെ സ്തുതിക്കും.

19 യഹോവയെ സേവിപ്പാന്‍ ജാതികളും രാജ്യങ്ങളും കൂടിവന്നപ്പോള്‍

20 സീയോനിൽ യഹോവയുടെ നാമത്തെയും യെരൂശലേമിൽ അവന്‍റെ സ്തുതിയെയും പ്രസ്താവിക്കേണ്ടതിനു

21 ബദ്ധന്മാരുടെ ഞരക്കം കേള്‍പ്പാനും മരണത്തിനു നിയമിക്കപ്പെട്ടവരെ വിടുവിപ്പാനും

22 യഹോവ തന്‍റെ വിശുദ്ധമായ ഉയരത്തിൽനിന്നു നോക്കി സ്വര്‍ഗത്തിൽനിന്നു ഭൂമിയെ തൃക്കണ്‍പാര്‍ത്തുവല്ലോ.

23 അവന്‍ വഴിയിൽവച്ച് എന്‍റെ ബലം ക്ഷയിപ്പിച്ചു; അവന്‍ എന്‍റെ നാളുകളെ ചുരുക്കിയിരിക്കുന്നു.

24 എന്‍റെ ദൈവമേ, ആയുസ്സിന്‍റെ മധ്യത്തിൽ എന്നെ എടുത്തുകളയരുതേ എന്നു ഞാന്‍ പറഞ്ഞു; നിന്‍റെ സംവത്സരങ്ങള്‍ തലമുറതലമുറയായി ഇരിക്കുന്നു.

25 പൂര്‍വകാലത്തു നീ ഭൂമിക്ക് അടിസ്ഥാനമിട്ടു; ആകാശം നിന്‍റെ കൈകളുടെ പ്രവൃത്തി ആകുന്നു.

26 അവ നശിക്കും നീയോ നിലനില്ക്കും; അവയെല്ലാം വസ്ത്രംപോലെ പഴകിപ്പോകും; ഉടുപ്പുപോലെ നീ അവയെ മാറ്റും; അവ മാറിപ്പോകയും ചെയ്യും.

27 നീയോ അനന്യനാകുന്നു; നിന്‍റെ സംവത്സരങ്ങള്‍ അവസാനിക്കയുമില്ല.

28 നിന്‍റെ ദാസന്മാരുടെ മക്കള്‍ നിര്‍ഭയം വസിക്കും; അവരുടെ സന്തതി നിന്‍റെ സന്നിധിയിൽ നിലനില്ക്കും.

  • Psalms 101 — previous chapter
  • Psalms 103 — next chapter
  • Psalms 102 — English (KJV)
  • Psalms 102 — English (WEB)
  • Psalms 102 — Tamil (தமிழ்)
  • Psalms 102 — Hindi (हिंदी)
  • Psalms 102 — Kannada (ಕನ್ನಡ)