Malayalam Bible — Malayalam (മലയാളം)
1 ഹൃദയത്തിലെ നിരൂപണങ്ങള്‍ മനുഷ്യനുള്ളവ; നാവിന്റെ ഉത്തരമോ യഹോവയാൽ വരുന്നു.
2 മനുഷ്യനു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു.
3 നിന്റെ പ്രവൃത്തികളെ യഹോവയ്ക്കു സമര്‍പ്പിക്ക; എന്നാൽ നിന്റെ ഉദ്ദേശ്യങ്ങള്‍ സാധിക്കും.
4 യഹോവ സകലത്തെയും തന്റെ ഉദ്ദേശ്യത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു; അനര്‍ഥദിവസത്തിനായി ദുഷ്ടനെയും കൂടെ.
5 ഗര്‍വമുള്ള ഏവനും യഹോവയ്ക്കു വെറുപ്പ്; അവനു ശിക്ഷ വരാതിരിക്കയില്ല എന്നതിനു ഞാന്‍ കൈയടിക്കുന്നു.
6 ദയയും വിശ്വസ്തതയുംകൊണ്ട് അകൃത്യം പരിഹരിക്കപ്പെടുന്നു; യഹോവാഭക്തികൊണ്ട് മനുഷ്യര്‍ ദോഷത്തെ വിട്ടകലുന്നു.
7 ഒരുത്തന്റെ വഴികള്‍ യഹോവയ്ക്ക് ഇഷ്ടമായിരിക്കുമ്പോള് അവന് അവന്റെ ശത്രുക്കളെയും അവനോട് ഇണക്കുന്നു.
8 ന്യായരഹിതമായ വലിയ വരവിനെക്കാള്‍ നീതിയോടെയുള്ള അല്പം നല്ലത്.
9 മനുഷ്യന്റെ ഹൃദയം തന്റെ വഴിയെ നിരൂപിക്കുന്നു; അവന്റെ കാലടികളെയോ യഹോവ ക്രമപ്പെടുത്തുന്നു.
10 രാജാവിന്റെ അധരങ്ങളിൽ അരുളപ്പാടുണ്ട്; ന്യായവിധിയിൽ അവന്റെ വായ് പിഴയ്ക്കുന്നതുമില്ല.
11 ഒത്ത വെള്ളിക്കോലും ത്രാസും യഹോവയ്ക്കുള്ളവ; സഞ്ചിയിലെ പടിയൊക്കെയും അവന്റെ പ്രവൃത്തിയാകുന്നു.
12 ദുഷ്ടത പ്രവര്‍ത്തിക്കുന്നതു രാജാക്കന്മാര്ക്കു വെറുപ്പ്; നീതികൊണ്ടല്ലോ സിംഹാസനം സ്ഥിരപ്പെടുന്നത്.
13 നീതിയുള്ള അധരങ്ങള്‍ രാജാക്കന്മാര്ക്കു പ്രസാദം; നേര് പറയുന്നവനെ അവര്‍ സ്നേഹിക്കുന്നു.
14 രാജാവിന്റെ ക്രോധം മരണദൂതനു തുല്യം; ജ്ഞാനമുള്ള മനുഷ്യനോ അതിനെ ശമിപ്പിക്കും.
15 രാജാവിന്റെ മുഖപ്രകാശത്തിൽ ജീവന് ഉണ്ട്; അവന്റെ പ്രസാദം പിന്മഴയ്ക്കുള്ള മേഘംപോലെയാകുന്നു.
16 തങ്കത്തെക്കാള് ജ്ഞാനത്തെ സമ്പാദിക്കുന്നത് എത്ര നല്ലത്! വെള്ളിയെക്കാള് വിവേകം സമ്പാദിക്കുന്നത് എത്ര ഉത്തമം!
17 ദോഷം അകറ്റിനടക്കുന്നതു നേരുള്ളവരുടെ പെരുവഴി; തന്റെ വഴി സൂക്ഷിക്കുന്നവന് തന്റെ പ്രാണനെ കാത്തുകൊള്ളുന്നു.
18 നാശത്തിനു മുമ്പേ ഗര്‍വം; വീഴ്ചയ്ക്കു മുമ്പേ ഉന്നതഭാവം.
19 ഗര്‍വികളോടുകൂടെ കവര്‍ച്ച പങ്കിടുന്നതിനെക്കാള് താഴ്മയുള്ളവരോടുകൂടെ താഴ്മയുള്ളവനായിരിക്കുന്നതു നല്ലത്.
20 തിരുവചനം പ്രമാണിക്കുന്നവന് നന്മ കണ്ടെത്തും; യഹോവയിൽ ആശ്രയിക്കുന്നവന് ഭാഗ്യവാന്.
21 ജ്ഞാനഹൃദയന് വിവേകി എന്നു വിളിക്കപ്പെടും; അധരമാധുര്യം വിദ്യയെ വര്‍ധിപ്പിക്കുന്നു.
22 വിവേകം വിവേകിക്കു ജീവന്റെ ഉറവാകുന്നു; ഭോഷന്മാരുടെ പ്രബോധനമോ ഭോഷത്തം തന്നെ.
23 ജ്ഞാനിയുടെ ഹൃദയം അവന്റെ വായ് പഠിപ്പിക്കുന്നു; അവന്റെ അധരങ്ങള്‍ക്കു വിദ്യ വര്‍ധിപ്പിക്കുന്നു.
24 ഇമ്പമുള്ള വാക്ക് തേന്‍കട്ടയാകുന്നു; മനസ്സിനു മധുരവും അസ്ഥികള്‍ക്കു ഔഷധവും തന്നെ;
25 ചിലപ്പോള്‍ ഒരു വഴി മനുഷ്യനു ചൊവ്വായി തോന്നുന്നു. അതിന്റെ അവസാനമോ മരണവഴികള് അത്രേ.
26 പണിക്കാരന്റെ വിശപ്പ് അവനെക്കൊണ്ടു പണി ചെയ്യിക്കുന്നു; അവന്റെ വായ് അവനെ അതിനായി നിര്‍ബന്ധിക്കുന്നു.
27 നിസ്സാരമനുഷ്യന് പാതകം എന്ന കുഴി കുഴിക്കുന്നു; അവന്റെ അധരങ്ങളിൽ കത്തുന്ന തീ ഉണ്ട്.
28 വക്രതയുള്ള മനുഷ്യന് വഴക്ക് ഉണ്ടാക്കുന്നു; ഏഷണിക്കാരന് മിത്രങ്ങളെ ഭേദിപ്പിക്കുന്നു.
29 സാഹസക്കാരന്‍ കൂട്ടുകാരനെ വശീകരിക്കയും കൊള്ളരുതാത്ത വഴിയിൽ നടത്തുകയും ചെയ്യുന്നു.
30 കണ്ണ് അടയ്ക്കുന്നവന് വക്രത നിരൂപിക്കുന്നു; വപ്പു കടിക്കുന്നവന് ദോഷം നിവര്‍ത്തിക്കുന്നു.
31 നരച്ച തല ശോഭയുള്ള കിരീടമാകുന്നു; നീതിയുടെ മാര്‍ഗത്തിൽ അതിനെ പ്രാപിക്കാം.
32 ദീര്‍ഘക്ഷമയുള്ളവന്‍ യുദ്ധവീരനിലും ജിതമാനസന് പട്ടണം പിടിക്കുന്നവനിലും ശ്രേഷ്ഠന്.
33 ചീട്ടു മടിയിൽ ഇടുന്നു; അതിന്റെ വിധാനമോ യഹോവയാലത്രെ.