സദൃശവാക്യങ്ങൾ 24 (Proverbs 24)

Malayalam Bible — Malayalam (മലയാളം)

1 ദുഷ്ടന്മാരോട് അസൂയപ്പെടരുത്; അവരോടുകൂടെ ഇരിപ്പാന്‍ ആഗ്രഹിക്കയും അരുത്.

2 അവരുടെ ഹൃദയം സാഹസം ചിന്തിക്കുന്നു; അവരുടെ അധരം വേണ്ടാതനം പറയുന്നു.

3 ജ്ഞാനംകൊണ്ടു ഭവനം പണിയുന്നു; വിവേകംകൊണ്ട് അതു സ്ഥിരമായിവരുന്നു.

4 പരിജ്ഞാനംകൊണ്ട് അതിന്‍റെ മുറികളിൽ വിലയേറിയതും മനോഹരവുമായ സകല സമ്പത്തും നിറഞ്ഞു വരുന്നു.

5 ജ്ഞാനിയായ പുരുഷന്‍ ബലവാനാകുന്നു; പരിജ്ഞാനമുള്ളവന്‍ ബലം വര്‍ധിപ്പിക്കുന്നു.

6 ഭരണസാമര്‍ഥ്യത്തോടെ നീ യുദ്ധം നടത്തി ജയിക്കും; മന്ത്രിമാരുടെ ബഹുത്വത്തിൽ രക്ഷയുണ്ട്.

7 ജ്ഞാനം ഭോഷന് അത്യുന്നതമായിരിക്കുന്നു; അവന്‍ പട്ടണവാതിൽക്കൽ വായ് തുറക്കുന്നില്ല.

8 ദോഷം ചെയ്‍വാന്‍ നിരൂപിക്കുന്നവനെ ദുഷ്കര്‍മി എന്നു പറഞ്ഞുവരുന്നു;

9 ഭോഷന്‍റെ നിരൂപണം പാപം തന്നെ; പരിഹാസി മനുഷ്യര്‍ക്കു വെറുപ്പാകുന്നു.

10 കഷ്ടകാലത്തു നീ കുഴഞ്ഞുപോയാൽ നിന്‍റെ ബലം നഷ്ടം തന്നെ.

11 മരണത്തിനു കൊണ്ടുപോകുന്നവരെ വിടുവിക്ക; കൊലയ്ക്കായി വിറച്ചു ചെല്ലുന്നവരെ രക്ഷിപ്പാന്‍ നോക്കുക.

12 ഞങ്ങള്‍ അറിഞ്ഞില്ലല്ലോ എന്നു നീ പറഞ്ഞാൽ ഹൃദയങ്ങളെ തൂക്കിനോക്കുന്നവന്‍ ഗ്രഹിക്കയില്ലയോ? നിന്‍റെ പ്രാണനെ കാക്കുന്നവന്‍ അറികയില്ലയോ? അവന്‍ മനുഷ്യന് പ്രവൃത്തിക്കു തക്കവണ്ണം പകരം കൊടുക്കയില്ലയോ?

13 മകനേ, തേന്‍ തിന്നുക; അതു നല്ലതല്ലോ; തേന്‍കട്ട നിന്‍റെ അണ്ണാക്കിനു മധുരമത്രേ.

14 ജ്ഞാനവും നിന്‍റെ ഹൃദയത്തിന് അങ്ങനെ തന്നെ എന്നറിക; നീ അതു പ്രാപിച്ചാൽ പ്രതിഫലം ഉണ്ടാകും; നിന്‍റെ പ്രത്യാശയ്ക്കു ഭംഗം വരികയുമില്ല.

15 ദുഷ്ടാ, നീ നീതിമാന്‍റെ പാര്‍പ്പിടത്തിനു പതിയിരിക്കരുത്; അവന്‍റെ വിശ്രാമസ്ഥലത്തെ നശിപ്പിക്കയുമരുത്.

16 നീതിമാന്‍ ഏഴുപ്രാവശ്യം വീണാലും എഴുന്നേല്ക്കും; ദുഷ്ടന്മാരോ അനര്‍ഥത്തിൽ നശിച്ചുപോകും.

