Malayalam Bible — Malayalam (മലയാളം)
1 വികടാധരം ഉള്ള മൂഢനെക്കാള്‍ പരമാര്‍ഥതയിൽ നടക്കുന്ന ദരിദ്രന് ഉത്തമന്.
2 പരിജ്ഞാനമില്ലാത്ത മനസ്സ് നന്നല്ല; തത്രപ്പെട്ടു കാൽ വയ്ക്കുന്നവനോ പിഴച്ചുപോകുന്നു.
3 മനുഷ്യന്റെ ഭോഷത്തം അവന്റെ വഴിയെ മറിച്ചുകളയുന്നു; അവന്റെ ഹൃദയമോ യഹോവയോടു മുഷിഞ്ഞുപോകുന്നു.
4 സമ്പത്ത് സ്നേഹിതന്മാരെ വര്‍ധിപ്പിക്കുന്നു; എളിയവനോ കൂട്ടുകാരനോട് അകന്നിരിക്കുന്നു.
5 കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല; ഭോഷ്കു നിശ്വസിക്കുന്നവന് ഒഴിഞ്ഞുപോകയുമില്ല.
6 പ്രഭുവിന്റെ പ്രീതി സമ്പാദിപ്പാന്‍ പലരും നോക്കുന്നു; ദാനം ചെയ്യുന്നവന് ഏവനും സ്നേഹിതന്.
7 ദരിദ്രന്റെ സഹോദരന്മാരെല്ലാം അവനെ പകയ്ക്കുന്നു; അവന്റെ സ്നേഹിതന്മാര് എത്ര അധികം അകന്നുനില്ക്കും? അവന് വാക്ക് തിരയുമ്പോഴേക്ക് അവരെ കാണ്മാനില്ല.
8 ബുദ്ധി സമ്പാദിക്കുന്നവന് തന്റെ പ്രാണനെ സ്നേഹിക്കുന്നു; ബോധം കാത്തുകൊള്ളുന്നവന്‍ നന്മ പ്രാപിക്കും.
9 കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല; ഭോഷ്കു നിശ്വസിക്കുന്നവന് നശിച്ചുപോകും.
10 സുഖജീവനം ഭോഷനു യോഗ്യമല്ല; പ്രഭുക്കന്മാരുടെമേൽ കര്‍ത്തൃത്വം നടത്തുന്നതോ ദാസന് എങ്ങനെ?
11 വിവേകബുദ്ധിയാൽ മനുഷ്യനു ദീര്‍ഘക്ഷമ വരുന്നു; ലംഘനം ക്ഷമിക്കുന്നത് അവനു ഭൂഷണം.
12 രാജാവിന്റെ ക്രോധം സിംഹഗര്‍ജനത്തിനു തുല്യം; അവന്റെ പ്രസാദമോ പുല്ലിന്മേലുള്ള മഞ്ഞുപോലെ.
13 മൂഢനായ മകന് അപ്പനു നിര്‍ഭാഗ്യം; ഭാര്യയുടെ കലമ്പൽ തീരാത്ത ചോര്‍ച്ചപോലെ.
14 ഭവനവും സമ്പത്തും പിതാക്കന്മാര് വച്ചേക്കുന്ന അവകാശം; ബുദ്ധിയുള്ള ഭാര്യയോ യഹോവയുടെ ദാനം.
15 മടി ഗാഢനിദ്രയിൽ വീഴിക്കുന്നു; അലസചിത്തന്‍ പട്ടിണികിടക്കും.
16 കല്പന പ്രമാണിക്കുന്നവന് പ്രാണനെ കാക്കുന്നു; നടപ്പു സൂക്ഷിക്കാത്തവനോ മരണശിക്ഷ അനുഭവിക്കും.
17 എളിയവനോടു കൃപ കാട്ടുന്നവന് യഹോവയ്ക്കു വായ്പ കൊടുക്കുന്നു; അവന് ചെയ്ത നന്മയ്ക്ക് അവന് പകരം കൊടുക്കും.
18 പ്രത്യാശയുള്ളേടത്തോളം നിന്റെ മകനെ ശിക്ഷിക്ക; എങ്കിലും അവനെ കൊല്ലുവാന്‍ തക്കവണ്ണം ഭാവിക്കരുത്.
19 മുന്കോപി പിഴ കൊടുക്കേണ്ടിവരും; നീ അവനെ വിടുവിച്ചാൽ അതു പിന്നെയും ചെയ്യേണ്ടിവരും.
20 പിന്നത്തേതിൽ നീ ജ്ഞാനിയാകേണ്ടതിന് ആലോചന കേട്ടു പ്രബോധനം കൈക്കൊള്‍ക.
21 മനുഷ്യന്റെ ഹൃദയത്തിൽ പല വിചാരങ്ങളും ഉണ്ട്; യഹോവയുടെ ആലോചനയോ നിവൃത്തിയാകും.
22 മനുഷ്യന് തന്റെ മനസ്സുപോലെ ദയ കാണിക്കും; ഭോഷ്കു പറയുന്നവനെക്കാള്‍ ദരിദ്രന് ഉത്തമന്.
23 യഹോവാഭക്തി ജീവഹേതുകമാകുന്നു; അതുള്ളവന് തൃപ്തനായി വസിക്കും; അനര്‍ഥം അവനു നേരിടുകയില്ല.
24 മടിയന്‍ തന്റെ കൈ തളികയിൽ പൂത്തുന്നു; വായിലേക്കു തിരികെ കൊണ്ടുവരികയില്ല.
25 പരിഹാസിയെ അടിച്ചാൽ അല്പബുദ്ധി വിവേകം പഠിക്കും; ബുദ്ധിമാനെ ശാസിച്ചാൽ അവന് പരിജ്ഞാനം പ്രാപിക്കും.
26 അപ്പനെ ഹേമിക്കയും അമ്മയെ ഓടിച്ചുകളകയും ചെയ്യുന്നവന് ലജ്ജയും അപമാനവും വരുത്തുന്ന മകനാകുന്നു.
27 മകനേ, പരിജ്ഞാനത്തിന്റെ വചനങ്ങളെ വിട്ടുമാറേണ്ടതിനുള്ള ഉപദേശം കേള്‍ക്കുന്നതു മതിയാക്കുക.
28 നിസ്സാരസാക്ഷി ന്യായത്തെ പരിഹസിക്കുന്നു; ദുഷ്ടന്മാരുടെ വായ് അകൃത്യത്തെ വിഴുങ്ങുന്നു.
29 പരിഹാസികള്‍ക്കായി ശിക്ഷാവിധിയും മൂഢന്മാരുടെ മുതുകിനു തല്ലും ഒരുങ്ങിയിരിക്കുന്നു.