സദൃശവാക്യങ്ങൾ 9 (Proverbs 9)

Malayalam Bible — Malayalam (മലയാളം)

1 ജ്ഞാനമായവള്‍ തനിക്ക് ഒരു വീട് പണിതു; അതിന് ഏഴു തൂണ്‍ തീര്‍ത്തു.

2 അവള്‍ മൃഗങ്ങളെ അറുത്തു, വീഞ്ഞു കലക്കി, തന്‍റെ മേശ ചമയിച്ചുമിരിക്കുന്നു.

3 അവള്‍ തന്‍റെ ദാസികളെ അയച്ചു പട്ടണത്തിലെ മേടകളിൽനിന്നു വിളിച്ചുപറയിക്കുന്നതു:

4 അല്പബുദ്ധിയായവന്‍ ഇങ്ങോട്ടു വരട്ടെ; ബുദ്ധിഹീനനോടോ അവള്‍ പറയിക്കുന്നത്;

5 വരുവിന്‍, എന്‍റെ അപ്പം തിന്നുകയും ഞാന്‍ കലക്കിയ വീഞ്ഞു കുടിക്കയും ചെയ്‍വിന്‍!

6 ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ടു ജീവിപ്പിന്‍! വിവേകത്തിന്‍റെ മാര്‍ഗത്തിൽ നടന്നുകൊള്‍വിന്‍.

7 പരിഹാസിയെ ശാസിക്കുന്നവന്‍ ലജ്ജ സമ്പാദിക്കുന്നു; ദുഷ്ടനെ ഭര്‍ത്സിക്കുന്നവനു കറ പറ്റുന്നു.

8 പരിഹാസി നിന്നെ പകയ്ക്കാതിരിക്കേണ്ടതിന് അവനെ ശാസിക്കരുത്; ജ്ഞാനിയെ ശാസിക്ക; അവന്‍ നിന്നെ സ്നേഹിക്കും.

9 ജ്ഞാനിയെ പ്രബോധിപ്പിക്ക, അവന്‍റെ ജ്ഞാനം വര്‍ധിക്കും; നീതിമാനെ ഉപദേശിക്ക അവന്‍ വിദ്യാഭിവൃദ്ധി പ്രാപിക്കും.

10 യഹോവാഭക്തി ജ്ഞാനത്തിന്‍റെ ആരംഭവും പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു.

11 ഞാന്‍ മുഖാന്തരം നിന്‍റെ നാളുകള്‍ പെരുകും; നിനക്കു ദീര്‍ഘായുസ്സ് ഉണ്ടാകും.

12 നീ ജ്ഞാനിയാകുന്നുവെങ്കിൽ നിനക്കുവേണ്ടി തന്നെ ജ്ഞാനിയായിരിക്കും; പരിഹസിക്കുന്നുവെങ്കിലോ, നീ തന്നെ സഹിക്കേണ്ടിവരും.

13 ഭോഷത്വമായവള്‍ മോഹപരവശയായിരിക്കുന്നു; അവള്‍ ബുദ്ധിഹീന തന്നെ, ഒന്നും അറിയുന്നതുമില്ല.

14 തങ്ങളുടെ പാതയിൽ നേരേ നടക്കുന്നവരായി കടന്നുപോകുന്നവരെ വിളിക്കേണ്ടതിനു

15 അവള്‍ പട്ടണത്തിലെ മേടകളിൽ തന്‍റെ വീട്ടുവാതിൽക്കൽ ഒരു പീഠത്തിന്മേൽ ഇരിക്കുന്നു.

16 അല്പബുദ്ധിയായവന്‍ ഇങ്ങോട്ടുവരട്ടെ; ബുദ്ധിഹീനനോടോ അവള്‍ പറയുന്നത്;

17 മോഷ്‍ടിച്ച വെള്ളം മധുരവും ഒളിച്ചുതിന്നുന്ന അപ്പം രുചികരവും ആകുന്നു.

18 എങ്കിലും മൃതന്മാര്‍ അവിടെ ഉണ്ടെന്നും അവളുടെ വിരുന്നുകാര്‍ പാതാളത്തിന്‍റെ ആഴത്തിൽ ഇരിക്കുന്നു എന്നും അവന്‍ അറിയുന്നില്ല.

  • Proverbs 8 — previous chapter
  • Proverbs 10 — next chapter
  • Proverbs 9 — English (KJV)
  • Proverbs 9 — English (WEB)
  • Proverbs 9 — Tamil (தமிழ்)
  • Proverbs 9 — Hindi (हिंदी)
  • Proverbs 9 — Kannada (ಕನ್ನಡ)