17 നിന്‍റെ ശത്രു വീഴുമ്പോള്‍ സന്തോഷിക്കരുത്; അവന്‍ ഇടറുമ്പോള്‍ നിന്‍റെ ഹൃദയം ആനന്ദിക്കരുത്.

18 യഹോവ കണ്ടിട്ട് അവന് ഇഷ്ടക്കേടാകുവാനും തന്‍റെ കോപം അവങ്കൽനിന്നു മാറ്റിക്കളവാനും മതി.

19 ദുഷ്പ്രവൃത്തിക്കാര്‍ നിമിത്തം മുഷിയരുത്; ദുഷ്ടന്മാരോട് അസൂയപ്പെടുകയും അരുത്.

20 ദോഷിക്കു പ്രതിഫലമുണ്ടാകയില്ല; ദുഷ്ടന്‍റെ വിളക്കു കെട്ടുപോകും.

21 മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക; മത്സരികളോട് ഇടപെടരുത്.

22 അവരുടെ ആപത്തു പെട്ടെന്നു വരും; രണ്ടു കൂട്ടര്‍ക്കും വരുന്ന നാശം ആരറിയുന്നു?

23 ഇവയും ജ്ഞാനികളുടെ വാക്യങ്ങള്‍. ന്യായവിസ്താരത്തിൽ മുഖദാക്ഷിണ്യം നന്നല്ല.

24 ദുഷ്ടനോടു നീ നീതിമാന്‍ എന്നു പറയുന്നവനെ ജാതികള്‍ ശപിക്കയും വംശങ്ങള്‍ വെറുക്കുകയും ചെയ്യും.

25 അവനെ ശാസിക്കുന്നവര്‍ക്കോ നന്മ ഉണ്ടാകും; നല്ലാരനുഗ്രഹം അവരുടെമേൽ വരും.

26 നേരുള്ള ഉത്തരം പറയുന്നവന്‍ അധരങ്ങളെ ചുംബനം ചെയ്യുന്നു.

27 വെളിയിൽ നിന്‍റെ വേല ചെയ്ക; വയലിൽ എല്ലാം തീര്‍ക്കുക; പിന്നത്തേതിൽ നിന്‍റെ വീടു പണിയുക.

28 കാരണം കൂടാതെ കൂട്ടുകാരനു വിരോധമായി സാക്ഷി നില്ക്കരുത്; നിന്‍റെ അധരംകൊണ്ടു ചതിക്കയും അരുത്.

29 അവന്‍ എന്നോടു ചെയ്തതുപോലെ ഞാന്‍ അവനോടു ചെയ്യുമെന്നും ഞാന്‍ അവന് അവന്‍റെ പ്രവൃത്തിക്കുപകരം കൊടുക്കും എന്നും നീ പറയരുത്.

30 ഞാന്‍ മടിയന്‍റെ കണ്ടത്തിനരികെയും ബുദ്ധിഹീനന്‍റെ മുന്തിരിത്തോട്ടത്തിനു സമീപെയുംകൂടി പോയി.

31 അവിടെ മുള്ളു പടര്‍ന്നു പിടിച്ചിരിക്കുന്നതും തൂവ നിറഞ്ഞു നിലം മൂടിയിരിക്കുന്നതും അതിന്‍റെ കന്മതിൽ ഇടിഞ്ഞു കിടക്കുന്നതും കണ്ടു.

32 ഞാന്‍ അതു നോക്കി വിചാരിക്കയും അതു കണ്ട് ഉപദേശം പ്രാപിക്കയും ചെയ്തു.

33 കുറെക്കൂടെ ഉറക്കം, കുറെക്കൂടെ നിദ്ര, കുറെക്കൂടെ കൈ കെട്ടി കിടക്ക.

34 അങ്ങനെ നിന്‍റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്‍റെ ബുദ്ധിമുട്ട് ആയുധപാണിയെപ്പോലെയും വരും.

  • Proverbs 23 — previous chapter
  • Proverbs 25 — next chapter
  • Proverbs 24 — English (KJV)
  • Proverbs 24 — English (WEB)
  • Proverbs 24 — Tamil (தமிழ்)
  • Proverbs 24 — Hindi (हिंदी)
  • Proverbs 24 — Kannada (ಕನ್ನಡ)