സദൃശവാക്യങ്ങൾ 11 (Proverbs 11)

Malayalam Bible — Malayalam (മലയാളം)

1 കള്ളത്തുലാസ്സ് യഹോവയ്ക്കു വെറുപ്പ്; ഒത്ത പടിയോ അവനു പ്രസാദം.

2 അഹങ്കാരം വരുമ്പോള്‍ ലജ്ജയും വരുന്നു; താഴ്മയുള്ളവരുടെ പക്കലോ ജ്ഞാനമുണ്ട്.

3 നേരുള്ളവരുടെ നിഷ്കളങ്കത്വം അവരെ വഴി നടത്തും; ദ്രോഹികളുടെ വികടമോ അവരെ നശിപ്പിക്കും.

4 ക്രോധദിവസത്തിൽ സമ്പത്ത് ഉപകരിക്കുന്നില്ല; നീതിയോ മരണത്തിൽനിന്നു വിടുവിക്കുന്നു.

5 നിഷ്കളങ്കന്‍റെ നീതി അവന്‍റെ വഴിയെ ചൊവ്വാക്കും; ദുഷ്ടനോ തന്‍റെ ദുഷ്ടതകൊണ്ടു വീണുപോകും.

6 നേരുള്ളവരുടെ നീതി അവരെ വിടുവിക്കും; ദ്രോഹികളോ തങ്ങളുടെ ദ്രോഹത്താൽ പിടിപെടും.

7 ദുഷ്ടന്‍ മരിക്കുമ്പോള്‍ അവന്‍റെ പ്രതീക്ഷ നശിക്കുന്നു; നീതികെട്ടവരുടെ ആശയ്ക്കു ഭംഗം വരുന്നു.

8 നീതിമാന്‍ കഷ്ടത്തിൽനിന്നു രക്ഷപെടുന്നു; ദുഷ്ടന്‍ അവനു പകരം അകപ്പെടുന്നു.

9 വഷളന്‍ വായ്കൊണ്ടു കൂട്ടുകാരനെ നശിപ്പിക്കുന്നു; നീതിമാന്മാരോ പരിജ്ഞാനത്താൽ വിടുവിക്കപ്പെടുന്നു.

10 നീതിമാന്മാര്‍ ശുഭമായിരിക്കുമ്പോള്‍ പട്ടണം സന്തോഷിക്കുന്നു; ദുഷ്ടന്മാര്‍ നശിക്കുമ്പോള്‍ ആര്‍പ്പുവിളി ഉണ്ടാകുന്നു.

11 നേരുള്ളവരുടെ അനുഗ്രഹംകൊണ്ടു പട്ടണം അഭ്യുദയം പ്രാപിക്കുന്നു; ദുഷ്ടന്മാരുടെ വായ്കൊണ്ടോ അത് ഇടിഞ്ഞുപോകുന്നു.

12 കൂട്ടുകാരനെ നിന്ദിക്കുന്നവന്‍ ബുദ്ധിഹീനന്‍; വിവേകമുള്ളവനോ മിണ്ടാതിരിക്കുന്നു.

13 ഏഷണിക്കാരനായി നടക്കുന്നവന്‍ രഹസ്യം വെളിപ്പെടുത്തുന്നു; വിശ്വസ്തമാനസനോ കാര്യം മറച്ചു വയ്ക്കുന്നു.

14 പരിപാലനം ഇല്ലാത്തേടത്തു ജനം അധോഗതി പ്രാപിക്കുന്നു; മന്ത്രിമാരുടെ ബഹുത്വത്തിലോ രക്ഷയുണ്ട്.

15 അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവന്‍ അത്യന്തം വ്യസനിക്കും! ജാമ്യം നില്പാന്‍ പോകാത്തവനോ നിര്‍ഭയനായിരിക്കും.

16 ലാവണ്യമുള്ള സ്ത്രീ മാനം രക്ഷിക്കുന്നു; വിക്രമന്മാര്‍ സമ്പത്തു സൂക്ഷിക്കുന്നു.

