സദൃശവാക്യങ്ങൾ 15 (Proverbs 15)

Malayalam Bible — Malayalam (മലയാളം)

1 മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.

2 ജ്ഞാനിയുടെ നാവ് നല്ല പരിജ്ഞാനം പ്രസ്താവിക്കുന്നു; മൂഢന്മാരുടെ വായോ ഭോഷത്തം പൊഴിക്കുന്നു.

3 യഹോവയുടെ കണ്ണ് എല്ലാടവും ഉണ്ട്; ആകാത്തവരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു.

4 നാവിന്‍റെ ശാന്തത ജീവവൃക്ഷം; അതിന്‍റെ വക്രതയോ മനോവ്യസനം.

5 ഭോഷന്‍ അപ്പന്‍റെ പ്രബോധനം നിരസിക്കുന്നു; ശാസനയെ കൂട്ടാക്കുന്നവനോ വിവേകിയായ്ത്തീരും.

6 നീതിമാന്‍റെ വീട്ടിൽ വളരെ നിക്ഷേപം ഉണ്ട്; ദുഷ്ടന്‍റെ ആദായത്തിലോ അനര്‍ഥം.

7 ജ്ഞാനികളുടെ അധരങ്ങള്‍ പരിജ്ഞാനം വിതറുന്നു; മൂഢന്മാരുടെ ഹൃദയമോ നേരുള്ളതല്ല.

8 ദുഷ്ടന്മാരുടെ യാഗം യഹോവയ്ക്കു വെറുപ്പ്; നേരുള്ളവരുടെ പ്രാര്‍ഥനയോ അവനു പ്രസാദം.

9 ദുഷ്ടന്മാരുടെ വഴി യഹോവയ്ക്കു വെറുപ്പ്; എന്നാൽ നീതിയെ പിന്തുടരുന്നവനെ അവന്‍ സ്നേഹിക്കുന്നു.

10 സന്മാര്‍ഗം ത്യജിക്കുന്നവനു കഠിനശിക്ഷ വരും; ശാസന വെറുക്കുന്നവന്‍ മരിക്കും.

11 പാതാളവും നരകവും യഹോവയുടെ ദൃഷ്‍ടിയിൽ ഇരിക്കുന്നു; മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങള്‍ എത്ര അധികം!

12 പരിഹാസി ശാസന ഇഷ്ടപ്പെടുന്നില്ല; ജ്ഞാനികളുടെ അടുക്കൽ ചെല്ലുന്നതുമില്ല;

13 സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു; ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം ക്ഷയിക്കുന്നു.

14 വിവേകമുള്ളവന്‍റെ ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു; മൂഢന്മാരുടെ വായോ ഭോഷത്തം ആചരിക്കുന്നു.

15 അരിഷ്ടന്‍റെ ജീവനാളൊക്കെയും കഷ്ടകാലം; സന്തുഷ്ടഹൃദയനോ നിത്യം ഉത്സവം.

16 ബഹു നിക്ഷേപവും അതിനോടുകൂടെ കഷ്ടതയും ഉള്ളതിനെക്കാള്‍ യഹോവാഭക്തിയോടുകൂടെ അല്പ ധനം ഉള്ളതു നന്നു.

17 ദ്വേഷമുള്ളേടത്തെ തടിച്ച കാളയെക്കാള്‍ സേഹമുള്ളേടത്തെ ശാകഭോജനം നല്ലത്.

18 ക്രോധമുള്ളവന്‍ കലഹം ഉണ്ടാക്കുന്നു; ദീര്‍ഘക്ഷമയുള്ളവനോ കലഹം ശമിപ്പിക്കുന്നു.

19 മടിയന്‍റെ വഴി മുള്ളുവേലിപോലെയാകുന്നു; നീതിമാന്മാരുടെ പാതയോ പെരുവഴി തന്നെ.

20 ജ്ഞാനമുള്ള മകന്‍ അപ്പനെ സന്തോഷിപ്പിക്കുന്നു; മൂഢനോ അമ്മയെ നിന്ദിക്കുന്നു.

21 ഭോഷത്വം ബുദ്ധിഹീനനു സന്തോഷം; വിവേകിയോ ചൊവ്വായി നടക്കുന്നു.

22 ആലോചന ഇല്ലാഞ്ഞാൽ ഉദ്ദേശ്യങ്ങള്‍ സാധിക്കാതെപോകുന്നു; ആലോചനക്കാരുടെ ബഹുത്വത്താലോ അവ സാധിക്കുന്നു.

23 താന്‍ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യനു സന്തോഷം വരും; തക്കസമയത്തു പറയുന്ന വാക്ക് എത്ര മനോഹരം!

24 ബുദ്ധിമാന്‍റെ ജീവയാത്ര മേലോട്ടാകുന്നു; കീഴെയുള്ള പാതാളത്തെ അവന്‍ ഒഴിഞ്ഞുപോകും.

25 അഹങ്കാരിയുടെ വീട് യഹോവ പൊളിച്ചുകളയും; വിധവയുടെ അതിരോ അവന്‍ ഉറപ്പിക്കും.

26 ദുരുപായങ്ങള്‍ യഹോവയ്ക്കു വെറുപ്പ്; ദയാവാക്കോ നിര്‍മ്മലം.

27 ദുരാഗ്രഹി തന്‍റെ ഭവനത്തെ വലയ്ക്കുന്നു; കോഴ വെറുക്കുന്നവനോ ജീവിച്ചിരിക്കും.

28 നീതിമാന്‍ മനസ്സിൽ ആലോചിച്ച് ഉത്തരം പറയുന്നു; ദുഷ്ടന്മാരുടെ വായോ ദോഷങ്ങളെ പൊഴിക്കുന്നു.

29 യഹോവ ദുഷ്ടന്മാരോട് അകന്നിരിക്കുന്നു; നീതിമാന്മാരുടെ പ്രാര്‍ഥനയോ അവന്‍ കേള്‍ക്കുന്നു.

30 കണ്ണിന്‍റെ ശോഭ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; നല്ല വര്‍ത്തമാനം അസ്ഥികളെ തണുപ്പിക്കുന്നു.

31 ജീവാര്‍ഥമായ ശാസന കേള്‍ക്കുന്ന ചെവിയുള്ളവന്‍ ജ്ഞാനികളുടെ മധ്യേ വസിക്കും.

32 പ്രബോധനം ത്യജിക്കുന്നവന്‍ തന്‍റെ പ്രാണനെ നിരസിക്കുന്നു; ശാസന കേട്ടനുസരിക്കുന്നവനോ വിവേകം സമ്പാദിക്കുന്നു.

33 യഹോവാഭക്തി ജ്ഞാനോപദേശമാകുന്നു; മാനത്തിനു വിനയം മുന്നോടിയാകുന്നു.

  • Proverbs 14 — previous chapter
  • Proverbs 16 — next chapter
  • Proverbs 15 — English (KJV)
  • Proverbs 15 — English (WEB)
  • Proverbs 15 — Tamil (தமிழ்)
  • Proverbs 15 — Hindi (हिंदी)
  • Proverbs 15 — Kannada (ಕನ್ನಡ)