സദൃശവാക്യങ്ങൾ 25 (Proverbs 25)

Malayalam Bible — Malayalam (മലയാളം)

1 ഇവയും ശലോമോന്‍റെ സദൃശവാക്യങ്ങള്‍; യെഹൂദാരാജാവായ ഹിസ്ക്കീയാവിന്‍റെ ആളുകള്‍ അവയെ ശേഖരിച്ചിരിക്കുന്നു.

2 കാര്യം മറച്ചുവയ്ക്കുന്നതു ദൈവത്തിന്‍റെ മഹത്ത്വം; കാര്യം ആരായുന്നതോ രാജാക്കന്മാരുടെ മഹത്ത്വം.

3 ആകാശത്തിന്‍റെ ഉയരവും ഭൂമിയുടെ ആഴവും രാജാക്കന്മാരുടെ ഹൃദയവും അഗോചരം.

4 വെള്ളിയിൽനിന്നു കീടം നീക്കിക്കളഞ്ഞാൽ തട്ടാന് ഒരു ഉരുപ്പടി കിട്ടും.

5 രാജസന്നിധിയിൽനിന്ന് ദുഷ്ടനെ നീക്കിക്കളഞ്ഞാൽ അവന്‍റെ സിംഹാസനം നീതിയാൽ സ്ഥിരപ്പെടും.

6 രാജസന്നിധിയിൽ വമ്പു കാണിക്കരുത്; മഹാന്മാരുടെ സ്ഥാനത്തു നില്ക്കയും അരുത്.

7 നീ കണ്ടിരുന്ന പ്രഭുവിന്‍റെ മുമ്പിൽ നിനക്കു താഴ്ച ഭവിക്കുന്നതിനെക്കാള്‍ ഇവിടെ കയറിവരിക എന്നു നിന്നോടു പറയുന്നതു നല്ലത്.

8 ബദ്ധപ്പെട്ടു വ്യവഹാരത്തിനു പുറപ്പെടരുത്; അല്ലെങ്കിൽ ഒടുക്കം കൂട്ടുകാരന്‍ നിന്നെ ലജ്ജിപ്പിച്ചാൽ നീ എന്തു ചെയ്യും?

9 നിന്‍റെ വഴക്കു കൂട്ടുകാരനുമായി പറഞ്ഞു തീര്‍ക്ക; എന്നാൽ മറ്റൊരുത്തന്‍റെ രഹസ്യം വെളിപ്പെടുത്തരുത്.

10 കേള്‍ക്കുന്നവന്‍ നിന്നെ നിന്ദിപ്പാനും നിനക്കു തീരാത്ത അപമാനം വരുവാനും ഇടവരരുത്.

11 തക്കസമയത്തു പറഞ്ഞ വാക്ക് വെള്ളിത്താലത്തിൽ പൊന്‍നാരങ്ങാപോലെ.

12 കേട്ടനുസരിക്കുന്ന കാതിനു ജ്ഞാനിയായൊരു ശാസകന്‍ പൊന്‍കടുക്കനും തങ്കംകൊണ്ടുള്ള ആഭരണവും ആകുന്നു.

13 വിശ്വസ്തനായ ദൂതന്‍ തന്നെ അയയ്ക്കുന്നവര്‍ക്കു കൊയ്ത്തുകാലത്തു ഹിമത്തിന്‍റെ തണുപ്പുപോലെ; അവന്‍ യജമാനന്മാരുടെ ഉള്ളം തണുപ്പിക്കുന്നു.

14 ദാനങ്ങളെച്ചൊല്ലി വെറുതെ പ്രശംസിക്കുന്നവന്‍ മഴയില്ലാത്ത മേഘവും കാറ്റും പോലെയാകുന്നു.

15 ദീര്‍ഘക്ഷാന്തികൊണ്ടു ന്യായാധിപനു സമ്മതം വരുന്നു; മൃദുവായുള്ള നാവ് അസ്ഥിയെ നുറുക്കുന്നു.

16 നിനക്ക് തേന്‍ കിട്ടിയാൽ വേണ്ടുന്നതേ ഭുജിക്കാവൂ; അധികം നിറഞ്ഞിട്ടു ഛര്‍ദിപ്പാന്‍ ഇടവരരുത്.

17 കൂട്ടുകാരന്‍ നിന്നെക്കൊണ്ടു മടുത്തു നിന്നെ വെറുക്കാതെയിരിക്കേണ്ടതിന് അവന്‍റെ വീട്ടിൽ കൂടെക്കൂടെ ചെല്ലരുത്.

18 കൂട്ടുകാരനു വിരോധമായി കള്ളസ്സാക്ഷ്യം പറയുന്ന മനുഷ്യന്‍ മുട്ടികയും വാളും കൂര്‍ത്ത അമ്പും ആകുന്നു.

19 കഷ്ടകാലത്തു വിശ്വാസപാതകനെ ആശ്രയിക്കുന്നത് മുറിഞ്ഞ പല്ലും ഉളുക്കിയ കാലുംപോലെ ആകുന്നു.

20 വിഷാദമുള്ള ഹൃദയത്തിനു പാട്ടു പാടുന്നവന്‍ ശീതകാലത്തു വസ്ത്രം കളയുന്നതുപോലെയും യവക്ഷാരത്തിന്മേൽ ചൊറുക്ക പകരുന്നതുപോലെയും ആകുന്നു.

21 ശത്രുവിനു വിശക്കുന്നു എങ്കിൽ അവനു തിന്മാന്‍ കൊടുക്ക; ദാഹിക്കുന്നു എങ്കിൽ കുടിപ്പാന്‍ കൊടുക്ക.

22 അങ്ങനെ നീ അവന്‍റെ തലമേൽ തീക്കനൽ കുന്നിക്കും; യഹോവ നിനക്കു പ്രതിഫലം നല്കുകയും ചെയ്യും.

23 വടതിക്കാറ്റ് മഴ കൊണ്ടുവരുന്നു; ഏഷണിവാക്ക് കോപഭാവത്തെ ജനിപ്പിക്കുന്നു.

24 ശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടിൽ പാര്‍ക്കുന്നതിനെക്കാള്‍ മേൽപ്പുരയുടെ ഒരു കോണിൽ പാര്‍ക്കുന്നതു നല്ലത്.

25 ദാഹമുള്ളവനു തണ്ണീര്‍ കിട്ടുന്നതും ദൂരദേശത്തുനിന്നു നല്ല വര്‍ത്തമാനം വരുന്നതും ഒരുപോലെ.

26 ദുഷ്ടന്‍റെ മുമ്പിൽ കുലുങ്ങിപ്പോയ നീതിമാന്‍ കലങ്ങിയ കിണറിനും മലിനമായ ഉറവിനും സമം.

27 തേന്‍ ഏറെ കുടിക്കുന്നതു നന്നല്ല; പ്രയാസമുള്ളത് ആരായുന്നതോ മഹത്ത്വം.

28 ആത്മസംയമം ഇല്ലാത്ത പുരുഷന്‍ മതിൽ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണംപോലെയാകുന്നു.

  • Proverbs 24 — previous chapter
  • Proverbs 26 — next chapter
  • Proverbs 25 — English (KJV)
  • Proverbs 25 — English (WEB)
  • Proverbs 25 — Tamil (தமிழ்)
  • Proverbs 25 — Hindi (हिंदी)
  • Proverbs 25 — Kannada (ಕನ್ನಡ)