സദൃശവാക്യങ്ങൾ 18 (Proverbs 18)

Malayalam Bible — Malayalam (മലയാളം)

1 കൂട്ടംവിട്ടു നടക്കുന്നവന്‍ സ്വേച്ഛയെ അന്വേഷിക്കുന്നു; സകല ജ്ഞാനത്തോടും അവന്‍ കയര്‍ക്കുന്നു.

2 തന്‍റെ മനസ്സ് വെളിപ്പെടുത്തുന്നതിൽ അല്ലാതെ മൂഢനു ബോധത്തിൽ ഇഷ്ടമില്ല.

3 ദുഷ്ടനോടുകൂടെ അപമാനവും ദുഷ്കീര്‍ത്തിയോടുകൂടെ നിന്ദയും വരുന്നു.

4 മനുഷ്യന്‍റെ വായിലെ വാക്ക് ആഴമുള്ള വെള്ളവും ജ്ഞാനത്തിന്‍റെ ഉറവ് ഒഴുക്കുള്ള തോടും ആകുന്നു.

5 നീതിമാനെ ന്യായവിസ്താരത്തിൽ തോല്പിക്കേണ്ടതിനു ദുഷ്ടന്‍റെ പക്ഷം പിടിക്കുന്നതു നന്നല്ല.

6 മൂഢന്‍റെ അധരങ്ങള്‍ വഴക്കിന് ഇടയാക്കുന്നു; അവന്‍റെ വായ് തല്ല് വിളിച്ചുവരുത്തുന്നു.

7 മൂഢന്‍റെ വായ് അവനു നാശം; അവന്‍റെ അധരങ്ങള്‍ അവന്‍റെ പ്രാണനു കെണി.

8 ഏഷണിക്കാരന്‍റെ വാക്ക് സ്വാദുഭോജനം പോലെയിരിക്കുന്നു; അത് വയറ്റിന്‍റെ അറകളിലേക്കു ചെല്ലുന്നു.

9 വേലയിൽ മടിയനായവന്‍ മുടിയന്‍റെ സഹോദരന്‍.

10 യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാന്‍ അതിലേക്ക് ഓടിച്ചെന്ന് അഭയം പ്രാപിക്കുന്നു.

11 ധനവാന് തന്‍റെ സമ്പത്ത് ഉറപ്പുള്ള പട്ടണം; അത് അവന് ഉയര്‍ന്ന മതിൽ ആയിത്തോന്നുന്നു.

12 നാശത്തിനു മുമ്പേ മനുഷ്യന്‍റെ ഹൃദയം നിഗളിക്കുന്നു; മാനത്തിനു മുമ്പേ താഴ്മ.

13 കേള്‍ക്കുംമുമ്പേ ഉത്തരം പറയുന്നവന് അത് ഭോഷത്തവും ലജ്ജയും ആയിത്തീരുന്നു.

14 പുരുഷന്‍റെ ധീരത അവന്‍റെ ദീനത്തെ സഹിക്കും; തകര്‍ന്ന മനസ്സിനെയോ ആര്‍ക്കു സഹിക്കാം?

15 ബുദ്ധിമാന്‍റെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുന്നു; ജ്ഞാനികളുടെ ചെവി പരിജ്ഞാനം അന്വേഷിക്കുന്നു.

16 മനുഷ്യന്‍ വയ്ക്കുന്ന കാഴ്ചയാൽ അവനു പ്രവേശനം കിട്ടും; അവന്‍ മഹാന്മാരുടെ സന്നിധിയിൽ ചെല്ലുവാന്‍ ഇടയാകും.

17 തന്‍റെ അന്യായം ആദ്യം ബോധിപ്പിക്കുന്നവന്‍ നീതിമാന്‍ എന്നു തോന്നും; എന്നാൽ അവന്‍റെ പ്രതിയോഗി വന്ന് അവനെ പരിശോധിക്കും.

18 ചീട്ട് തര്‍ക്കങ്ങളെ തീര്‍ക്കയും ബലവാന്മാരെ തമ്മിൽ വേര്‍പെടുത്തുകയും ചെയ്യുന്നു.

19 ദ്രോഹിക്കപ്പെട്ട സഹോദരന്‍ ഉറപ്പുള്ള പട്ടണത്തെക്കാള്‍ ദുര്‍ജയനാകുന്നു; അങ്ങനെയുള്ള പിണക്കം അരമനയുടെ ഓടാമ്പൽപോലെ തന്നെ.

20 വായുടെ ഫലത്താൽ മനുഷ്യന്‍റെ ഉദരം നിറയും; അധരങ്ങളുടെ വിളവുകൊണ്ട് അവനു തൃപ്തിവരും;

21 മരണവും ജീവനും നാവിന്‍റെ അധികാരത്തിൽ ഇരിക്കുന്നു; അതിൽ ഇഷ്ടപ്പെടുന്നവര്‍ അതിന്‍റെ ഫലം അനുഭവിക്കും.

22 ഭാര്യയെ കിട്ടുന്നവനു നന്മ കിട്ടുന്നു; യഹോവയോടു പ്രസാദം ലഭിച്ചുമിരിക്കുന്നു.

23 ദരിദ്രന്‍ യാചനാരീതിയിൽ സംസാരിക്കുന്നു; ധനവാനോ കഠിനമായി ഉത്തരം പറയുന്നു.

24 വളരെ സ്നേഹിതന്മാരുള്ള മനുഷ്യനു നാശം വരും; എന്നാൽ സഹോദരനെക്കാളും പറ്റുള്ള സ്നേഹിതന്മാരും ഉണ്ട്.

  • Proverbs 17 — previous chapter
  • Proverbs 19 — next chapter
  • Proverbs 18 — English (KJV)
  • Proverbs 18 — English (WEB)
  • Proverbs 18 — Tamil (தமிழ்)
  • Proverbs 18 — Hindi (हिंदी)
  • Proverbs 18 — Kannada (ಕನ್ನಡ)