17 ദയാലുവായവന്‍ സ്വന്തപ്രാണന് നന്മ ചെയ്യുന്നു; ക്രൂരനോ സ്വന്തജഡത്തെ ഉപദ്രവിക്കുന്നു.

18 ദുഷ്ടന്‍ വൃഥാലാഭം ഉണ്ടാക്കുന്നു; നീതി വിതയ്ക്കുന്നവനോ വാസ്തവമായ പ്രതിഫലം കിട്ടും.

19 നീതിയിൽ സ്ഥിരപ്പെട്ടിരിക്കുന്നവന്‍ ജീവനെ പ്രാപിക്കുന്നു; ദോഷത്തെ പിന്തുടരുന്നവനോ തന്‍റെ മരണത്തിനായി പ്രവര്‍ത്തിക്കുന്നു.

20 വക്രബുദ്ധികള്‍ യഹോവയ്ക്കു വെറുപ്പ്; നിഷ്കളങ്കമാര്‍ഗികളോ അവനു പ്രസാദം.

21 ദുഷ്ടനു ശിക്ഷ വരാതിരിക്കയില്ല എന്നതിനു ഞാന്‍ കൈയടിക്കാം; നീതിമാന്മാരുടെ സന്തതിയോ രക്ഷിക്കപ്പെടും.

22 വിവേകമില്ലാത്ത ഒരു സുന്ദരി പന്നിയുടെ മൂക്കിൽ പൊന്‍മൂക്കുത്തിപോലെ.

23 നീതിമാന്മാരുടെ ആഗ്രഹം നന്മ തന്നെ; ദുഷ്ടന്മാരുടെ പ്രതീക്ഷയോ ക്രോധമത്രേ.

24 ഒരുത്തന്‍ വാരിവിതറിയിട്ടും വര്‍ധിച്ചുവരുന്നു; മറ്റൊരുത്തന്‍ ന്യായവിരുദ്ധമായി ലോഭിച്ചിട്ടും ഞെരുക്കമേയുള്ളൂ.

25 ഔദാര്യമാനസന്‍ പുഷ്‍ടി പ്രാപിക്കും; തണുപ്പിക്കുന്നവന് തണുപ്പു കിട്ടും.

26 ധാന്യം പൂട്ടിയിട്ടുകൊണ്ടിരിക്കുന്നവനെ ജനങ്ങള്‍ ശപിക്കും; അതു വില്ക്കുന്നവന്‍റെ തലമേലോ അനുഗ്രഹം വരും;

27 നന്മയ്ക്കായി ഉത്സാഹിക്കുന്നവന്‍ രഞ്ജന സമ്പാദിക്കുന്നു; തിന്മയെ തിരയുന്നവനോ അതുതന്നെ കിട്ടും.

28 തന്‍റെ സമ്പത്തിൽ ആശ്രയിക്കുന്നവന്‍ വീഴും; നീതിമാന്മാരോ പച്ചയിലപോലെ തഴയ്ക്കും.

29 സ്വഭവനത്തെ വലയ്ക്കുന്നവന്‍റെ അനുഭവം വായുവത്രേ; ഭോഷന്‍ ജ്ഞാനഹൃദയനു ദാസനായിത്തീരും.

30 നീതിമാന് ജീവവൃക്ഷം പ്രതിഫലം; ജ്ഞാനിയായവന്‍ ഹൃദയങ്ങളെ നേടുന്നു.

31 നീതിമാന് ഭൂമിയിൽ പ്രതിഫലം കിട്ടുന്നു എങ്കിൽ ദുഷ്ടനും പാപിക്കും എത്ര അധികം?

  • Proverbs 10 — previous chapter
  • Proverbs 12 — next chapter
  • Proverbs 11 — English (KJV)
  • Proverbs 11 — English (WEB)
  • Proverbs 11 — Tamil (தமிழ்)
  • Proverbs 11 — Hindi (हिंदी)
  • Proverbs 11 — Kannada (ಕನ್ನಡ)